ജീവിതം ഒരു സ്ത്രീയെപ്പോലെയാണ്’ അജ്ഞാത സൂഫി വചനം. മനുഷ്യന്റെ അവബോധ ചരിത്രത്തിൽ ഈശ്വരനെ സ്ത്രീയായി ആരും സംബോധന ചെയ്തിട്ടില്ല. സൂഫികൾ മാത്രമാണ് ഈശ്വരനെ സ്ത്രീയായി, പ്രണയിനിയായി സംബോധന ചെയ്യുന്നത്. സ്ത്രീയെപ്പോലെ നിഗൂഢമാണ്, രഹസ്യമയമാണ് ജീവിതം. അത് അറിയുക എളുപ്പമല്ല. അത് അനുഭവിക്കാനാവും. ജീവിതത്തെ അറിയാൻ ശ്രമിച്ചാൽ ഒരാൾ എവിടെയുമെത്തില്ല. വെറുതെ ജീവിക്കുക മാത്രം ചെയ്യുക. അപ്പോൾ അതനുഭവിക്കാനാവും. 

ഒരു സ്ത്രീയുടെ ദേഹംകൊണ്ട് മുക്തി സാധ്യമാവില്ലെന്ന് മഹാവീരൻ മൊഴിഞ്ഞു. യേശു തന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാളായി ഒരു സ്ത്രീയെപ്പോലും തിരഞ്ഞെടുത്തില്ല.ബുദ്ധൻ സ്ത്രീകളെ ഭിക്ഷുസംഘത്തിൽ ഉൾപ്പെടുത്തുന്നതിനെതിരായിരുന്നു. ബുദ്ധന്റെ വളർത്തമ്മ ഗോതമി ബുദ്ധനോട് ‘‘സ്ത്രീകളെയും അങ്ങയുടെ സംഘത്തിൽ ചേരാനനുവദിക്കണം.’’ എന്ന്‌ അഭ്യർഥിച്ചപ്പോൾ ബുദ്ധനത് നിരസിക്കുകയാണുണ്ടായത്. ഒടുവിൽ ആനന്ദന്റെ പ്രേരണയിൽ ഭിക്ഷുണിസംഘം നിലവിൽ വന്നു. ബുദ്ധൻ ആനന്ദനോടു പറഞ്ഞു: ‘‘ഹേ ആനന്ദാ, സ്ത്രീകൾക്ക് സന്ന്യാസത്തിൽ അധികാരംകൊടുത്തില്ലായിരുന്നുവെങ്കിൽ ഈ സംഘം ഒരായിരം വർഷം നിലനിൽക്കുമായിരുന്നു. എന്നാൽ, സ്ത്രീകൾക്ക് സന്ന്യാസത്തിൽ അധികാരം കൊടുത്ത നിലയ്ക്ക് ഈ സത്‌ധർമം അഞ്ഞൂറുവർഷം മാത്രമേ നിലനിൽക്കുകയുള്ളൂ’’ (അംഗുത്തര നികായം)

സംസ്കാരചരിത്രത്തിൽ പുരുഷമേധാവിത്വപരമായ ധാരയെ അതിലംഘിച്ചുകൊണ്ട് ആത്മീയതയുടെ തലത്തിൽ സ്ത്രീക്കുതന്നെ സർഗാത്മകമായി ആവിഷ്കരിക്കുകയെന്നത് എക്കാലത്തെയും ഒരു വലിയ വിപ്ലവമായിരുന്നു.കശ്മീരികൾക്ക് ഏറെ പ്രിയങ്കരിയായിരുന്നു ലല്ല. അവർ പറയുന്നു: ‘‘ഞങ്ങൾക്ക് ഏറെ പ്രിയം ലല്ലയോടാണ്. ഞങ്ങൾക്ക് രണ്ടു വാക്കുകളാണുള്ളത്. ഒന്ന് അല്ലാഹു! രണ്ട്: ലല്ല.’’

ലല്ല ഒന്നും എഴുതുകയുണ്ടായില്ല. കാരണം അവൾ നിരക്ഷരയായിരുന്നു. പക്ഷേ, ഏറെ ശക്തിശാലിനി. അവൾ ജീവിതകാലം മുഴുവൻ നഗ്നയായിരുന്നു. സുന്ദരിയും പാവനചരിതയും നിരഹങ്കാരിയും നിർവികാരയുമായി ജീവിതത്തിന്റെ ഓരോ നിമിഷവും പ്രാർഥനയാക്കി, ഓരോ ശ്വാസത്തിലും അല്ലാഹുവിനെ സ്മരിച്ച് ജീവിച്ച ലല്ലയുടെ ചില ഗാനങ്ങൾ ഇപ്പോഴും കശ്മീരികൾ പാടാറുണ്ട്. 

