കോഴിക്കോട്: ''കഴിഞ്ഞ 12 കൊല്ലമായി എനിക്ക് ദുരിതം മാത്രമേയുള്ളൂ. ഇത്രയും കാലം ആരോടും പറയാതെ സഹിച്ചു... ഇന്നിപ്പോള്‍ പല ഭാഗത്തുനിന്നും സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ധൈര്യത്തിലാണ് പറയുന്നത്...''- ജെന്‍ഡര്‍ റിസോഴ്സ് സെന്ററിലേക്ക് വിളിച്ച ഒരു പരാതിക്കാരി പറഞ്ഞതാണിത്. നാളെയെക്കുറിച്ചുള്ള ആധിയോടെ തന്നെ പലരും ഇപ്പോള്‍ കുടുംബശ്രീ 'സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കി'ലേക്ക് വിളിക്കുന്നുണ്ട്. സ്ത്രീധനവും ഗാര്‍ഹികപീഡനവും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പരാതി പറയാന്‍ മടിച്ചിരുന്ന പലരും ആത്മധൈര്യത്തോടെ മനസ്സുതുറക്കാന്‍ മുന്നോട്ടുവരുന്നു...

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണ ഉറപ്പാക്കും

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 'സ്‌നേഹിത' തുടങ്ങി മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ രജിസ്റ്റര്‍ ചെയ്തത് 1615 കേസുകളാണ്. 966 കേസുകള്‍ ഫോണ്‍വഴിയും 649 അല്ലാതെയുമാണ് ലഭിച്ചത്. 90 ശതമാനം പരാതികളും തീര്‍പ്പാക്കി.

പുനരധിവാസം ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കി. 134 പേര്‍ക്ക് താമസസൗകര്യവും 237 പേര്‍ക്ക് താത്കാലിക സൗകര്യവും ഒരുക്കി. 966 പേര്‍ക്ക് കൗണ്‍സലിങ് നല്‍കി. കെല്‍സയുടെ സഹായത്തോടെ നിയമസേവനം നല്‍കുന്നു.

കോവിഡിന്റെ ആദ്യഘട്ടത്തില്‍ മാത്രം 1719 പേര്‍ക്ക് മാനസിക പിന്തുണയേകി. രണ്ടാംഘട്ടത്തില്‍ മേയ് ഏഴ് മുതല്‍ ജൂണ്‍ 21 വരെ 4519 പേരിലേക്കെത്തി. ഗാര്‍ഹികപീഡനം (22), കുടുംബപ്രശ്‌നം (53), കുട്ടികള്‍ക്കെതിരേയുള്ള അതിക്രമം (12) എന്നിവയൊക്കെ ഇക്കൂട്ടത്തില്‍പ്പെടും.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കില്‍ സഹായത്തിന് കൗണ്‍സലര്‍മാരും കെയര്‍ടേക്കറും എല്ലാമുണ്ട്.

ജില്ലയില്‍ മൊത്തം 33 ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍ ഉണ്ട്. ഫോണ്‍: 0495-2371100 (സിവില്‍ സ്റ്റേഷന് സമീപം), ടോള്‍ ഫ്രീ: 180 04250251.

പ്രശ്നങ്ങള്‍ തുറന്ന് പറയാം

പലരും ഇത്തരം സംവിധാനങ്ങളെക്കുറിച്ച് അറിയുന്നില്ല. അതോടൊപ്പം പരാതിപ്പെട്ടാല്‍ കൂടുതല്‍ ബുദ്ധിമുട്ടാകുമോയെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ മാസങ്ങളിലെല്ലാം നടത്തിയ പലതരം ബോധവത്കരണത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി കൗണ്‍സലര്‍മാര്‍ പറയുന്നു. ഇതിന്റെ ഭാഗമായി ഇപ്പോള്‍ ജില്ലാതലത്തില്‍ സര്‍വേ നടത്താന്‍ ഒരുങ്ങുകയാണ്.

കോര്‍പ്പറേഷനില്‍ സര്‍വേ തുടങ്ങിക്കഴിഞ്ഞു. കുടുംബശ്രീ അംഗങ്ങള്‍ക്കിടയിലൂടെ കൂടുതല്‍ പേരിലെത്തിക്കാനാണ് ശ്രമം. വാര്‍ഡുകളിലുള്ള അഞ്ച് അംഗങ്ങള്‍ വീതമുള്ള വിജിലന്റ് ഗ്രൂപ്പുകളിലൂടെ പ്രശ്‌നങ്ങള്‍ അറിയാനുള്ള സൗകര്യവും ഉണ്ട്. അഭിപ്രായ സര്‍വേ പൂര്‍ത്തിയായാല്‍ കൂടുതല്‍പേരിലേക്ക് സഹായം എത്തിക്കാനാകുമെന്ന് കമ്യൂണിറ്റി കൗണ്‍സലര്‍ വി.കെ. ലിബിന പറഞ്ഞു.

മടിക്കേണ്ടതില്ല

ശാരീരിക-മാനസികാതിക്രമം, ലൈംഗികപീഡനം, കുട്ടികള്‍ക്ക് നേരെയുള്ള അക്രമം, ഗാര്‍ഹികപീഡനം, മദ്യപാനം തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം അറിയിക്കാം.

-ഇ. പ്രിയ
ജില്ലാ പ്രോജക്ട് മാനേജര്‍
ജെന്‍ഡര്‍ ഡെവലപ്മെന്റ് പ്രോഗ്രാം

ബോധവത്കരിക്കുന്നു

ബോധവത്കരണത്തിന്റെ ഭാഗമായി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.അത് പലര്‍ക്കും സഹായകമാകുന്നുണ്ട്.

-പി.സി. കവിത

കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍

Content Highlights: Snehitha Gender Help desk