ഴക്കടലില്‍ പോയി കൊമ്പന്‍ സ്രാവിനെ വേട്ടയാടുന്ന മുക്കുവന്‍മാര്‍ സിനിമകളിലും കഥകളിലും പ്രമേയമായിട്ടുണ്ട്. പക്ഷേ, ഒരു സ്ത്രീ പോലും ആ കഥകളില്‍ നായികയായിട്ടില്ല. അവളെന്നും തുറയില്‍ തന്റെ അരയനെ കാത്തിരിക്കുന്ന കുടുംബിനി മാത്രമായിരുന്നു. ആഴക്കടലില്‍ മുക്കുവന് രക്ഷയാകാന്‍ അവള്‍ വിശുദ്ധയായി കരയിലിരുന്നു. അതൊക്കെ ഇനി പഴങ്കഥകള്‍ മാത്രമാകും. കടല്‍ ഇനി പെണ്ണിനും കൂടി അവകാശപ്പെട്ടതാണ്. കാറ്റും കോളും കൂറ്റന്‍ തിരമാലകളും അവള്‍ക്ക് മുന്നിലും കീഴടങ്ങും. തൃശ്ശൂര്‍ ചേറ്റുവയിലെ രേഖയുടെ ജീവിതം ഒരു പാഠപുസ്തകം ആവുന്നതങ്ങനെയാണ്. 

ചേറ്റുവ കടപ്പുറത്ത് രേഖയുടെ വീടുണരുന്നത് പുലര്‍ച്ചെ നാലേ കാലിനാണ്. ബെല്ലടിച്ചപ്പോള്‍ അവര്‍ വാതില്‍ തുറന്നുവന്നു. ഒപ്പം ഭര്‍ത്താവ് കാര്‍ത്തിയേകനും. തലേന്ന് രാത്രി ബോട്ടിന്റെ എന്‍ജിന്‍ പണിമുടക്കിയതിനാല്‍  ഒരു രാത്രി മുഴുവനും കടലില്‍ അകപ്പെട്ട് തിരിച്ചെത്തിയതിന്റെ ക്ഷീണം മാറിയിട്ടില്ല ഇരുവര്‍ക്കും. വെറും രണ്ടു മണിക്കൂര്‍ നേരത്തെ ഉറക്കത്തിനു ശേഷം വീണ്ടും കടലിലേക്ക് പോകാനുള്ള തയാറെടുപ്പ്.

rakha

പണി തീരാത്ത വീട്. രണ്ട് ചെറിയ കിടപ്പുമുറികളും അടുക്കളയും. തേക്കാത്ത നിലത്ത് വിരിച്ച പായിലും പാതി നിലത്തുമായി കിടന്നുറങ്ങുന്ന നാല് പെണ്‍കുട്ടികള്‍. ഇതാണ് രേഖയുടെ വീട്. പ്ലസ് ടുക്കാരിയായ മൂത്ത മകളെ താഴെയുള്ള മൂന്നു പേരെയും ഏല്‍പ്പിച്ച് രേഖയും കാര്‍ത്തികേയനും വീട്ടില്‍നിന്നിറങ്ങി. 

എന്‍ജിനില്‍ ഒഴിക്കാനുള്ള ഇന്ധനമുള്ള കന്നാസുമായി നേരെ കടപ്പുറത്തേക്ക്. കടല്‍ പതിവിലേറെ ശാന്തമായിരുന്നു. പുലര്‍കാലത്തിന്റെ തണുപ്പേറ്റ് ബോട്ട് കടലിലൂടെ നീങ്ങി. ആഴക്കടലിലെത്തിയ ശേഷമാണ് രേഖ കടലിലേക്ക് വലയെറിഞ്ഞത്. പിന്നെ നീണ്ട കാത്തിരിപ്പ്. ഇതിനിടെ അവര്‍ പറഞ്ഞു തുടങ്ങി. അടുക്കളയില്‍നിന്നു കടലിലേക്കെത്തിയ കഥ. നീന്താനറിയാത്ത ഒരു പെണ്ണ് കടല്‍ താണ്ടിയ ദുരിതത്തിന്റെ കഥ.

rekha

കുട്ടിക്കാലത്തു കടലൊരു ഭീകരജീവിയായിരുന്നു. വല്ലപ്പോഴും കാണുമ്പോള്‍ പേടി തോന്നുന്ന അപാരത. കാര്‍ത്തികേയനെ കണ്ടതോടെ കടല്‍ രേഖയുടെ ജീവിതത്തിലേക്ക് തിരനോട്ടം നടത്തിത്തുടങ്ങി. വീട്ടുകാരെ വെറുപ്പിച്ചുള്ള പ്രണയത്തിനൊടുവില്‍ രേഖ ചേറ്റുവ കടപ്പുറത്തിന്റെ മരുമകളായെത്തി. 