റാബിയ, മീര, സഹജൊ, ദയാബായി എന്നിവരും ലല്ലയെപ്പോലെ പുരുഷലോകത്തിന്റെ ആത്മീയ നൈതികതയ്ക്കെതിരേ ഉണർന്നുവന്ന മഹത്തായ സ്‌ത്രൈണാവബോധത്തിന്റെ സാക്ഷ്യങ്ങളത്രേ. ആരുടെയെങ്കിലും ഭാര്യയോ അമ്മയോ മകളോ സോദരിയോ ഒക്കെ മാത്രമായി സ്ത്രീ പരിഗണിക്കപ്പെടുന്ന ഒരു ലോകത്തിൽ എന്തുകൊണ്ട്‌ സ്ത്രീക്ക്‌ ഒരു ആത്മീയപാത പിന്തുടർന്നുകൂടാ? ഓരോ സ്ത്രീയുടെയും ഉള്ളിൽ തന്നെപ്പറ്റിത്തന്നെയുള്ള ശരിയായ അവബോധവും തന്നിൽത്തന്നെയുള്ള വിശ്വാസവും നിയന്ത്രണവും അവളാഗ്രഹിക്കുന്നുണ്ട്‌. 

പക്ഷേ, കഴിഞ്ഞ രണ്ടായിരത്തിലധികം വർഷങ്ങളായി സ്ത്രീ തന്റെ ആത്മീയശക്തി മുഴുവനായി ഉപയോഗിക്കുകയുണ്ടായില്ല. സ്ത്രീ നേരിടുന്ന മുഖ്യപ്രശ്നം അവൾ പുരുഷനു തുല്യയായി പരിഗണിക്കപ്പെടുന്നില്ല എന്നതത്രേ. ആത്മീയ നേതാക്കളെന്ന നിലയ്ക്കോ ആത്മീയ അന്വേഷകർ എന്ന നിലയ്ക്കോ ഉള്ള ഈയൊരു അസമത്വം സാമൂഹികശാസ്ത്രപരമോ സംസ്കാര സമ്പ്രദായപരമോ ആയ തലത്തിൽ മാത്രമല്ല, മറിച്ച്‌ അവബോധത്തിന്റെ തലത്തിലത്രെ. 

രണ്ട്‌
ഒരു പ്രകൃതിക്ഷോഭം പോലെ ജീവിതത്തെ സഹിച്ചുകൊണ്ടിരിക്കുന്ന, തലകുനിച്ചിരിക്കുന്ന ഇന്ത്യൻ സ്ത്രീകളുടെ മനോഭാവങ്ങളുടെ രൂപവത്‌കരണത്തിൽ ഹൈന്ദവ പുരാണങ്ങളിൽവരെ വേരുകൾ കാണും. രാമായണത്തിൽ സ്ത്രീ മൂന്നു വസ്തുക്കൾക്കുതുല്യം നാലാമതൊന്നായി പറയുന്നുണ്ട്‌. ഒരു ചെണ്ട (ഒരാൾ അതിനെ അടിക്കുന്നു.) ഒരു മൃഗം (ഒരാൾ അതിനെ പിടിച്ചുവലിക്കുന്നു). ഒരു വിഡ്ഢി(ഒന്നും അറിയാതിരിയ്ക്കുന്നു). 

സ്ത്രീകൾ തങ്ങൾക്ക്‌ ആത്മീയ നേതാക്കളാകാൻ വേണ്ടത്ര കഴിവും ഔന്നത്യവുമുണ്ടാവുമ്പോൾ ആത്മീയ നേതാക്കളായി മാറുന്നു. സ്ത്രീത്വത്തിന്റെ മൂല്യങ്ങളായ സ്നേഹം, സഹിഷ്ണുത, ആർദ്രത, താഴ്‌മ, പരസ്പരധാരണ എന്നിവ നേതൃത്വത്തിന്‌ ആവശ്യമായ മൂല്യങ്ങളത്രേ. ഓരോ മനുഷ്യനിലും ഈ മൂല്യങ്ങൾ ഉണ്ട്‌. എന്നാൽ, സ്ത്രീയിൽനിന്ന്‌ അവ വളരെ സഹജമായും സ്വാഭാവികമായും പ്രകടിപ്പിക്കപ്പെടുന്നു. എന്തെന്നാൽ സ്നേഹവികാരവും അർപ്പണവും സ്ത്രീയെ സംബന്ധിച്ച്‌ കൂടുതൽ സ്വാഭാവികമാകുന്നു. എങ്ങനെ സ്നേഹിക്കണമെന്നും നൽകണമെന്നും സ്ത്രീക്കറിയാം.

