സ്വപ്നം കാണാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ സ്വപ്നങ്ങള്‍ക്ക് പിറകെ ചിറകുകള്‍ വിരിച്ചു പറക്കാന്‍ തുടങ്ങുമ്പോള്‍ അവിടെ ആണ്‍-പെണ്‍ വിവേചനം തുടങ്ങുകയായി. ചെറുപ്പത്തില്‍ അവളെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവര്‍ തന്നെ മുതിരുമ്പോള്‍ സ്വപ്‌നങ്ങളെ ഉപേക്ഷിക്കാന്‍ ഉപദേശിക്കുന്നു. സ്വപ്‌നങ്ങള്‍ക്കല്ല കുടുംബത്തിനും ബന്ധങ്ങള്‍ക്കുമാണ് പ്രാധാന്യമെന്ന് ഓര്‍മിപ്പിക്കുന്നു.

സ്വപ്നങ്ങൾ തീവ്രമാണെങ്കിൽ പ്രതിബന്ധങ്ങളെല്ലാം നിസ്സാരമെന്ന് തെളിയിച്ച് ജീവിതവിജയത്തിലേക്കുയർന്ന നിരവധി വനിതാരത്നങ്ങളെ നമുക്കറിയാം. 
പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഒരേ സമയം ആഗ്രഹങ്ങള്‍ക്കൊത്തുയരാനും, കുടുംബിനി ആകാനും കഴിയുമെന്ന് തെളിയിച്ച അവരാകണം നമ്മുടെ മാതൃക. പക്ഷേ ഈ വിജയം നേടിയെടുക്കുന്നതിനായി അവർ സഹിക്കേണ്ടി വന്ന വൈഷമ്യങ്ങൾ എന്തൊക്കെയായിരിക്കാം.

ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്കാന്‍ നിങ്ങള്‍ തയ്യാറാണോ? എന്നാല്‍ അഭിമുഖീകരിക്കേണ്ട തടസ്സങ്ങളെ പരിചയപ്പെടാൻ തയ്യാറായിക്കൊള്ളൂ..

  • സ്വകാര്യ ജീവിതവും ഒൗദ്യോഗിക ജീവിതവും ഒരേ തട്ടില്‍ കൊണ്ട് പോകുക അത്ര എളുപ്പമല്ല. നിങ്ങളുടെ വീട്ടുകാർക്കും പങ്കാളിക്കും ജോലി സ്വഭാവുമായി പൊരുത്തപ്പെടാൻ സമയം വേണ്ടിവന്നേക്കാം. ഒരുപക്ഷേ അത് തിരിച്ചറിഞ്ഞില്ലെന്ന് തന്നെ വന്നേക്കാം. 
  • മറ്റെന്തിനേക്കാളുമേറെ സ്വന്തം കരിയറിന്  മുൻതൂക്കം നൽകുന്നത് വിമർശനത്തിന് ഇടയാക്കിയേക്കാം.
  • ജോലിയില്‍ നിങ്ങള്‍ എത്ര മിടുക്കരായിരുന്നാലും അസാമാന്യ പ്രകടനം കാഴ്ച വച്ചാലും പെണ്ണായി പോയതിന്റെ പേരില്‍ നിങ്ങളെ പ്രശംസിക്കാനും, കഴിവുകളെ അംഗീകരിക്കാനും പലരും മടിച്ചേക്കാം. നിങ്ങൾക്കു ലഭിക്കേണ്ട പ്രമോഷനുകൾ നിരവധി മൂല്യനിർണയങ്ങൾക്കൊടുവിൽ മാത്രമേ നിങ്ങളെ തേടിയെത്തുകയുള്ളൂ. 
  • ഇനി അഥവാ നിങ്ങള്‍ക്കൊരു പ്രൊമോഷനോ മറ്റോ ലഭിച്ചാല്‍ അത് നിങ്ങളുടെ കഴിവ് കൊണ്ടല്ല സൗന്ദര്യം കൊണ്ടുനേടിയതാണെന്ന പരിഹാസങ്ങൾ കേൾക്കേണ്ടി വന്നേക്കാം. 
  • സ്ത്രീയായതിനാല്‍ നിങ്ങളുടെ നേതൃത്വപാടവം പലപ്പോഴും ചോദ്യം ചെയ്യപ്പെടും. പലയിടങ്ങളിലും നിങ്ങളുടെ ആജ്ഞകള്‍ അനുസരിക്കുന്നതില്‍ മറ്റുള്ളവര്‍ വിമുഖത കാണിക്കും 
  • നിങ്ങളുടെ കരിയറില്‍ പുതിയ ഉയരങ്ങൾ തേടാന്‍ നിങ്ങള്‍ കാണിക്കുന്ന താല്പര്യം പലപ്പോഴും അത്യാര്‍ത്തിയായും അതിമോഹവുമായി വ്യാഖ്യാനിക്കപെടും.  
  • നിങ്ങളെ മനസ്സിലാക്കുന്ന, സ്വപ്നങ്ങള്‍ക്ക് പിന്തുണയേകുന്ന തുല്യനായ ഒരു പങ്കാളിയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടതായി വരും. 
  • രാത്രി ഷിഫ്റ്റുകളില്‍ ജോലിയെടുക്കേണ്ടി വരുന്നതും അവധി ദിവസങ്ങളിൽപോലുമുള്ള തിരക്കും കുറ്റപ്പെടുത്തലുകൾക്ക് വഴി തുറന്നുകൊടുത്തേക്കാം.
  • ജോലി കളഞ്ഞ് വീടിനെയും വീട്ടുകാരെയും ശ്രദ്ധിക്കൂ എന്ന നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകള്‍ അഭിമുഖീകരിക്കേണ്ടതായി വരും. അമ്മയായി കഴിഞ്ഞാല്‍ ഇനിയെങ്കിലും ജോലി ജോലി എന്ന് പറഞ്ഞു പോകാതെ കുട്ടിയെ നോക്കി വീട്ടിലിരിക്കൂ എന്ന ഉപദേശം വേറെ. അഥവാ വീട്ടിലെ പ്രത്യേക വിശേഷാവസരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലോ, എന്തെങ്കിലും ചെയ്യാൻ മറന്നുപോയാലോ 'നിനക്കല്ലെങ്കിലും വീടിനെ കുറിച്ച് വല്ല ചിന്തയുമുണ്ടോ?' എന്ന കുറ്റപ്പെടുത്തലുകൾ ഉറപ്പ്.

 

അതെ പെണ്ണെ പറക്കാന്‍ ചിറകുകളുണ്ടെങ്കിലും പലപ്പോഴും കൂട്ടിലടക്കാൻ നിർബന്ധിക്കപ്പെടേണ്ടി വരും..പക്ഷേ  ആ കൂടു തുറന്നു വെളിയില്‍ വരാന്‍ നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതൊന്നും ഒരു തടസ്സമല്ല തന്നെ. പെണ്ണേ, വരൂ പോകാം പറക്കാം...