പ്രിയ സഖാവ് ബ്രിട്ടോ, അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു തന്റെ ശാരീരിക പരിമിതികളെ മറന്ന് ഒരു ഭാരത യാത്ര, ആ യാത്രയെക്കുറിച്ച് ഒരു പുസ്തകം. 2015 ഏപ്രില്‍ ഒന്നിന് തന്റെ അംബാസഡര്‍ കാറില്‍ ഡ്രൈവറുമായി ബ്രിട്ടോ യാത്ര ആരംഭിച്ചു. ഭാരതയാത്രക്ക് ശേഷം ആഗസ്റ്റ് 15ന് തിരികെ കേരളത്തില്‍ എത്തി. പിന്നീട് മൂന്ന് വര്‍ഷക്കാലം തന്റെ യാത്രാ അനുഭവങ്ങളെ പുസ്തകമാക്കി മാറ്റാനുള്ള കഠിന ശ്രമത്തിലായിരുന്നു ബ്രിട്ടോ. അതിന് സഹായിച്ചതാകട്ടെ രക്തസാക്ഷിത്വം വഹിച്ച അഭിമന്യുവും. പക്ഷേ പുസ്തകത്തിന്റെ അവസാന മിനുക്ക് പണികള്‍ക്കിടെ ബ്രിട്ടോ മരിച്ചു. പിന്നീട് പുസ്തകത്തിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമാണ് ഭാര്യ സീനക്ക് തിരികെ കിട്ടിയത്. നഷ്ടപ്പെട്ടവയ്ക്കായി പലസ്ഥലങ്ങളിലും അന്വേഷിക്കുകയും പലരോടും സഹായം ചോദിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. ബ്രിട്ടോയുടെ ആഗ്രഹം സഫലമാക്കണമായിരുന്നു സീനക്ക്. തുടർന്ന്  തന്റെ പ്രിയ സഖാവിന്റെ ആഗ്രഹം സഫലമാക്കുന്നതിനായി ബ്രിട്ടോ കുറിച്ചുവെച്ച അതേ വഴികളിലൂടെ സഞ്ചരിച്ചു. ബ്രിട്ടോയുടെ ഓര്‍മകളുമായി സഞ്ചരിച്ച് ബ്രിട്ടോക്ക് വേണ്ടി പുസ്തകം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സീന.  പുസ്തകത്തെക്കുറിച്ചും തന്റെ യാത്രാ അനുഭവങ്ങളെക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് സീന ഭാസ്‌കര്‍. 

പൂര്‍ത്തിയാക്കാതിരിക്കാനാകില്ല

'ഈ കോവിഡ് കാലമാണ് എന്നെ ഇങ്ങനെയൊരു ചിന്തയിലേക്ക് കൊണ്ട് എത്തിച്ചത്. കോവിഡ് വന്ന് ഞാന്‍ മരിച്ച് പോകുമെന്നൊരു അവസ്ഥ വന്നപ്പോഴാണ് ബ്രിട്ടോയുടെ ആഗ്രഹം പൂര്‍ത്തിയാക്കണമെന്ന് തീരുമാനിച്ചത്. ബ്രിട്ടോയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്ന ഈ ബുക്ക് പുറത്തിറങ്ങാതെ പോയാല്‍ ഇത്രയും കാലം ഞാന്‍ ബ്രിട്ടോയോട് കൂടെ ജീവിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്നൊരു ചിന്ത വന്നു. അങ്ങനെയാണ് രണ്ടും കൽ‍പിച്ച് ഇറങ്ങി പുറപ്പെട്ടത്. അങ്ങനെയാണ് ബ്രിട്ടോയെപ്പോലെ ബ്രിട്ടോ സഞ്ചരിച്ച അതേ വഴികളിലൂടെ അദ്ദേഹത്തിന്റെ കുറിപ്പുകളുമായി ഞാനും യാത്ര നടത്തിയത്.' 

