രുവർഷംമുമ്പ് 630 രൂപ മുതൽമുടക്കിലാണ് പെരിങ്ങോട്ടുകര സ്വദേശിനി ശ്രീലക്ഷ്മി ഒരു കൗതുകത്തിന് സോപ്പുനിർമാണം തുടങ്ങിയത്. ഒരു വർഷം പിന്നിടുമ്പോൾ അഞ്ചുപേർക്ക് തൊഴിൽ നൽകുന്ന സംരംഭകയായി ഈ 29-കാരി. തൃപ്രയാർ ശ്രീവിലാസം യു.പി. സ്കൂളിലെ അധ്യാപിക, പി.എസ്.സി. കോച്ചിങ് സ്ഥാപനത്തിലെ ജീവനക്കാരി, പ്രാദേശിക ചാനലിലെ വാർത്താവതാരക... ഇങ്ങനെ തിരക്കിന്റെ കാലത്താണ് കോവിഡിന്റെ വരവ്.

യുട്യൂബിൽ കറ്റാർവാഴകൊണ്ട് സോപ്പുണ്ടാക്കുന്ന വീഡിയോ കണ്ടതാണ് ശ്രീലക്ഷ്മിയുടെ ജീവിതത്തിലെ വഴിത്തിരിവ്. സുഹൃത്തിനെക്കൊണ്ട് ഓൺലൈനിൽ സോപ്പ് നിർമാണത്തിനുള്ള കിറ്റ്‌ വാങ്ങിപ്പിച്ചു. അയൽവീട്ടിൽ നിന്ന്‌ കറ്റാർവാഴത്തണ്ടും സംഘടിപ്പിച്ചു. കൗതുകത്തിന് സോപ്പുണ്ടാക്കിനോക്കി. ആദ്യപരീക്ഷണം സുഹൃത്തുക്കളെ കാണിച്ചപ്പോൾ അവർ ഫുൾ മാർക്ക് നൽകി. പിന്നീട് കൂടുതൽ സോപ്പുണ്ടാക്കി ഇതിന്റെ വീഡിയോ ഫെയ്സ്ബുക്കിലിട്ടു. വീഡിയോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ഇതൊരു ബിസിനസാക്കി മാറ്റാമെന്ന ചിന്ത വന്നത്.

അയ്യന്തോൾ ചെറുകിട വ്യവസായകേന്ദ്രത്തിൽനിന്ന്‌ ലൈസൻസ് നേടിയശേഷം എവർലി ഓർഗാനിക്സ് എന്ന പേരിൽ ബ്രാൻഡുണ്ടാക്കി. രണ്ടാംക്ലാസുകാരിയായ മകൾ അഷ്മിതയായിരുന്നു ആദ്യത്തെ സഹായി. നിലവിൽ അഞ്ചുപേർ ശ്രീലക്ഷ്മിക്കൊപ്പം തൊഴിലെടുക്കുന്നു. ശ്രീലക്ഷ്മി സെയ്ൽസ് എന്ന പേരിലുള്ള ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഓൺലൈനായാണ് വിപണനം. കറ്റാർവാഴ, റെഡ് വൈൻ, ചാർക്കോൾ, പപ്പായ തുടങ്ങിയ ഫ്ലേവറുകളിലാണ് സോപ്പുകൾ. 50 മുതൽ 350 രൂപ വരെയാണ് വില. സോപ്പിനുപുറമേ ഷാംപൂ, ഫെയ്സ് വാഷ്, ഫെയ്സ് പാക്ക്, ലിപ് ബാം, ലിപ്-ബോഡി സ്‌ക്രബ്, ഹെയർ ഓയിലുകൾ, കറ്റാർവാഴ ജെൽ, ഗിഫ്റ്റ് ഹാംപറുകൾ തുടങ്ങിയ ഉത്പന്നങ്ങളും ശ്രീലക്ഷ്മിയുടെ യൂണിറ്റിൽ ഉത്പാദിപ്പിക്കുന്നു.

മാസം അഞ്ഞൂറിലേറെ സോപ്പുകൾ വിറ്റുപോകുന്നുണ്ട്. പ്രതിമാസം അമ്പതിനായിരത്തോളം രൂപ വരുമാനം എവർലി ഓർഗാനിക്സ് നേടിത്തരുന്നുണ്ടെന്ന് ശ്രീലക്ഷ്മി പറയുന്നു. വയലാർ രാമവർമ ഫൗണ്ടേഷന്റെ 2021-ലെ യുവസംരംഭകയ്ക്കുള്ള പുരസ്കാരവും ശ്രീലക്ഷ്മി നേടിയിട്ടുണ്ട്. പെരിങ്ങോട്ടുകര ചേന്ദംകുളം പരേതനായ സദാനന്ദന്റെയും കനകത്തിന്റെയും മകളാണ്.

Content Highlights: soap entrepreneur sreelakshmi, women entrepreneurs, women entrepreneurs i n india, famous women entrepreneurs, inspiring women stories