കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ഒരു ചെറിയ പെണ്‍കുട്ടിയുടെ കഥ വലിയൊരു സന്ദേശം ഉള്‍പ്പെടുത്തി തയ്യാറാക്കിയ ആനിമേഷന്‍ വീഡിയോയാണ് മന്ത്രി പങ്കു വച്ചത്. 

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രാധാന്യം നല്‍കണം എന്ന സന്ദേശമാണ് ഈ വീഡിയോ നല്‍കുന്നത്. കൈയില്‍ ചൂലും അഴുക്കുപുരണ്ട വസ്ത്രങ്ങളും സങ്കടം നിറഞ്ഞ മുഖവുമുള്ള പെണ്‍കുട്ടിയാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്ന് അഴളുടെ കൈയിലെ ചൂല് എടുത്ത് മാറ്റുന്നതും പകരം ബുക്കും ധരിക്കാന്‍ യൂണിഫോമും നല്‍കുന്നതും വീഡിയോയില്‍ കാണാം. അവളുടെ മുഖം സന്തോഷം കൊണ്ട് വിരിയുമ്പോള്‍ പിന്നില്‍ രണ്ട് പൂമ്പാറ്റ ചിറകുകളും വിരിയുന്നതാണ് വീഡിയോ. റോജ സിനിമയിലെ ചോട്ടി സി ആശ (ചിന്ന ചിന്ന ആശൈ) എന്ന പാട്ടാണ് വീഡിയോക്ക് ബാക്ക് ഗ്രൗണ്ടില്‍.

'നിങ്ങളുടെ പെണ്‍മക്കള്‍ക്ക് പറക്കാന്‍ ചിറകുകള്‍ നല്‍കൂ' എന്ന ക്യാപ്ഷനോടെയാണ് സ്മൃതി ഇറാനി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം #BetiBachaoBetiPadhao എന്ന ഹാഷ്ടാഗും മന്ത്രി നല്‍കിയിരിക്കുന്നു. രണ്ട് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. 

ബോഹ്‌റ സിസ്‌റ്റേഴ്‌സ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേതാണ് ഈ വീഡിയോ. ആനിമേറ്റഡ് വീഡിയോകളും ജിഫുകളും വഴി ചെറിയ ഗുണപാഠകഥകള്‍ പറയുന്ന അക്കൗണ്ടാണ് ഇത്. മന്ത്രി പങ്കുവച്ച വീഡിയോ മാസങ്ങള്‍ക്കു മുമ്പേ ചെയ്തതാണെങ്കിലും ശ്രദ്ധനേടുന്നത് ഇപ്പോഴാണ്.

Content Highlights: Smriti Irani posts cute viral video with a powerful message