കൊറോണക്കാലത്തെ ലോക്ക്ഡൗണ്‍ പലര്‍ക്കും ഒരു പുതുഅനുഭവമാണ്. വീടിനുള്ളില്‍ തന്നെ ചടഞ്ഞുകൂടിയിരിക്കുന്നത് പലരിലും മടുപ്പുളവാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളിലൂടെ മുമ്പും കടന്നുപോയിട്ടുള്ള ചില വിഭാഗമുണ്ട്, കാന്‍സര്‍ രോഗികള്‍. ഈ ലോക്ക്ഡൗണ്‍ കാലം തന്റെ കാന്‍സര്‍കാല ആശുപത്രി ദിനങ്ങളെ ഓര്‍മിപ്പിക്കുന്നുവെന്ന് ബോളിവുഡ് നടി മനീഷ കൊയ്‌രാള പറഞ്ഞ് അധികമായില്ല. ഇപ്പോഴിതാ നടി സൊനാലി ബിന്ദ്രയും അത്തരം അനുഭവം പങ്കുവെക്കുകയാണ്. 

ഈ ലോക്ക്ഡൗണിനെ താന്‍ നേരിടുന്നത് എങ്ങനെയാണെന്ന് പങ്കുവെക്കുകയാണ് സൊനാലി. തന്നെ സംബന്ധിച്ചിടത്തോളം ഇതു പുതിയ അനുഭവമല്ലെന്നും കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഒരു ക്വാറന്റൈന്‍ പോലെയായിരുന്നുവെന്നും സൊനാലി പറയുന്നു. തനിക്ക് ആകെ തോന്നിയ മാറ്റം സന്ദര്‍ശകര്‍ വരുന്നില്ലെന്നതാണെന്നും സൊനാലി പറയുന്നു. 

ലോക്ക്ഡൗണ്‍ കാലത്ത് ഏറെ മിസ് ചെയ്യുന്നത് മാതാപിതാക്കളെയാണെന്നും സൊനാലി. വീട്ടുകാരെ കാണുന്നില്ല എന്നത് സങ്കടകരമാണെങ്കിലും മറ്റു ചില കാര്യങ്ങളില്‍ അനുഗ്രഹീതര്‍ തന്നെയാണ്. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുന്നവരാണ് തന്റെ മാതാപിതാക്കള്‍, അതിനാല്‍ അധികം യാത്ര ചെയ്യാന്‍ കഴിയില്ല. ലോക്ക്ഡൗണ്‍ കഴിഞ്ഞാലുടന്‍ ആദ്യം ചെയ്യുന്നത് അവരെപ്പോയി കാണലാണ്. - സൊനാലി പറയുന്നു.

തന്റെ ചികിത്സയുടെ ഓരോ ഘട്ടങ്ങളും ആരാധകരുമായി പങ്കുവെച്ചിട്ടുള്ള താരമാണ് സൊനാലി. മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് കാന്‍സറിനെ തോല്‍പ്പിച്ച് താരം ജീവിതത്തിലേക്ക് മടങ്ങിയത്. മുടി പൂര്‍ണമായും കൊഴിഞ്ഞുപോയ ചിത്രം പോസ്റ്റ് ചെയ്ത് സൊനാലി കാന്‍സര്‍ അനുഭവങ്ങള്‍ പങ്കുവച്ചതും വാര്‍ത്തയായിരുന്നു.

Content Highlights: Sonali Bendre On Lockdown