കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ തേടി മറ്റൊരുനേട്ടം കൂടി. രണ്ടാം മോദി മന്ത്രിസഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി സ്മൃതി ഇറാനി. പ്രായത്തിന്റെ കാര്യത്തില്‍ ഒന്നാം മോദി മന്ത്രിസഭയേക്കാള്‍ ചെറുപ്പമാണ് രണ്ടാം മോദി മന്ത്രിസഭ. ആദ്യത്തെ മന്ത്രിസഭയുടെ ശരാശരി പ്രായം 62 ആയിരുന്നു. എന്നാല്‍ ഇത്തവണ അത് 60 ആണ്. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി സ്മൃതി ഇറാനിയാണ്. സ്മൃതിയുടെ പ്രായം 43 വയസാണ്. സ്മൃതി കഴിഞ്ഞാല്‍ ഏറ്റവും  പ്രായം കുറഞ്ഞ മന്ത്രി മുന്‍ ബിസിസിഐ പ്രസിഡന്റ്കൂടിയായ അനുരാഗ് സിങ്ങ് താക്കൂറാണ്.

47 കാരനായ കിരണ്‍ റിജുവും പ്രായം കുറഞ്ഞ മന്ത്രിമാരില്‍ ഉള്‍പ്പെടുന്നു. മാന്‍സുഖ് മാണ്ഡവ്യക്കും സഞ്ജീവ് കുമാര്‍ ബാലയാനും 46 വയസാണ്. ലോക് ജനശക്തി നേതാവ് രാം വിലാസ് പാസ്വാനാണ് പ്രായത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 73 വയസാണ് അദ്ദേഹത്തിന്റെ പ്രായം. 71 വയസായ തവര്‍ചന്ദ് ഗെലോട്ടും സന്തോഷ് കുമാര്‍ ഗാംഗ്വാറും പിന്നാലെയുണ്ട്. പ്രധാനമന്ത്രിയടക്കം 58 പേരാണ് ഇത്തവണ മന്ത്രിസഭയിലുള്ളത്.  ക്യാബിനറ്റ്  പദവിയുള്ള 25 മന്ത്രിമാരും 33 സഹമന്ത്രിമാരുംമന്ത്രിസഭയില്‍ ഉണ്ട്.

അമേഠിയിലെ ചരിത്ര വിജയത്തോടെ സ്മൃതി മന്ത്രിസഭയിലെ പ്രമുഖരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഇക്കുറി വനിത ശിശുക്ഷേമ വകുപ്പാണ് സ്മൃതിക്ക് ലഭിച്ചിരിക്കുന്നത്. രാഷ്ട്രിയത്തിലെ തിരക്കുകളില്‍ സജീവമാകുമ്പോഴും കുടുംബത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കാന്‍ സ്മൃതി സമയം കണ്ടെത്താറുണ്ട്. 'എന്റെ ലോകം, എന്റെ സ്‌നേഹം' എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസം സ്മൃതി ഇറാനി മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ഇത് സോഷ്യല്‍മീഡയയില്‍ വൈറലാകുകയും ചെയ്തു. മുന്‍അഭിനേത്രി കൂടിയായിരുന്ന സ്മൃതി ഇറാനിക്ക് മോദി മന്ത്രിസഭയില്‍ താര പരിവേഷമാണുള്ളത്.

 

Content Highlights: Smriti Irani youngest minister in Modi govt, council gets younger in 5 years