പുകവലിക്കെതിരേ ഒരു പെണ്‍കുട്ടിക്ക് സമൂഹത്തില്‍ എന്തുചെയ്യാന്‍ കഴിയും? പലതും ചെയ്യാന്‍കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് കോഴിക്കോട് ദേവഗിരി സി.എം.ഐ. പബ്ലിക് സ്‌കൂളിലെ പന്ത്രണ്ടാംക്ലാസുകാരിയായ വി. ശ്രീലക്ഷ്മി. ഷാര്‍ജയില്‍ പുകവലിക്കെതിരേ ശ്രീലക്ഷ്മി നടത്തിയ കാമ്പയിനാണ് 'ക്വിറ്റ് റ്റു കെയര്‍'. ഈ കാമ്പയിന്‍ കൂടുതല്‍ പരിഷ്‌കരിച്ച് പുകവലിരഹിത കോഴിക്കോട് പദ്ധതിയുടെ ഭാഗമാക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. പുകവലിക്ക് അടിമപ്പെട്ടവരെ കണ്ടെത്തി അവരെ അതില്‍നിന്ന് മോചിപ്പിക്കുകയാണ് പദ്ധതിയിലൂടെ. ദേശീയ ആരോഗ്യദൗത്യം, ആരോഗ്യവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, എക്‌സൈസ് വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ഷാര്‍ജയില്‍ തുടങ്ങിയ പോരാട്ടം

പത്താംക്ലാസുവരെ അച്ഛനമ്മമാരോടൊപ്പം ഷാര്‍ജയിലായിരുന്നു ശ്രീലക്ഷ്മി. അവര്‍ ഓണ്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലായിരുന്നു പഠനം. 2018ലാണ് കേരളത്തിലെത്തിയത്. ഷാര്‍ജ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ക്വിറ്റ് റ്റു കെയര്‍ കാമ്പയിന്‍ രൂപപ്പെടുത്തിയതെന്ന് ശ്രീലക്ഷ്മി പറഞ്ഞു. ഷാര്‍ജ മലയാളി അസോസിയേഷന്‍ നടത്തിയ ഒരു പരിപാടിയില്‍ അര്‍ബുദരോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരനും സിനിമാനടന്‍ ഇന്നസെന്റും പങ്കെടുത്തു സംസാരിക്കുന്നതു കേട്ടു. പുകവലിക്കാത്തവരിലും ലങ് കാന്‍സര്‍ ഉണ്ടാകുന്നുണ്ടെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. മറ്റുള്ളവര്‍ വലിക്കുന്ന സിഗരറ്റിന്റെ പുകശ്വസിക്കുന്നതാണ് ഇതിന് കാരണം. ഇത് കേട്ടപ്പാള്‍ ശരിയാണെന്നു തോന്നി. മറ്റുള്ളവര്‍ കാരണം ഒരാള്‍ക്ക് രോഗമുണ്ടാകുന്ന അവസ്ഥ! പിന്നീട് ഇതേപ്പറ്റി അച്ഛനോടും അമ്മയോടും സംസാരിച്ചപ്പോഴാണ് മുത്തച്ഛനും ലങ് കാന്‍സര്‍ വന്നാണ് മരിച്ചതെന്നറിഞ്ഞത്. അദ്ദേഹം പുകവലി ശീലമുള്ള ആളായിരുന്നില്ല.

അങ്ങനെയാണ് ആളുകളുടെ പുകവലിശീലം കുറയ്ക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായതും അത് ക്വിറ്റ് ടു കെയറിലേക്ക് എത്തിയതും. പുകവലിയുടെ ദൂഷ്യവശങ്ങള്‍ ഉള്ള വീഡിയോകള്‍ യുട്യൂബില്‍ നിന്നും ശേഖരിച്ചു. കൂടാതെ ആളുകളെ ബോധവത്കരിക്കാന്‍ ബുക്‌ലറ്റുകളും നോട്ടീസുകളും തയ്യാറാക്കി നല്‍കി. സുഹൃത്തുക്കള്‍ വഴി പുകവലി ശീലമുള്ളവരെ കണ്ടെത്തി അര്‍ബുദത്തിന്റെ ഭീകരതയെപ്പറ്റി ബോധവത്കരണം നടത്തി. അങ്ങനെ 'ക്വിറ്റ് റ്റു കെയര്‍' എന്ന കാമ്പയിന്‍ രൂപപ്പെട്ടു.

