അവള്‍ ഉറങ്ങുന്നതും ഉണരുന്നതും പാട്ടിനെ സ്‌നേഹിച്ചുകൊണ്ടാണ്. പാട്ടും മേളവുമായി ഈ ജീവിതം കടന്നുപോകുമ്പോള്‍ ദുഃഖവും സന്തോഷമായി മാറുകയാണ്. പാട്ടിന്റെ മധുരം ചോരാതെ, പരിമിതികളെ തോല്‍പ്പിച്ചുകൊണ്ട് അനായാസം അവതരിപ്പിക്കാന്‍ സാധിക്കുന്നതാണ് നവ്യാ ഭാസ്‌കരന്‍ എന്ന 15 വയസ്സുകാരിയെ വേറിട്ടുനിര്‍ത്തുന്നത്. പോരായ്മകളെ ദൃഢനിശ്ചയംകൊണ്ട് തോല്‍പ്പിക്കുന്ന നവ്യ ഈ ജീവിതം മുഴുവന്‍ പാട്ടുപാടി ആഹ്‌ളാദിക്കാനാണ് ആഗ്രഹിക്കുന്നത്. പാട്ടിനോടുള്ള അവളുടെ ഇഷ്ടത്തോടൊപ്പം പിന്തുണയുമായി മാതാപിതാക്കളും കൂടെയുണ്ട്.

ഏതൊരു പരീക്ഷയിലും വിജയിക്കുമെന്ന ഈ കൊച്ചുമിടുക്കിയുടെ ഉറച്ച നിശ്ചയത്തിനുപിന്നിലും മാതാപിതാക്കള്‍ നല്‍കുന്ന പിന്തുണതന്നെ. പുണ്യമാസത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് 'മര്‍ഹബാ യാ ഹിലാല്‍' എന്ന ആല്‍ബത്തിലെ സ്വാഗതഗാനവും നവ്യയുടേതായി പുറത്തിറങ്ങി. ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ ആ പാട്ട് തരംഗമാവുകയുംചെയ്തു. കുവൈത്തി പാട്ടുകാരനായ ഹുമൂദ് ഒത്മാന്‍ അല്‍ഖുതുര്‍ പാടി ഹിറ്റായ ആല്‍ബത്തിലെ ഗാനം പാടുകയായിരുന്നു.

കാഞ്ഞങ്ങാട് കിഴക്കുംകര സ്വദേശി ഡോ. ഭാസ്‌കരന്‍ കരപത്തിന്റെയും ഡോ. വന്ദനയുടെയും മകളാണ് അജ്മാന്‍ ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ നവ്യ. അജ്മാനില്‍ സ്വന്തമായി ക്ലിനിക്കും അനുബന്ധസ്ഥാപനങ്ങളും നടത്തുകയാണിവര്‍. അജ്മാനില്‍ത്തന്നെയായിരുന്നു നവ്യയുടെ ജനനം.

ചെറുപ്പത്തിലേ സംഭവിച്ച സെറിബ്രല്‍ പാള്‍സി നവ്യയുടെ മുന്നോട്ടുള്ള യാത്രയില്‍ തടസ്സമല്ലെന്ന് ഓര്‍മിപ്പിക്കുന്നതും മാതാപിതാക്കള്‍തന്നെ. പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാര്‍ഥിനി എന്ന നിലയിലല്ലാതെ സാധാരണകുട്ടികള്‍ പഠിക്കുന്ന സിലബസ് തന്നെയാണ് നവ്യയും പഠിക്കുന്നത്. സ്‌കൂള്‍ സിലബസിനോടൊപ്പം അവള്‍ താലോലിക്കുന്നതാണ് സംഗീതവും. സംഗീതമില്ലാതെ വിദ്യ പൂര്‍ണമാകില്ലെന്ന നവ്യയുടെ ആത്മബോധ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് ഡോ. ഭാസ്‌കരനും ഡോ. വന്ദനയും അവളെ പാട്ടിന്റെ വഴിയേ വിടുന്നത്.

