പ്രതിസന്ധികളെ അതിജീവിക്കുന്നവർ പുതു ചരിത്രങ്ങൾ രചിക്കുന്നവരാണ്. സമൂഹത്തിന് പ്രചോദനം നൽകുന്നവരാണ്. ഭിന്നശേഷിക്കാർ പലരും കഠിനാധ്വാനം കൊണ്ട് പരിമിതികൾ മറികടക്കുന്നവരാണ്. അത്തരത്തിൽ ആത്മാർപ്പണം കൊണ്ട് അതിജീവനത്തിന്റെ ഉത്തമ മാതൃകയായി മാറിയിരിക്കുകയാണ് അയർകുന്നം ഗ്രാമ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് രശ്മി മോഹൻ. തൽ‌ഫലമായി ഇത്തവണ ഭിന്നശേഷി ജീവനക്കാർക്കുള്ള ദേശീയ പുരസ്കാരവും രശ്മിയെ തേടിയെത്തി.

ശ്രവണ പരിമിതരുടെ വിഭാഗത്തിലാണ് ഈ നേട്ടം. കുട്ടിക്കാലത്ത് ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് സംസാരശേഷിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ടെ രശ്മിയുടെ മുന്നോട്ടുള്ള ജീവിതം പോരാട്ടത്തിന്റേതായിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്കൊടുവില്‍ സംസാരശേഷി തിരികെ കിട്ടിയെങ്കിലും കേള്‍വിശക്തി കിട്ടിയില്ല. നിനച്ചിരിക്കാതെ വന്ന ആ വിധിയില്‍ നിന്നും രശ്മിയെ കൈപിടിച്ചുയര്‍ത്തിയത് മാതാപിതാക്കളുടെ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയുമാണ്. അവര്‍ നല്‍കിയ പിന്തുണയില്‍ വിജയത്തിന്റെ പടവുകള്‍ അവള്‍ ചവിട്ടിക്കയറി. പ്രതിസന്ധികളെ പുഞ്ചിരിയോടെ തരണം ചെയ്ത് മുന്നേറി.ജീവിതത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.

ജീവിതവഴിയിൽ മുന്നോട്ട്....

ചെറുപുഞ്ചിരിയും കുട്ടിക്കളികളുമായി പാറിപ്പറന്നു നടന്നിരുന്ന ഒരു ചിത്രശലഭമായിരുന്നു രശ്മി. മാതാപിതാക്കളുടെ പൊന്നോമന. മൂന്ന് വയസ്സിനു ശേഷം അപ്രതീക്ഷിതമായി എത്തിയ ന്യുമോണിയയാണ് നിശബ്ദതയുടെ ലോകത്തേക്ക് രശ്മിയെ എത്തിച്ചത്. 1983 ലാണ് പാലാ പുലിയന്നൂര്‍ തെക്കുംമുറി,കിടഞ്ചേരില്‍ കെ മോഹനന്റേയും രാധാമണിയുടെയും മകളായ രശ്മിക്ക് ന്യുമോണിയ ബാധിക്കുന്നത്.  ഇതേത്തുടര്‍ന്ന് കേള്‍വി ശക്തിയും ഒപ്പം സംസാര ശേഷിയും രശ്മിക്ക് നഷ്ടമാവുകയായിരുന്നു. നിരവധി ചികിത്സകള്‍ക്ക് ശേഷം രശ്മിക്ക് സംസാര ശേഷി ഭാഗികമായി തിരിച്ചു കിട്ടിയെങ്കിലും നിശബ്ദതയുടെ ലോകത്ത് നിന്നും രശ്മിയെ തിരികെയെത്തിക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഈ പ്രതിസന്ധികളില്‍ തളരാതെ ധീരമായി അതിജീവിച്ച രശ്മി കഠിനാധ്വാനവും സ്വപ്രയത്നവും മാതാപിതാക്കളുടെ പൂര്‍ണ്ണ പിന്തുണയും കൊണ്ട് നേടിയെടുത്തത് നിരവധി വിജയങ്ങളായിരുന്നു.