കാര്‍ത്തികേയന്‍ പരമ്പരാഗത മത്സ്യബന്ധനത്തൊഴിലാളി. ആദ്യകാലത്ത് വല്ലപ്പോഴുമൊക്കെ അടുക്കളയില്‍നിന്നു രേഖ മീന്‍വല നുള്ളാന്‍ കടല്‍ക്കരയിലെത്തി. ജീവിത പ്രാരാബ്ദം ഏറിവരികയായിരുന്നു. മക്കള്‍ നാലായി. നാലു പെണ്‍കുട്ടികള്‍. കിടക്കാനൊരു വീടില്ലാതെ ഗുരുവായൂര്‍ അമ്പല നടയില്‍ പോലും അന്തിയുറങ്ങേണ്ടിവന്നു. ആത്മധൈര്യം ഒരു നാള്‍ രേഖയെക്കൊണ്ടു പറയിപ്പിച്ചു: ഞാനുമുണ്ട് നിങ്ങളുടെ കൂടെ കടലിലേക്ക്. 

ആകെ കിട്ടുന്ന മീനിന്റെ  മുക്കാല്‍ വിലയും എണ്ണച്ചെലവും ബാക്കി വരുന്നത് ബോട്ടില്‍ വരുന്ന സഹായിക്കും 
പങ്കുവെക്കേണ്ടി വരുന്ന ദുരവസ്ഥയില്‍ നട്ടം തിരിയുകയായിരുന്നു കാര്‍ത്തികേയന്‍. ആദ്യമൊന്നു മടിച്ചു. പതിവില്ലാത്തതാണ്. ആരും സ്വന്തം പെണ്ണിനെ കടലിലേക്കു മീന്‍ പിടിക്കാനായി കൂടെ കൊണ്ടുപോയിട്ടില്ല. കാര്‍ത്തികേയന്‍ കൂടുതല്‍ ചിന്തിച്ചില്ല. സ്വന്തം ജീവിതം അയാളെ പുതിയ പാഠം പഠിപ്പിക്കുകയായിരുന്നു.

അങ്ങനെ ഭര്‍ത്താവിനൊപ്പം രേഖയും കടലിലേക്ക് കടന്നു. തിരമാലകള്‍ ആര്‍ത്തലച്ചപ്പോള്‍ ആദ്യദിനം ചോരവരെ ഛര്‍ദ്ദിച്ചു. പിന്നപ്പിന്നെ, കടല്‍ച്ചൊരുക്കിനെ രേഖ കീഴടക്കി. അപ്പോഴും കര രേഖയെ കൈയൊഴിഞ്ഞു. പെണ്ണ് കടലില്‍ ഇറങ്ങിയാല്‍ കടലമ്മ കോപിക്കും. മീന്‍ കിട്ടില്ല. ഭീഷണികളുടെ അടങ്ങാത്തിരമാലകള്‍ പിന്നാലെ വന്നു. പെണ്ണ് കടലിലിറങ്ങിയാല്‍ മരിച്ചുപോകുമെന്ന് മക്കളെ പേടിപ്പിച്ചു. ഭാര്യയെ കടലില്‍ ഇറക്കിയവനെന്ന പരിഹാസമായിരുന്നു കാര്‍ത്തികേയനു നേരെ. പക്ഷേ മുന്നിലുള്ള ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ രേഖയെ പിന്തിരിപ്പിച്ചില്ല. അവള്‍ക്കു മുന്നില്‍ പരിഹാസവും ഭീഷണിയും വിലപ്പോയില്ല. 

പതിവുകാഴ്ച്ചയായപ്പോള്‍ പരാതിക്കാരുടെയും ഭീഷണിക്കാരുടെയും എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. ഒരു ദിവസം പോലും വെറുംകയ്യോടെ കടലില്‍നിന്നു മടങ്ങേണ്ടിവന്നിട്ടില്ലാത്തതിനാല്‍ കടലമ്മയ്ക്ക് രേഖയും സ്വന്തം മകളാണെന്ന് നാട്ടുകാര്‍ക്കു തോന്നിത്തുടങ്ങി. മകള്‍ക്ക് കടലമ്മ വാരികോരി കൊടുത്തു. പതുക്കെ ജീവിതം കരയ്ക്കടുത്തു. കടലില്‍ പോവുമ്പോള്‍ മാത്രമല്ല, വലയെറിയുമ്പോള്‍ മാത്രമല്ല, ഹാര്‍ബറില്‍ മീന്‍ വില്‍ക്കുമ്പോഴും ഇരുവരും ഒന്നിച്ചുനിന്നു. 