ഇഷ്ടം തിരിച്ചറിഞ്ഞുകൊണ്ട് സംഗീതോപകരണങ്ങളും പാട്ടുവഴികളും രക്ഷിതാക്കള്‍ അവള്‍ക്കായി ഒരുക്കിക്കൊടുക്കുന്നു. വേഗത്തില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും അസാമാന്യ മനഃശക്തിയില്‍ പോരായ്മ വിജയമാക്കുകയാണ് നവ്യ. ആരോടുമുള്ള ഹൃദ്യമായ പെരുമാറ്റം ഈ പെണ്‍കുട്ടിയെ മറ്റുകുട്ടികളില്‍നിന്ന് മാറ്റിനിര്‍ത്തുന്നു.

ഇതിനകം യു.എ.ഇ.യിലെ ഒട്ടേറെ മത്സരങ്ങളില്‍ നവ്യ സമ്മാനം നേടിയിട്ടുണ്ട്. കൂടാതെ, പല റിയാലിറ്റി ഷോകളിലും സാന്നിധ്യമറിയിച്ചു. സാധാരണകുട്ടികളോടൊപ്പമാണ് മത്സരിക്കുന്നതെന്നതും പ്രത്യേകതയാണ്. ദൃഢനിശ്ചയമുള്ള കുട്ടികള്‍ക്കായുള്ള ചില റിയാലിറ്റിഷോകളില്‍ മത്സരാര്‍ഥികളെ തിരഞ്ഞെടുക്കാനും നിയോഗിക്കപ്പെടുന്നത് അവളുടെ കഴിവിനെ ഓര്‍മിപ്പിക്കുന്നു. പാട്ടുമാത്രമല്ല, അഭിനയത്തിലും മിടുക്കിയാണെന്ന് തെളിയിച്ചിട്ടുണ്ട്.

അന്താരാഷ്ട്രതലങ്ങളിലുള്ള പരസ്യചിത്രങ്ങളില്‍ അഭിനയിക്കാനായി അവസരം ലഭിച്ച നവ്യ അച്ഛനും അമ്മയ്ക്കുമൊപ്പം അമേരിക്കയിലും പോയിവന്നു. ട്രിനിറ്റി കോളേജ് ഓഫ് ലണ്ടനില്‍നിന്ന് വോക്കല്‍സ് ഗ്രേഡ് ആറുവരെ വിജയിച്ചത് ഓണ്‍ലൈന്‍ പഠനത്തിലൂടെയാണ്. ദുബായിലെ ഫിലിപ്പീന്‍സ് എംബസിയില്‍ ആ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്ത് സ്വാഗതഗാനം പാടിയ നവ്യ പ്രശംസയും നേടിയെടുത്തു. ആദ്യമായിട്ടായിരിക്കും ഒരു മലയാളി മറ്റൊരുരാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ അവരുടെ ഭാഷ പഠിച്ച് സ്വാഗതഗാനം ആലപിക്കുന്നത്, അതും ശാരീരികപരിമിതികളെ അതിജീവിച്ചുകൊണ്ടാണ് ഇത്രയും നേട്ടങ്ങളിലെത്തുന്നത്.

കെ.എസ്. ചിത്രയടക്കമുള്ള പ്രശസ്തരുടെ മുന്നില്‍ പാടി അനുമോദനം ഏറ്റുവാങ്ങിയ നവ്യയെക്കുറിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പി പറഞ്ഞത് 'അസാമാന്യ താളബോധവും ശ്രുതിഭംഗിയും നവ്യയുടെ ആലാപനത്തിനുണ്ട്' എന്നാണ്. യുവസംഗീതജ്ഞന്‍ പ്രണവം മധുവിന്റെ വസന്തം വരവായ്, തിരുനടയില്‍ എന്നീ ആല്‍ബങ്ങളും നവ്യ പാടിക്കഴിഞ്ഞു. ശ്രീകുമാരന്‍ തമ്പി, വയലാര്‍ ശരത്ചന്ദ്രവര്‍മ എന്നിവരാണ് ഗാനങ്ങളെഴുതിയത്. ശ്രീകുമാരന്‍ തമ്പി 12 വര്‍ഷത്തിനുശേഷമെഴുതിയ ഓണപ്പാട്ടുകളും പാടാനുള്ള അവസരം നവ്യക്ക് ലഭിച്ചുകഴിഞ്ഞു. മംഗളൂരു കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ഭവ്യ സഹോദരിയാണ്.

Content Highlights: Story about Navya bhaskaran