മുഹമ്മ: കണക്കിനെ കൂട്ടുകാരുടെ ഇഷ്ടവിഷയമാക്കി മാറ്റിയ നന്ദിതയ്ക്കും നിവേദിതയ്ക്കും അന്താരാഷ്ട്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണം. ആദ്യ ലോക്ഡൗണ്‍കാലത്ത് ഇരുവരും ചേര്‍ന്ന് ആരംഭിച്ച 'മാത്സ് മെയ്ഡ് ഈസി' എന്ന ഓണ്‍ലൈന്‍ ക്‌ളാസ് ഹിറ്റായതോടെയാണ് ക്ഷണമെത്തിയത്.

കഴിഞ്ഞവര്‍ഷം ലോക്ഡൗണില്‍ ഓണ്‍ലൈനായി കൂട്ടുകാര്‍ക്ക് വേദഗണിതം പഠിപ്പിച്ചു തുടങ്ങിയതായിരുന്നു കോട്ടയം കേന്ദ്രീയവിദ്യാലയത്തില്‍ പത്താം ക്ലാസുകാരിയായിരുന്ന നന്ദിതയും ആറാം ക്ലാസുകാരിയായിരുന്ന നിവേദിതയും. കണക്കിലെ കളികളും വേഗത്തില്‍ ഉത്തരം കണ്ടെത്തുന്ന മാര്‍ഗങ്ങളും കൂടിയായപ്പോള്‍ ക്ലാസ് ഹിറ്റായി. മുന്നൂറോളംപേര്‍ ഓണ്‍ലൈന്‍ ക്ലാസില്‍ അന്നു പങ്കെടുത്തിരുന്നു.

ഇത്തവണ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി മൂന്നു മുതല്‍ 10 വരെ ക്ലാസുകളില 1,000 പേരാണ് ഓണ്‍ലൈന്‍ ക്ലാസിലെത്തിയത്. ഇതോടെയാണ് ലണ്ടനിലെ ഐ.എ.വി.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വേദിക് മാത്തമാറ്റിക്‌സിന്റെ ഏഴാമത് ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലേക്ക് ഇരുവര്‍ക്കും ക്ഷണമെത്തിയത്. 12-ന് പ്രഭാഷണം നടത്താനും 13-ന് അന്താരാഷ്ട്ര ശില്പശാലയില്‍ ക്ലാസെടുക്കാനുമാണ് അവസരം. വേദഗണിത പരിശീലകനായ തണ്ണീര്‍മുക്കം വൈശാഖില്‍ പി. ദേവരാജിന്റെയും പാമ്പാടി ഗവ. എന്‍ജിനിയറിങ് കോളേജില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറായ പി.എസ്. ധന്യയുടെയും മക്കളാണ് ഇരുവരും.

Content Highlights: Sisters behind maths made easy online classes