കടല്‍ തന്ന ഭയങ്ങള്‍

ഒരിക്കല്‍ വലയെറിഞ്ഞു കാത്തിരിക്കുമ്പോള്‍ മിന്നാമിനുങ്ങുപോലെ എന്തോ അടുത്തുവരുന്നു. തിരിവു ചോദിക്കാന്‍ വരുന്ന ബോട്ടുകാരാണെന്നു കരുതി ആശ്വസിച്ചെങ്കിലും അപകടം മനസിലായി. അല്‍പ്പമൊന്നു പാളിയിരുന്നെങ്കില്‍ ആ ബോട്ട് അന്ന് കടലില്‍ രേഖയുടെ ജീവിതം അവസാനിപ്പിക്കുമായിരുന്നു. അന്നത്തെ ആ നിലവിളി ഒരു പാഠമായി.  മറ്റൊരിക്കല്‍ നിറയെ മീനുമായി തിരിച്ചുവരുമ്പോള്‍ കടലിന്റെ ഭാവം മാറി. കടല്‍ പരുക്കനായി. പലപ്പോഴും ബോട്ട് മറിയാനൊരുങ്ങി. കൂറ്റന്‍ തിരമാലകള്‍ ബോട്ടിനു മുകളിലൂടെ ആഞ്ഞടിച്ചു. നീന്തലറിയാത്ത രേഖയോട് കാര്‍ത്തികേയന്‍ പറഞ്ഞു. 'കടലമ്മയോട് പ്രാര്‍ത്ഥിക്ക്. നമ്മുടെ മക്കള്‍ കരയില്‍ കാത്തിരിക്കുന്നുണ്ടെന്ന് പറ'. രേഖ മനസുരുകി പ്രാര്‍ത്ഥിച്ചു. നീണ്ട നിശബ്ദതയ്ക്കു ശേഷം കടല്‍ ശാന്തമായി. കാറ്റിനെയും കടലിനെയും മാത്രം പേടിച്ചാല്‍ പോര. തീച്ചൊറി തുടങ്ങി നിരവധി പേടിസ്വപ്നങ്ങളും കടലിലുണ്ട്.

അംഗീകാരങ്ങള്‍

ആരും അറിയപ്പെടാതെ എത്രയോ നാള്‍ രേഖ കടലില്‍ പോയി കരയില്‍ തിരിച്ചെത്തി. അവിചാരിതമായാണ് ഒരിക്കല്‍  സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥര്‍ കടലില്‍ വലയെറിയുന്ന ഒരു പെണ്ണിനെ കാണുന്നത്. ഇന്നോളം കാണാത്ത കാഴ്ച്ച. അവരുടെ അദ്ഭുതം പിന്നെ അംഗീകാരമായി മാറി. വലിയൊരു ചടങ്ങില്‍ വച്ച് കേന്ദ്രമന്ത്രി സുദര്‍ശന്‍ സിങ്ങ് പൊന്നാടയണിയിച്ചപ്പോള്‍ കാലവും കടലും വഴി മാറുകയായിരുന്നു. ഇനിയേത് പെണ്ണിനും കടലില്‍ വലയെറിയാം. അവള്‍ക്കു കൂട്ടായി കടലമ്മയും ഭരണകൂടവും ഉണ്ടാവും.

സ്വപ്നങ്ങള്‍

പുതിയൊരു ബോട്ട്. പണിമുടക്കാത്ത എന്‍ജിനുള്ള പുതിയൊരു ബോട്ട്. അതുമാത്രം മതി രേഖയ്ക്ക് സ്വപ്നങ്ങളെയും ഭാവിയെയും വലവീശിപ്പിടിയ്ക്കാന്‍. 

കരയിലേക്കു തിരിച്ചു പോകാനുള്ള സമയമായി. വല പതുക്കെ വലിച്ച് ബോട്ടിലേക്കിട്ടു. മാന്തള്‍, കോര, കൂന്തള്‍ തുടങ്ങിയ മീനുകളാണ് വല നിറയെ. 

മീന്‍ നുള്ളുന്നതിനിടെ  ചോദിച്ചു: 'കടലില്‍ വിശന്നാല്‍ എന്തുചെയ്യും? 
-വെളുപ്പിനെ ആറിന് പോയിട്ട് വൈകിട്ട് ആറു മണിക്കു തിരിച്ചുവന്ന ദിവസങ്ങളുണ്ട്. നെല്ലിക്ക കൈയ്യില്‍ കരുതും.  ഇടയ്ക്ക് വെള്ളവും കുടിയ്ക്കും.

മൂത്രമൊഴിക്കാന്‍ തോന്നിയാല്‍?
-അതൊക്കെ കരയിലെത്തിയിട്ട്...

അതെ. ഇനിയെല്ലാം കരയിലെ ജീവിതയാഥാര്‍ത്ഥ്യങ്ങളാണ്. അവിടെ നാലുമക്കളുണ്ട്. പണി തീരാത്തൊരു വീടുണ്ട്. എണ്ണിയാല്‍ തീരാത്ത കടങ്ങളുണ്ട്.