seena bhaskar

ബ്രിട്ടോ എല്ലാം എഴുതി പൂര്‍ത്തിയാക്കിയതായിരുന്നു 2100 പേജുകളായിരുന്നു ഉണ്ടായിരുന്നത്. അതിന്റെ അവസാന വട്ട മിനുക്ക് പണികള്‍ക്കിടെയാണ് ബ്രിട്ടോ മരണപ്പെടുന്നത്. ഇതിനിടയില്‍ ബ്രിട്ടോയുടെ കൈപ്പടയില്‍ തീര്‍ത്ത ഈ എഴുത്ത് തൃശൂര്‍ പി ഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ നിന്നും ബ്രിട്ടോയോടൊപ്പം നഷ്ടപ്പെട്ടു. 1200 ഓളം പേജുകള്‍ നഷ്ടമായിട്ടുണ്ട്. പാര്‍ട്ടിയിലും മറ്റ് പലയിടത്തും ഇക്കാര്യം വ്യക്തമാക്കി പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. 2015 ആഗസ്റ്റ് 15ന് ഭാരത യാത്രക്ക് ശേഷം തിരികെ എത്തിയ ബ്രിട്ടോയുടെ മൂന്ന് വര്‍ഷത്തെ പരിശ്രമമായിരുന്നു അത്. പോകുന്നിടത്തെല്ലാം ബ്രിട്ടോ പുസ്തകം കൊണ്ടുപോകുമായിരുന്നു. കിട്ടുന്ന സമയത്തെല്ലാം പുസ്തകം എഴുതുകയായിരുന്നു. എഴുതാന്‍ അറിയാവുന്ന ആരെയെങ്കിലും കണ്ടാല്‍ ഒരു പത്ത് മിനിറ്റ് എഴുതി തരാമോ എന്ന് കെഞ്ചി ചോദിച്ചും അത്രയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുമാണ് ബ്രിട്ടോ പുസ്തകം എഴുതി തീര്‍ത്തത്. അഭിമന്യൂവാണ് ബുക്കിന്റെ മുക്കാല്‍ ഭാഗവും എഴുതിക്കൊടുത്തത്. രാഷ്ട്രീയവും ചരിത്രവും മിത്തും പൗരാണികതയുമെല്ലാം ബ്രിട്ടോയുടെ എഴുത്തില്‍ ഉണ്ടായിരുന്നു. അന്ന് ബുക്കെഴുതുമ്പോള്‍ അഭിമന്യു പറയുമായിരുന്നു' സഖാവേ ഇതൊരു ഒന്നൊന്നര സംഭവമാകും' എന്ന്. ഈ ബുക്കിന്റെ പിന്നാലെ ഞാന്‍ വീണ്ടും സഞ്ചരിക്കുമ്പോള്‍ വൈകാരികമായി എന്നെ അലട്ടിയത് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ബ്രിട്ടോയും അഭിമന്യൂവും ഇന്ന് ഇല്ലായെന്നുള്ളതാണ്. 

ഈ യാത്രയില്‍ ബ്രിട്ടോ എന്നോടൊപ്പം 

ബ്രിട്ടോയുടെ കുറിപ്പുമായി ബ്രിട്ടോ സഞ്ചരിച്ച വഴികളിലൂടെയാണ് ഞാനും യാത്ര ചെയ്തത്. എനിക്ക് വായിച്ചിട്ട് വലിയ വിഷമമായിരുന്നു. നടുറോഡിലും, ശവപ്പറമ്പിലും കിടന്നൊക്കെയായിരുന്നു ബ്രിട്ടോയുടെ യാത്ര. 85 ശതമാനം ചലനശേഷി ഇല്ലാതിരുന്നിട്ടും ആ യാത്ര പൂര്‍ത്തിയാക്കാനും പുസ്തകമാക്കാനും അദ്ദേഹം വളരെ കഷ്ടപ്പെട്ടിരുന്നു. എന്നെ ഈ യാത്ര ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു. ബ്രിട്ടോയുടെ ഓര്‍മകളില്‍ ആ യാത്ര വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടായിരുന്നു. ഞാന്‍ ബ്രിട്ടോയെ സ്വപ്‌നം കാണുന്നുണ്ടായിരുന്നു. മോളെ നന്നായി വളര്‍ത്തണം പുസ്തകം പുറത്തിറക്കണം എന്നിങ്ങനെ എന്റെ ചെവിയില്‍ പറയുന്നുണ്ടായിരുന്നു. ബ്രിട്ടോ പല സ്ഥലങ്ങളെക്കുറിച്ചും എന്നോട് പറഞ്ഞിരുന്നു. ഏറെ വേദനിപ്പിക്കുന്നതായിരുന്നു ആ യാത്ര. യാത്രയിലൂടനീളം അദ്ദേഹം പറഞ്ഞ പലരേയും കണ്ടു. പറഞ്ഞ് കേട്ട പല കഥകളും നേരില്‍ കണ്ടു. 