ആത്മ വിശ്വാസം കൈമുതൽ...

ഒന്നാംതരം മുതല്‍ സാധാരണകുട്ടികള്‍ക്കൊപ്പം രശ്മിയേയും പഠിപ്പിക്കണം എന്നായിരുന്നു അച്ഛനമ്മമാരുടെ ആഗ്രഹം. ആ തീരുമാനം തെറ്റിയില്ല എന്ന് തെളിയിക്കുന്നതായിരുന്നു രശ്മിയുടെ പഠനകാലം. ക്ലാസിലെടുക്കുന്നത് കേട്ടെഴുതാന്‍ പറ്റില്ലെങ്കിലും സഹപാഠികളുടെ ബുക്കുകൾ നോക്കി  പകര്‍ത്തിയെഴുതും. സ്ഫുടമല്ലാത്ത ശബ്ദത്തില്‍ ഉറക്കെ വായിക്കാന്‍ ശ്രമിക്കും.

ട്യൂഷനുകൾ ഒന്നും ഉണ്ടായിരുന്നില്ല. പത്താം ക്ലാസ് പരീക്ഷയുടെ ഫലം വരുന്നതിന്റെ തലേന്ന് രശ്മി അമ്മയോടുപറഞ്ഞു താൻ ഫസ്റ്റ് ക്ലാസ്സിൽ പാസ്സാവുമെന്ന്. റിസൾട്ട് വന്നപ്പോള്‍ രശ്മിയുടെ പ്രതീക്ഷ തെറ്റിയില്ല, ഫസ്റ്റ് ക്ലാസ്സിൽ തന്നെ വിജയം. പ്രീഡിഗ്രിയും ഫസ്റ്റ് ക്ലാസോടെ തന്നെ വിജയിച്ചു . ശേഷം കോട്ടയം കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളേജില്‍ ചേര്‍ന്ന് ഒരു വര്‍ഷത്തെ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍ കോഴ്സ് ഒന്നാം ക്ലാസോടെ വിജയിച്ചു. ഒപ്പം ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനും ഡിസ്റ്റിംഗ്ഷനോടെ പൂര്‍ത്തിയാക്കി. 1999 ല്‍ ചരിത്രം ഐച്ഛിക വിഷയമായെടുത്ത് പാലാ അല്‍ഫോന്‍സാ കോളേജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നു.

2002-ല്‍ ഡിഗ്രി അവസാന വര്‍ഷ പരീക്ഷയില്‍ വെറും ഒരു മാര്‍ക്കിനാണ് രശ്മിക്ക് ഒന്നാം റാങ്ക് നഷ്ടമായത്. അപ്പോഴും ഒന്നാം റാങ്കിനേക്കാള്‍ തിളക്കമുള്ള രണ്ടാം റാങ്കുമായി രശ്മി പുഞ്ചിരിയോടെ നിന്നു. ''ഡിഗ്രിക്ക് ഒന്നാം റാങ്ക് ഒരു മാര്‍ക്കിന് നഷ്ടപ്പെട്ടപ്പോള്‍ സങ്കടം തോന്നിയെങ്കിലും അന്നും ഇന്നും മറ്റൊരാളേക്കാളും മുന്നിലെത്തണം എന്ന ചിന്തയോടെ ഒന്നിനേയും സമീപിക്കാറില്ല. സംഭവിക്കുന്നതെല്ലാം സ്വാഭാവികമായിത്തന്നെ വന്നു ചേരും. എനിക്ക് അർഹതപ്പെട്ടാണെങ്കിൽ അത് എനിക്ക് ലഭിച്ചിരിക്കും. വിജയത്തിൽ അമിത സന്തോഷമോ, പരാജയത്തിൽ സങ്കടമോ ഒന്നുമില്ല ''. നഷ്ടപ്പെട്ടതിനോടുള്ള രശ്മിയുടെ പ്രതികരണമിങ്ങനെയാണ്.

reshmi
രശ്മി കുടുംബത്തോടൊപ്പം

ഔദ്യോഗിക ജീവിതം...

