കാണാതായ ടെഡിബെയര്‍ തിരിച്ചു കിട്ടാനായി ആരെങ്കിലും പരസ്യം നല്‍കുമോ. നല്‍കുമെന്നാണ് മാരാ സോറിയാനോ എന്ന പെണ്‍കുട്ടിയുടെ ഉത്തരം. കാരണം ആ പാവയ്ക്കുള്ളില്‍ മരിച്ചു പോയ അമ്മയുടെ അവസാന വാചകങ്ങളുടെ ഒരു ഓഡിയോ റെക്കോര്‍ഡുണ്ട്. അമ്മയുടെ ഓര്‍മ്മയ്ക്കായി സൂക്ഷിച്ച പാവ ഇപ്പോള്‍ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് മാര. 

കാനഡയിലേക്ക് വീട് മാറുന്നതിനിടെ ബാഗില്‍ നിന്നാണ് മാരയുടെ പാവ നഷ്ടമായത്. കഴിഞ്ഞ വര്‍ഷം കാന്‍സര്‍ ബാധിതയായി മരിച്ച അമ്മയുടെ ശബ്ദം പാവയില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. പാവയെ ഞെക്കിയാല്‍ അമ്മ സംസാരിക്കുന്നത് കേള്‍ക്കാം. പാവ കൂടെയുള്ളപ്പോള്‍ അമ്മ കൂടെയുള്ളതുപോലെയാണെന്ന് മാര പറയുന്നു.

പാവയെ കണ്ടെത്താന്‍ മാര ട്വിറ്ററില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിന് വ്യാപക പ്രതികരണമാണ് ലഭിച്ചത്. ഹോളിവുഡ് താരം റയാന്‍ റെയിനോള്‍ഡ് പാവയെ കണ്ടെത്തുന്നവര്‍ക്ക് 5000 ഡോളര്‍ പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. 

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനു ശേഷമാണ് ചൊവ്വാഴ്ച പാവയെ കിട്ടിയതായി ഒരു ഇ- മെയില്‍ മാരയ്ക്ക് ലഭിക്കുന്നത്. രണ്ട് പുരുഷന്‍മാരാണ് കളഞ്ഞു കിട്ടിയതാണെന്ന് പറഞ്ഞ് പാവയുമായി മാരയെ തേടിയെത്തിയത്. 

'രണ്ട് ആളുകള്‍ പൊതുവഴിയില്‍ വച്ച് കാണാമെന്നാണ് പറഞ്ഞത്. ആദ്യം വിശ്വാസമുണ്ടായില്ലെങ്കിലും പോകാന്‍ തീരുമാനിച്ചു. കുറച്ച് നേരം കാത്തുനിന്നപ്പോഴാണ് അവര്‍ വന്നത്. അയാള്‍ ബാഗില്‍ നിന്ന് അമ്മക്കരടിയെ പുറത്തെടുത്തപ്പോള്‍ തന്നെ ഞാന്‍ സന്തോഷം കൊണ്ട് കരഞ്ഞു. വിശ്വസിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. കണ്ണുനിറഞ്ഞിട്ട് ഒന്നും കാണാന്‍ പോലും കഴിഞ്ഞില്ല. പാവ എന്റെ കൈയില്‍ കിട്ടിയപ്പോള്‍ തന്നെ ഞാനവളെ മുറുക്കെ കെട്ടിപ്പിടിക്കുകയാണ് ചെയ്തത്.' മാര പറയുന്നു. 

മാരയും ഭാവി വരനും പുതിയ വീട്ടിലേക്കുള്ള സാധനങ്ങള്‍ മാറ്റുന്നതിനിടെയാണ് പാവ നഷ്ടമായത്. വണ്ടിയില്‍ നിന്നും സാധനങ്ങളുമായി ഇവര്‍ അകത്തുപോയ സമയത്ത് ഒരാള്‍ ബാഗുമായി കടന്നു കളയുന്ന രംഗങ്ങള്‍ സിസി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. പാവയെ തിരിച്ചെത്തിച്ച ആളുകള്‍ക്ക് നടന്‍ റയാന്‍ റെയിനോള്‍ഡും നന്ദി പറഞ്ഞിട്ടുണ്ട്.

Content Highlights: Stolen Teddy Bear With Mother's Last Message Returned To Daughter