'ഏറ്റവും വലിയ തകര്‍ച്ചയില്‍ നിന്നാണ് അവള്‍ കരകയറിയത്.' കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്റെ ഇന്‍സ്റ്റഗ്രാമില്‍ ബുധനാഴ്ച പങ്കുവച്ച പോസ്റ്റിലെ വരികളാണ് ഇവ. 2017 ഇന്ത്യ ചൈന അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട മേജര്‍ പ്രസാദ് ഗണേഷിന്റെ ഭാര്യ ഗൗരി പ്രസാദ് മഹാദിക്കിനെ പറ്റിയായിരുന്നു മന്ത്രിയുടെ പോസ്റ്റ്. ഭര്‍ത്താവിന്റെ മരണശേഷം അവര്‍ സൈനികസേവനം ആരംഭിച്ചിരുന്നു. 

'ഞാനൊരു ലോയറാണ് ഒപ്പം കമ്പനി സെക്രട്ടറി കോഴ്‌സും പാസായിരുന്നു. ജോലിയുമണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മരണ ശേഷം ഞാനാജോലി ഉപേക്ഷിച്ചു. ഭര്‍ത്താവിനോടുള്ള ആദരസൂചകമായി ഞാന്‍ സൈനികസേവനത്തിന് ഇറങ്ങുകയാണ്. നമ്മുടേതായ ആ യൂണിഫോം ഞാന്‍ അണിയുകയാണ്.' സൈന്യത്തില്‍ ചേര്‍ന്നതിനെ പറ്റി ഗൗരി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 

ഗൗരി ഈ മാര്‍ച്ചില്‍ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ നിന്ന് പാസായ ശേഷം സൈനിക സേവനം ആരംഭിച്ചിരുന്നു. സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് എക്‌സാം രണ്ടാം ശ്രമത്തില്‍ റാങ്കോടെയാണ് അവര്‍ പാസായത്. 'ഞാന്‍ ഒരിക്കലും കരയില്ല. അത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് ഞാന്‍ ആര്‍മിയില്‍ ചേരാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ സ്വപ്‌നത്തിന് വേണ്ടി ഞാന്‍ ജീവിക്കും.' ഫേസ്ബുക്കില്‍ 2019 ല്‍ ഗൗരി കുറിച്ചു.

മന്ത്രി സ്മൃതി ഇറാനി ഗൗരിയുടെ ധൈര്യത്തെയും ആത്മവിശ്വാസത്തെയും പ്രശംസിച്ചുകൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഗൗരിയുടെ ഇന്റര്‍വ്യൂവിലെ ചെറിയൊരു ഭാഗം ഉള്‍പ്പെടുത്തിയാണ് മന്ത്രിയുടെ പോസ്റ്റ്. 'ഗൗരിയുടെ കഥ കേട്ടിട്ട് എനിക്ക് വലിയ അഭിമാനം തോന്നുന്നു. ഇന്ത്യന്‍ വനിതയുടെ അതിധീരമായ ജീവിതമാണ് ഇത്.' സ്മൃതി ഇറാനി കുറിച്ചു. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഗൗരിയുടെ ത്യാഗത്തിനും സേവനത്തിനും അവരോട് നന്ദി പ്രകടിപ്പിക്കണമെന്ന് തന്റെ ഫോളോവേഴ്‌സിനോട് സ്മൃതി ആവശ്യപ്പെടുന്നുണ്ട്.

Content Highlights: Smriti Irani's instagram post for major's widow who joined army as tribute to him