സ്ത്രീക്ക്‌ ആത്മീയനേതൃസ്ഥാനം കൊടുക്കാനാവില്ലേ? അടുക്കളയ്ക്കകത്ത്‌ പാത്രം മോറിയും അടിച്ചുവാരിയും പുകയും കരിയും പുരണ്ടും മുഖവും മനസ്സും കറുത്തുപോയ ഇന്ത്യൻ സ്ത്രീകൾക്ക്‌ ഒരുലോകത്തെ നയിക്കാനുള്ള ആത്മീയ ഊർജമുണ്ടെന്ന്‌ പ്രഖ്യാപിക്കാൻ ഒരു പുരുഷൻ, ദാദാ ലേഖരാജ്‌ തന്നെ വേണ്ടി വന്നു. 
അബു പർവതത്തിലെ ബ്രഹ്മകുമാരീസ്‌ ലോകാത്മീയ സർവകലാശാലയുടെ സ്ഥാപകൻ. സ്ത്രീകളുടെ ആത്മീയ നേതൃത്വം ഒരു യാഥാർഥ്യമാണെന്ന്‌ അദ്ദേഹം ഇരുപതാം നൂറ്റാണ്ടിൽ ലോകത്തിന്‌ മുന്നിൽ കാട്ടിക്കൊടുത്തു.

പാരുഷ്യമില്ലാത്ത, കരുണയുള്ള സ്ത്രീത്വത്തിനു മാത്രമേ മുറിവേറ്റു കരയുന്ന ഈ നൂറ്റാണ്ടിന്റെ മാനവികതയെ പരിവർത്തിപ്പിക്കാനും ശുശ്രൂഷിക്കാനുമാവൂ എന്നദ്ദേഹം ഉദ്‌ബോധിപ്പിച്ചു.സ്‌ത്രൈണമായ ഒരു ബോധം കൊണ്ട്‌ ജീവിതത്തെ നാം പുനർവായന നടത്തേണ്ടതുണ്ട്‌. ‘സൂര്യന്റെ വെളിച്ചത്തിൽ ഞാനെന്റെ കുപ്പായം തുന്നുന്നു. നിലാവിന്റെ വെളിച്ചത്തിൽ ഞാൻ ബുദ്ധന്റെ കവിതകൾ വായിക്കുന്നു’എന്ന്‌ ഒരു സെൻ ബുദ്ധഭിക്ഷു രേഖപ്പെടുത്തി. ശാന്തമായ, അന്തർമുഖമായ ഒരു ബോധാവസ്ഥകൊണ്ടു വായിക്കുമ്പോൾ, മസ്തിഷ്കത്തിനപ്പുറത്തുള്ള അപഗ്രഥനത്തിനപ്പുറമുള്ള, യുക്തിക്കപ്പുറത്തുള്ള ഒരു മഹാജീവിതത്തിന്റെ സത്യം. വെളിച്ചം ഒരാൾക്ക്‌ വെളിപ്പെടുകയാണ്‌. ആർത്തി, ആസക്തി, മാത്സര്യം, വെറുപ്പ്‌, ഭയം ഉണ്ടാക്കുന്ന തീയിൽ കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്ന മനുഷ്യരാശിയോട്‌ നിലാവെളിച്ചത്തിൽ ബുദ്ധന്റെ കരുണ നിറഞ്ഞ വാക്കുകൾ മുറിവുണക്കുന്ന ഒരു മരുന്നുപോലെ പ്രവർത്തിക്കുന്നുവെന്ന്‌ ഇവിടെ സ്മരിക്കുകയാണ്‌.

ലോകം മുഴുവൻ സ്‌ത്രൈണമായ ഒരവബോധത്തിലേക്ക്‌, അലിവൂറുന്ന ഒരവബോധത്തിലേക്ക്‌ നാം മാറണമെങ്കിൽ സെൻഗുരു ദോജൻ പറഞ്ഞ മഞ്ഞുതുള്ളി പോലെയുള്ള ഈ വാക്കുകൾ ഉള്ളിലെഴുതിവെച്ചാൽ മതി.

‘എന്റെ സോദരരെ, 
എനിയ്ക്കൊന്നും പറയാനില്ല...
ജീവിതത്തിന്റെ അർഥമാണ്‌ നിങ്ങൾ തേടുന്നതെങ്കിൽ
എത്രയോ വസ്തുക്കളൊന്നും 
നിങ്ങൾ ശേഖരിച്ചുകൂട്ടേണ്ടതില്ല...’’