ഒരു കുഞ്ഞുസമ്മാനം കൊണ്ട് ഒരു വല്യ കെട്ടിടം പണിയാനൊരുങ്ങുന്നവള്‍...' അസ്‌നയെക്കുറിച്ച് കൂട്ടുകാര്‍ പറയുന്ന തമാശയാണെങ്കിലും അവളുടെ സ്വപ്നമാണിത്. അസ്‌ന തന്റെ ഹാന്‍ഡ്ക്രാഫ്റ്റഡ് ഗിഫ്റ്റുകളില്‍ നിന്നുള്ള വരുമാനംകൊണ്ട് ഒരു സ്‌കൂള്‍ പണിയാനൊരുങ്ങുകയാണ്. സ്‌കൂളിന്റെ നിര്‍മാണം പൂര്‍ണമായും നടത്താനായില്ലെങ്കിലും തന്റെ വരുമാനംകൊണ്ട് ചെറിയൊരു ഭാഗമെങ്കിലും പൂര്‍ത്തിയാക്കണമെന്നാണ് അസ്‌നയുടെ ആഗ്രഹം. നെട്ടൂര്‍ സ്വദേശിനിയും തൃക്കാക്കര കെ.എം.എ. കോളേജിലെ അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയുമാണ് അസ്‌ന അന്‍സാര്‍.

പ്ലസ് ടു പഠനം കഴിഞ്ഞ സമയത്താണ് അസ്‌ന പാണാവള്ളി 'അസീസി സ്‌പെഷ്യല്‍ സ്‌കൂളി'ല്‍ ആദ്യമായി എത്തുന്നത്. കുട്ടികളെ ക്രാഫ്റ്റ് വര്‍ക്കുകള്‍ പഠിപ്പിക്കാനായിരുന്നു ആ വരവ്. ഒഴിവുസമയങ്ങളില്ലാം സ്‌കൂളിലെ ക്രാഫ്റ്റ് അധ്യാപികയായി അസ്‌ന മാറി. അവിടത്തെ പരിമിത സാഹചര്യങ്ങള്‍ മനസ്സിലാക്കിയതോടെ സ്‌കൂളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കാന്‍ അസ്‌ന ശ്രമംതുടങ്ങി. 'ആര്‍ട്ടിസ്ട്രി ട്രെന്‍ഡി ഷോപ്പ്' എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു അക്കൗണ്ട് ആരംഭിച്ചു. കസ്റ്റമസൈഡ് ഹാന്‍ഡ് ക്രാഫ്റ്റുകള്‍ നിര്‍മിച്ച്, ബര്‍ത്ത്ഡേ-വിവാഹ സമ്മാനങ്ങളുടെ വില്‍പ്പന ആരംഭിച്ചു. ഹല്‍ദി, ഗുലാബി, ബര്‍ത്ത്ഡേ ഇവന്റുകള്‍ നടത്തി അതിലൂടെയും സ്‌കൂളിന് വരുമാനം കണ്ടെത്തി. ലോക്ഡൗണ്‍ വന്നതോടെ സമ്മാനങ്ങള്‍ കൊറിയര്‍ ചെയ്യാന്‍ കഴിയാതെ വന്നു. ഇളവുകള്‍ വന്നതോടെ പുതിയ തുടക്കത്തിന്റെ പാതയിലാണ് അസ്‌ന.

''നിങ്ങള്‍ ചെലവഴിക്കുന്ന ഓരോ ചെറിയ തുകയും ഒരു വലിയ ആശയത്തിനു വേണ്ടിയാണ് എന്ന ഉദ്ദേശ്യത്തിലാണ് പേജ് തുടങ്ങിയത്. ഗിഫ്റ്റുകള്‍ വില്‍ക്കുന്നത് സ്‌കൂളിനു വേണ്ടിയാണെന്നറിഞ്ഞതോടെ കുറേയധികം പേര്‍ വാങ്ങുന്നുണ്ട്. വലിയൊരു തുകയാക്കി സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, അത്തരത്തില്‍ വില്‍പ്പന നടക്കാത്തതിനാല്‍ കിട്ടുന്ന തുക സ്‌കൂളിന്റെ അക്കൗണ്ടിലേക്ക് നല്‍കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീരുന്നതു വരെ പ്രവര്‍ത്തനങ്ങള്‍ തുടരും'' -അസ്‌ന പറയുന്നു.

2011-ല്‍ 15 കുട്ടികളുമായി ആരംഭിച്ച സ്‌കൂളില്‍ ഇപ്പോള്‍ 75 കുട്ടികളുണ്ട്. പ്രത്യേക പരിചരണവും ശ്രദ്ധയും വേണ്ട കുട്ടികളായതിനാല്‍ത്തന്നെ നിലവിലെ സ്‌കൂളിന്റെ പരിമിത സാഹചര്യങ്ങള്‍ പര്യാപ്തമല്ലായിരുന്നു. 2016-ല്‍ പുതിയ കെട്ടിടനിര്‍മാണം ആരംഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മുന്നോട്ടു പോയില്ലെന്ന് 'അസീസി സ്‌പെഷ്യല്‍ സ്‌കൂള്‍' പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോളി പറയുന്നു.

35 ശതമാനം തുക സര്‍ക്കാരില്‍നിന്ന് ഗ്രാന്റ് ലഭിക്കുന്നുണ്ട്. പക്ഷേ, അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം നല്‍കാന്‍ മാത്രമാണിത്. അസ്‌ന കരകൗശല സാധനങ്ങള്‍ വിറ്റു നല്‍കുന്ന തുകയും ആശ്വാസമാണെന്ന് സിസ്റ്റര്‍ ഡോളി പറഞ്ഞു.

Content Highlights: Special story about asna ansar