മേരിക്കയുടെ ചരിത്രം തിരുത്തികുറിച്ച് ആദ്യ വനിതാ വൈസ്പ്രസിഡന്റ് ആകുകയാണ് കമലാ ഹാരിസ്. പുതുതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് കമലാ ഹാരിസ് മാതൃകയാവുകയാണ് ഇപ്പോള്‍. അമേരിക്കയുടെ ആദ്യ വനിതാ വൈസ്പ്രസിഡന്റ് എന്ന പദവി മാത്രമല്ല, ആദ്യത്തെ കറുത്ത വനിതയെന്നും, ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വംശജയെന്നുമുള്ള നേട്ടങ്ങള്‍ കൂടിയുണ്ട് കമലയുടെ പേരില്‍. നിറം കുറവാണെന്നതിന്റെ പേരില്‍ അപകര്‍ഷതയനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക്  കമലാഹാരിസ് പ്രചോദനമാവുമാവുകയാണ്. 

അമ്പത്താറുകാരിയായ ഈ ഇന്ത്യന്‍ വനിതയെ പ്രകീര്‍ത്തിച്ചുകൊണ്ട് ചിക്കാഗോ സ്വദേശിനിയായ ലെസ്‌ലെ ഹോണര്‍ എഴുതിയ കവിതയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. ' തവിട്ടുനിറമുള്ള പെണ്‍കുട്ടി, തവിട്ടു നിറമുള്ള പെണ്‍കുട്ടി... നീ എന്താണ് കാണുന്നത്? ഞാനൊരു വൈസ്പ്രസിഡന്റിനെ കാണുന്നു, അവര്‍ എന്നെപ്പോലെ തന്നെയുണ്ട്...തവിട്ടുനിറമുള്ള പെണ്‍കുട്ടീ... നീ എന്ത് ചെയ്യാന്‍ പോകുന്നു? ഞാന്‍ വിശ്വസിക്കുന്നതിന് വേണ്ടി ഞാന്‍ പോരാടും, സത്യത്തിന് വേണ്ടി ഞാന്‍ സംസാരിക്കും...(Brown girl brown girl, What do you see; I see a Vice President, That looks like me; Brown girl brown girl, What do you do; I fought I hoped, I spoke what was true,')... കവിത തുടരുന്നത് ഇങ്ങനെ.

നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് ദേശീയഗീതമാകുകയാണ് ഈ കവിതയിപ്പോള്‍. കുട്ടിക്കവിതകള്‍ എഴുതുന്ന എറിക് കാള്‍ എന്ന കവിയുടെ 'ബ്രൗണ്‍ ബെയര്‍ ബ്രൗണ്‍ ബെയര്‍... നീ എന്താണ് കാണുന്നത്..' എന്ന കവിതയെ അടിസ്ഥാനമാക്കിയാണ് കമലാ ഹാരിസിനെ പറ്റിയുള്ള കവിത ലെസ്‌ലെ എഴുതിയത്. 

'ലോകം എന്നെ കാണുന്നതിന് മുമ്പ് എന്റെ നിറമാണ് കാണുന്നത്. അതിന് പകരം ഈ ബ്ലാക്ക് ഗേള്‍ മാജിക് തങ്ങളെയെല്ലാം സ്വതന്ത്രമാക്കട്ടെ'  എന്ന് കവിതയിലൂടെ ലെസ്‌ലെ ആഗ്രഹിക്കുന്നു. കമല തന്റെ ബന്ധുവായ മീന ഹാരിസിന്റെ മകള്‍ അമാരയോട് സംസാരിക്കുന്ന ചിത്രത്തിനൊപ്പമാണ് ലെസ്‌ലെ കവിത പങ്കുവച്ചിരിക്കുന്നത്.

Content Highlights: Students Recite Poem Dedicated to Kamala Harris for Inspiring Young Girls