ബിരുദ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കും മുമ്പ് തന്നെ മീനച്ചില്‍ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റിയില്‍ ക്ലര്‍ക്ക് ട്രെയിനിയായി പ്രവേശിച്ച രശ്മി ഒന്നര വര്‍ഷത്തോളം അവിടെ തുടര്‍ന്നു. ബിരുദാനന്തര ബിരുദ പഠനത്തിന് തയ്യാറെടുക്കും മുന്‍പ് ഭിന്നശേഷിക്കാര്‍ക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി നടത്തിയ എഴുത്തു പരീക്ഷയിലും ഇന്റര്‍വ്യൂവിലും രണ്ടാം സ്ഥാനം നേടി വിജയിച്ച രശ്മി പഞ്ചായത്ത് വകുപ്പില്‍ എല്‍.ഡി ക്ലര്‍ക്കായി 2004ല്‍ തന്റെ ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിച്ചു. സീനിയര്‍ ക്ലര്‍ക്കായി കടനാട്, മുത്തോലി ഗ്രാമപഞ്ചായത്തുകളിലും കോട്ടയം ജില്ലാ പഞ്ചായത്തിലും ജോലി ചെയ്തു. അതിനുശേഷം അക്കൗണ്ടന്റായി തലപ്പലം, മുത്തോലി ഗ്രാമപഞ്ചായത്തുകളിലും പ്രവര്‍ത്തിച്ചു. ഹെഡ്ക്ലാര്‍ക്കായി പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തില്‍ ജോലി ചെയ്തശേഷം ജൂനിയർ സുപ്രണ്ടായി എരുമേലി ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്തു. ഇപ്പോൾ അയർക്കുന്നം പഞ്ചായത്തിൽ ജൂനിയർ സൂപ്രണ്ടായി ജോലി ചെയ്തുവരുന്നു.

പ്രശ്നങ്ങൾ...

സഹകരണബാങ്കില്‍ ട്രെയിനിയായി പ്രവര്‍ത്തിച്ചിരുന്ന ആത്മവിശ്വാസത്തിലാണ് ജോലിക്ക് കയറിയതെങ്കിലും ആദ്യ സമയങ്ങളില്‍ ജോലിയുമായി ഒത്തുപോകാന്‍ രശ്മിയ്ക്ക് കഴിഞ്ഞിരുന്നില്ല. രശ്മിയുടെ ബുദ്ധിമുട്ട് മനസിലാക്കിയ അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ബിനു ജോണ്‍ ആണ് എങ്ങനെ ജോലി ചെയ്യണമെന്ന് പറഞ്ഞുകൊടുത്തത്. അതും കടലാസില്‍ സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയാണ് കാര്യങ്ങൾ മനസിലാക്കി കൊടുത്തത്. കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരും ഭരണ സമിതിയും വളരെയധികം സഹായിച്ചിട്ടുണ്ടെന്നു രശ്മി പറയുന്നു.
ആശയവിനിമയമാണ് ഇപ്പോഴും രശ്മി നേരിടുന്ന പ്രധാനബുദ്ധിമുട്ട്. ഇപ്പാള്‍ മാസ്‌ക് ധരിച്ച് മറ്റുള്ളവര്‍ സംസാരിക്കുന്നത് മനസിലാക്കുന്നതിനും ബുദ്ധിമുട്ട് നേരിടുകയാണ്. സാങ്കേതികവിദ്യ ഇന്നത്തേപ്പോലെ പുരോഗമിച്ചിട്ടില്ലാത്ത ആ കാലത്ത് ലിപ് റീഡിങ് സാധ്യമാവാതെ വരുമ്പോളൊക്കെ കടലാസും പേനയുമായിരുന്നു സഹായികള്‍. കൂടെ രശ്മിയുടെ മനസറിഞ്ഞ് എന്തിനും പിന്തുണയുമായി സഹപ്രവര്‍ത്തകരും.