അവധി ദിവസങ്ങളില്‍ പ്രവര്‍ത്തനം ലേബര്‍ ക്യാമ്പുകളിലിലേക്കും ഷോപ്പിങ് മാളുകളിലേക്കും വ്യാപിപ്പിച്ചു. ഷാര്‍ജയിലെ ഒരു പ്രാദേശികപത്രം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ പല സന്നദ്ധ സംഘടനകളും പിന്തുണയുമായി എത്തി. പല മള്‍ട്ടിനാഷണല്‍ കമ്പനികളും ഈ 'കുട്ടി കാമ്പയിനെ' തങ്ങളുടെ കമ്പനികളിലെക്ക് ക്ഷണിച്ചു. അങ്ങനെ ഏകദേശം രണ്ടായിരത്തോളം പേര്‍ക്ക് പുകവലിക്കതിരേ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കഴിഞ്ഞതായി ശ്രീലക്ഷ്മി പറഞ്ഞു.

കേരളത്തിലേക്ക്

2018ലാണ് കോഴിക്കോട് ദേവഗിരി സി. എം.ഐ. പബ്ലിക് സ്‌കൂളില്‍ പതിനൊന്നാം ക്ലാസില്‍ ചേരുന്നത്. ഇതിനിടയില്‍ ഒരു സംഘടന നടത്തിയ പ്ലാസ്റ്റിക് ബോധവത്കരണ പരിപാടിയില്‍ കളക്ടര്‍ എസ്. സാംബശിവറാവുവിന്റെ പ്രസംഗം കേട്ടു. അതില്‍നിന്നാണ് താന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ അറിയിച്ചാലോ എന്ന തോന്നല്‍ ശ്രീലക്ഷമിക്കുണ്ടായത്.

അങ്ങനെ ഷാര്‍ജയില്‍ നടത്തിയ പ്രവര്‍ത്തനം കാണിച്ച് കളക്ടര്‍ക്ക് ഇമെയില്‍ അയച്ചു. പിന്നീട് കളക്ടര്‍ കൂടിക്കാഴ്ചയ്ക്ക് വിളിക്കുകയും പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം വിവിധ വകുപ്പുകളുമായി ആലോചിച്ച് പുകവലിരഹിത കോഴിക്കോട് പദ്ധതിയുടെ ഭാഗമാക്കി.

ജില്ലയില്‍ ഇപ്പോള്‍ 'ക്വിറ്റ് റ്റു കെയര്‍' പദ്ധതിയുടെ ഭാഗമായി 5420 വൊളന്റിയര്‍മാരുണ്ട്. ഇവര്‍ ലക്ഷ്യംവെക്കുന്നത് നിരന്തരം പുകവലിക്കുന്ന 27,100 പേരുടെ ദുശ്ശീലം മാറ്റാനാണ്. അച്ഛന്‍ സത്യന്‍ തെക്കേപ്പാട്ടും അമ്മ ബിന്ദു സത്യനും മകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്.

കാമ്പയിന്‍ ഇങ്ങനെ

ജില്ലയിലെ സര്‍ക്കാര്‍സ്വകാര്യ സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് പുകവലിക്കെതിരേയുള്ള പ്രചാരണത്തില്‍ പങ്കാളികളാകുന്നത്. ഓരോ സ്‌കൂളിലെയും തിരഞ്ഞെടുത്ത കുട്ടികള്‍ അവര്‍ക്ക് പരിചയമുള്ള അഞ്ച് നിരന്തര പുകവലിക്കാരെ കണ്ടെത്തും. ശേഷം ഇവരെ പുകവലിശീലം ഉപേക്ഷിക്കാന്‍ പര്യാപ്തമാക്കുകയാണ് ലക്ഷ്യം. ഓരോഘട്ടത്തിലും ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ നല്‍കും.

കുട്ടികളുടെ പങ്കാളിത്തം പ്രധാനം

ശ്രീലക്ഷ്മിയുടെ ഷാര്‍ജയിലെ പ്രവര്‍ത്തനങ്ങള്‍ വായിച്ചപ്പോളാണ് പുകവലിരഹിത കോഴിക്കോടില്‍ കുട്ടികളെ പങ്കെടുപ്പിച്ച് കുറച്ചുകൂടി വിപുലമായ കാമ്പയിന്‍ നടത്തിയാല്‍ എന്തെന്ന തോന്നല്‍ ഉണ്ടായത്. അങ്ങനെ ക്വിറ്റ് ടു കെയര്‍ നടപ്പാക്കുകയായിരുന്നു.

എസ്. സാംബശിവറാവു
കളക്ടര്‍

Content Highlights: sreelakshmi anti-smoking campaign