പത്തൊമ്പതാമത്തെ വയസ്സില്‍ ഓവേറിയന്‍ കാന്‍സറാണെന്നും ഒരു മാസം മാത്രം ജീവിക്കുമെന്നും ഡോക്ടര്‍ ഭാവന മെഹ്തയോടും കുടുബത്തോടും പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് ബുദ്ധിപൂര്‍വ്വമുള്ള അതിജീവന കഥ പറയുകയാണ് ഈ മിടുക്കി. ഹൃൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ രസകരമായ അനുഭവ കഥ വിവരിക്കുന്നത്.

പത്തൊമ്പതാമത്തെ വയസ്സിലാണ് എനിക്ക് ഓവേറിയന്‍ കാന്‍സറാണെന്ന് ഡോക്ടര്‍ പറയുന്നത്. ഒരുമാസമേ ജീവിക്കാന്‍ സാധിക്കുകയുള്ളുവെന്ന വിവരം എന്നെയും കുടുംബത്തെയും ആകെ ഉലച്ചു കളഞ്ഞു. വെറുമൊരു ആര്‍ത്തവ പ്രശ്‌നമെന്ന രീതിയിലാണ് ആദ്യം ഈ പ്രശ്‌നത്തെ ഞങ്ങള്‍ കണ്ടിരുന്നത്. എന്നാല്‍ ഈ വാര്‍ത്ത ഞങ്ങളെ വല്ലാതെ തകര്‍ത്തു. തിരികെ വീട്ടിലേക്കുള്ള യാത്ര വളരെയധികം സങ്കടം നിറഞ്ഞതായിരുന്നു. അമ്മ എ്‌നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു '' പാരീസിലേക്ക് പോവുക എന്നത് നിന്റെ സ്വപ്‌നമായിരുന്നില്ലേ. നിന്നെ അവിടേയ്ക്ക് അയയ്ക്കാം. എല്ലാ സ്വപ്‌നങ്ങളും ഞാന്‍ നടത്തിത്തരും'' എന്നാല്‍ നിങ്ങളോടൊപ്പം നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു എന്റെ മറുപടി.

അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. എന്റെ മരണസമയം അടുത്തിരിക്കുന്നു. എല്ലാം വിറ്റിട്ടാണെങ്കിലും എന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന്  അച്ഛന്‍ എനിക്ക് വാക്ക് നല്‍കി.

പിറ്റേന്ന് മറ്റൊരു ആശുപത്രിയിലേക്ക് ഞങ്ങള്‍ ചെന്നു. എനിക്ക് കാന്‍സര്‍ ഉണ്ടെന്ന് തോന്നുന്നില്ലെന്നാണ് അവിടെയുള്ള ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ഒരു സര്‍ജറി ആവശ്യമാണെന്ന് അവര്‍ അറിയിച്ചു.

സര്‍ജറിക്ക് മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. വീട്ടുകാരോടും കൂട്ടുകാരോടും ഞാന്‍ പരമാവധി സമയം ചിലവിട്ടു. അവരോടെല്ലാം മുന്‍പില്ലാത്ത വിധം ഞാന്‍ അടുത്തു. അമ്മയോടൊപ്പം അമ്പലത്തില്‍ പോയി, പാചകം ചെയ്തു. 

പ്രതീക്ഷിച്ച ഓപ്പറേഷന്‍ തിയതി എത്തി. ഡോക്ടര്‍മാര്‍ പറഞ്ഞ പോലെ എനിക്ക് കാന്‍സര്‍ ഉണ്ടായിരുന്നില്ല. വെറുമൊരു സിസ്റ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആശ്വാസത്തിന്റെ കരച്ചിലായിരുന്നു പിന്നീട് ഉണ്ടായിരുന്നത്. മരിച്ചു പോവുമെന്ന് പറഞ്ഞിരുന്ന ദിവസത്തിന് ശേഷവും ഞാന്‍ ജീവിച്ചു. എന്നാല്‍ മരണഭിതി കാരണം എനിക്ക് മനശാസ്ത്രഞ്ജന്റെ സഹായം തേടേണ്ടി വന്നു.  പിന്നീട് ആര്‍ത്തവ പ്രശ്‌നം വരുമ്പോഴെല്ലാം ആശുപത്രിയില്‍ പോയി പരിശോധിക്കുമായിരുന്നു. 

ഇന്ന് ഞാന്‍ വളരെയധികം സന്തുഷ്ടയാണ്. വീട്ടുകാരോടൊത്ത് സമയം ചിലവഴിക്കുന്നു. യാത്രകള്‍ ചെയ്യുന്നു.ഇന്ന് ഞാന്‍ സ്വന്തമായി ബേക്കിങ്ങ് ബിസിനസ്സ് നടത്തുകയാണ്.

അന്ന് ആ ഡോക്ടര്‍ ഞാന്‍ മരിച്ച് പോവുമെന്ന് എന്തിനാണ് പറഞ്ഞതെന്ന് എനിക്കറിയില്ല. എന്നാല്‍ ആ നിരുത്തരവാദിത്ത്വപരമായ പെരുമാറ്റം എന്റെ കുടുംബത്തെ ഒരുപാട് സങ്കടത്തിലാഴ്ത്തി. എന്നാല്‍ എല്ലാം ക്ഷമിക്കാനുള്ള മനസ്ഥിതിയിലേക്ക് ഞാന്‍ എത്തിയിരിക്കുകയാണ്. ജീവിതം ചെറുതാണെന്നും മനസ്സില്‍ വിദ്വേഷം വെച്ചിരുന്നിട്ട് കാര്യമില്ലെന്നും ആ സംഭവം എന്നെ പഠിപ്പിച്ചു.. ഒരോ ദിവസവും ജീവിക്കൂ സനേഹിക്കൂ ശക്തമായി - ഭാവന പറയുന്നു.

Content Highlights: Story Of Bhavana Mehtha