അച്ഛനാകാനുള്ള സ്വന്തം സഹോദരന്റെ ആഗ്രഹം സഫലമാക്കാന്‍ വാടകമാതാവായി സഹോദരി. മാഞ്ചസ്റ്റര്‍ സ്വദേശിനിയായ നാല്‍പത്തിരണ്ടുകാരി ട്രെയ്‌സി ഹള്‍സാണ് സഹോദരനായ അന്തോണി വില്യംസിന്റെ വളരെ നാളത്തെ കാത്തിനരിപ്പിന് അറുതിവരുത്താന്‍ മുന്നിട്ടിറങ്ങിയത്. സ്വവര്‍ഗാനുരാഗിയായ അന്തോണിയും പങ്കാളി റെയ് വില്യംസിന്റെയും വളരെ കാലത്തെ സ്വപ്‌നമായിരുന്നു സ്വന്തം കുഞ്ഞെന്നത്. ഒരു വര്‍ഷത്തിലധികമായി വാടകമാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇരുവരും. 

മാഞ്ചസ്റ്ററില്‍ സബ് വേയുടെ ഫ്രാഞ്ചസി ഉടമാണ് അന്തോണി. അതേ ബ്രാഞ്ചില്‍ ഏരിയ മാനേജറായാണ് ട്രെയ്‌സിയും ജോലി ചെയ്യുന്നത്. സഹോദരന്റെ ആവശ്യമറിഞ്ഞ് ട്രെയ്‌സി രണ്ട് തവണ സന്നദ്ധത അറിയിച്ചെങ്കിലും അന്തോണി ആദ്യം ഇത് സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. കളിയാക്കുകയാണെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ പിന്നീട് അന്തോണിയും പങ്കാളിയും ട്രെയ്‌സിയുടെ ആവശ്യം കാര്യമായി എടുക്കുകയായിരുന്നു. 

ഈ പ്രായത്തില്‍ ഒരു കുഞ്ഞിന് ഗര്‍ഭം നല്‍കിയാല്‍ ട്രെയ്‌സിക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു ട്രെയ്‌സിയുടെ ഭര്‍ത്താവിന്റെ ആശങ്ക. ആറ് മക്കളുടെ അമ്മ കൂടിയാണ് ട്രെയ്‌സി. എന്നാല്‍ ട്രെയ്‌സിക്ക് ഇക്കാര്യത്തില്‍ ഒരു ഭയവും ഉണ്ടായിരുന്നില്ലെന്നും തന്റെ സഹോദരന്റെ കുഞ്ഞിന് താന്‍ സുരക്ഷിതമായി ജന്മം നല്‍കുമെന്ന ഉറച്ച വിശ്വാസം അവര്‍ക്കുണ്ടായിരുന്നെന്നും ട്രെയ്‌സിയുടെ ഭര്‍ത്താവ് ഡെയിലിമെയിലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

തന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത സമ്മാനമാണ് അവള്‍ തന്നതെന്നാണ് അന്തോണിയുടെ അഭിപ്രായം. രണ്ട് തവണ ഐ വി എഫ് പരാജയപ്പെട്ടെങ്കിലും മൂന്നാം തവണം ഭാഗ്യം ഇവരെ തുണക്കുകയായിരുന്നു. സിസേറിയനിലൂടെയാണ് ട്രെയ്‌സി കുഞ്ഞിന് ജന്മം നല്‍കിയത്. തിയോ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞ് തിയോ രണ്ട് അച്ഛന്മാരുടെയും ഒപ്പം സന്തോഷവാനാണെന്ന് ട്രെയ്‌സി.

Content Highlights: Sister Carries Surrogate Child of Gay Brother