അരുണാചലില്‍ കൂടി യാത്ര ചെയ്യുമ്പോള്‍ ഒരു അമ്പത് വര്‍ഷം മുന്‍പുള്ള കേരളം എങ്ങനെയാണോ അതാണ് ഓര്‍മ വന്നത്. പക്ഷേ ഉത്തര്‍പ്രദേശില്‍ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. യു പി യാണ് ഏറ്റവും പ്രശ്‌നമുള്ള സ്ഥലമായി എനിക്ക് തോന്നിയത്. പേര് പറയുമ്പോള്‍ തന്നെ അവര്‍ മുഴുവന്‍ പേരും ചോദിക്കുന്നുണ്ടായിരുന്നു. സീന എന്ന പേര് കേള്‍ക്കുമ്പോള്‍ സാധാരണ ഒരു മുസ്ലീമിന്റേതാണെന്ന് ധരിക്കാം. അതുകൊണ്ട് സീന ഭാസ്‌കര്‍ എന്ന് തന്നെ പറയണമെന്ന് ഉപദേശങ്ങള്‍ വരെയുണ്ടായി. 

seena

പ്രിയ സഖാവ് 

സുനിത് ചോപ്രയാണ് അന്ന് ബ്രിട്ടോക്ക് റൂട്ട് എല്ലാം ശരിയാക്കി കൊടുത്തത്. എന്റെ യാത്രയെക്കുറിച്ച് അറിഞ്ഞപ്പോള്‍ സുനിത് ചോപ്ര എന്റെ യാത്രയെ വിലക്കിയിരുന്നു. അന്ന് ബ്രിട്ടോ പോയപ്പോള്‍ ഉള്ള സാഹചര്യമല്ല ഇന്ന് ഉള്ളതെന്നും വലിയ അപകടമാണെന്നുമൊക്കെ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ഗംഗ നിറഞ്ഞൊഴുകുന്നു, ബ്രഹ്മപുത്രയില്‍ വെള്ളപ്പൊക്കം അങ്ങനെ നിരവധി പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അറിഞ്ഞതോടെ അദ്ദേഹം പറഞ്ഞത് 'നിങ്ങള്‍ ബ്രിട്ടോക്ക് പറ്റിയ ആളാണ്. ഞാന്‍ നിങ്ങളില്‍ ബ്രിട്ടോയെ കാണുന്നു' എന്നായിരുന്നു. 

ഡിസംബറില്‍ പുസ്തകം പുറത്തിറങ്ങും 

തൃശൂര്‍ സമത ബുക്‌സിലെ ഉഷാകുമാരി ടീച്ചറിനെയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിനായി ഏല്‍പ്പിച്ചിരിക്കുന്നത്. പഴയ എസ്എഫ്ഐ വിദ്യാര്‍ഥി നേതാവായിരുന്നു ടീച്ചര്‍. അതുകൊണ്ട് തന്നെ ടീച്ചര്‍ പറഞ്ഞ വാക്ക് പാലിക്കുമെന്ന വിശ്വാസമുണ്ട്. ഡിസംബര്‍ 31 ആകുമ്പോള്‍ ബ്രിട്ടോ പോയിട്ട് മൂന്ന് വര്‍ഷമാകുന്നു. അതിന് മുന്‍പ് പുസ്തകം പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.

Content Highlights: Simon Britto, seena bhaskar, simon britto travelogue, simon britto life