സംഘടനാ മികവ്

കേരളത്തിലെ ബധിര വനിതകളുടെ സംഘടനയായ ഡെഫ് വുമണ്‍സ് ഫോറം കേരളയുടെ സംസ്ഥാന പ്രസിഡന്റായും, കേരളത്തിലെ ബധിര ഗവണ്മെന്റ് ജീവനക്കാരുടെ സ്വതന്ത്ര സംഘടനയായ ഡെഫ് എംപ്ലോയീസ് ഫോറം കേരളയുടെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ആയും കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷന്‍ ഓഫ് ഡെഫിന്റ ജില്ലാ എക്സിക്യൂട്ടീവംഗമായും കോട്ടയം ഡെഫ് വുമണ്‍സ് ഫോറത്തിന്റെ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചു വരികയാണ് രശ്മി. കേരളത്തിലെ പഞ്ചായത്ത് ജീവനക്കാര്‍ക്കു വേണ്ടിയുളള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലും രശ്മിയുടെ സാന്നിധ്യമുണ്ട്. കേരളത്തിലെ പഞ്ചായത്ത് ജീവനക്കാരുടെ വാട്‌സപ്പ് ഗ്രൂപ്പായ പഞ്ചായത്ത് ഗൈഡിന്റെ അഡ്മിന്‍മാരിലൊരാളുമാണ് രശ്മി.

ബധിരര്‍ക്കുവേണ്ടി നിവേദനങ്ങള്‍ നല്‍കുന്നതിനും മറ്റും മുഖ്യമന്ത്രിയടക്കം, മന്ത്രിമാരുടെ ഓഫീസിലും സെക്രട്ടറിയേറ്റിലും മറ്റ് ഭരണസിരാകേന്ദ്രങ്ങളിലും പോകുമ്പോള്‍ പ്രഫഷണല്‍ ആംഗ്യഭാഷ പരിഭാഷകന്‍ ആയ വിനയചന്ദ്രനാണ് രശ്മിയ്ക്ക് ആശയവിനിമയത്തിനു സഹായിയായി നിലകൊള്ളുന്നത്. പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തിലെ ക്ലര്‍ക്കും മുന്‍ പഞ്ചായത്ത് ജീവനക്കാരനുമായിരുന്ന എ.എം സജിത്താണ് ബധിര സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ രശ്മിയെ പങ്കാളിയാക്കിയത്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്റെ ജോലി ഭംഗിയായി നിര്‍വഹിക്കുന്ന രശ്മിയെ തേടി സാമൂഹിക നീതി വകുപ്പ് ഏര്‍പ്പെടുത്തിയ 2016 ലെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവുമെത്തിയിരുന്നു.

കൂടെയുണ്ട് കുടുംബം

കൈപിടിച്ചുനടത്തിയ മാതാപിതാക്കളും അധ്യാപകരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ തന്നെ സഹായിച്ചുവെന്ന് രശ്മി പറയുന്നു. ''വൈകല്യത്തിന്റെ പേരില്‍ ഒരാളും ഒരിക്കലും ഈ സമൂഹത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല. മറിച്ച് അതിനെ അതിജീവിക്കാന്‍ ദൈവാനുഗ്രഹമായി നമുക്ക് ലഭിച്ച മറ്റ് കഴിവുകള്‍ തേച്ചുമിനുക്കിയെടുക്കുക. ഫലം സ്വാഭാവികമായി വന്നുകൊള്ളും''- രശ്മിയുടെ ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകള്‍.

പത്രപ്രര്‍ത്തകനായ അനില്‍കുമാറാണ് രശ്മിയുടെ ഭര്‍ത്താവ്. കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വൺ  വിദ്യാര്‍ത്ഥിനി പാര്‍വ്വതി, ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശിവാനി എന്നിവരാണ് മക്കള്‍. മുത്തോലി സര്‍വീസ് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരനായിരുന്ന കെ. മോഹനനും രാധാമണിയുമാണ് മാതാപിതാക്കള്‍.

Content Highlights: Specially abled Reshmi bags national award