മികച്ച അഭിനേത്രി മാത്രമല്ല അസ്സൽ നർത്തകി കൂടിയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. സിനിമകളിൽ നിന്ന് വിട്ടുനിന്നപ്പോഴും ഡാൻസ് റിയാലിറ്റി ഷോകളിലെ സാന്നിധ്യമായി ശിൽപയുണ്ടായിരുന്നു. ഇപ്പോഴിതാ നൃത്തച്ചുവടുകൾ പങ്കുവച്ച് തന്റെ ഭർതൃമാതാവ് ഉഷാ റാണി കുന്ദ്രയ്ക്ക് പിറന്നാളാശംസകൾ ഏകിയിരിക്കുകയാണ് താരം. 

അമ്മയ്ക്കൊപ്പം ബാം​ഗ്രാ നൃത്തച്ചുവടുകൾ വെക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ​ഗുഡ്ന്യൂസ് എന്ന ചിത്രത്തിലെ ഖരാ ഖരാ എന്ന ​ഗാനത്തിനാണ് ഇരുവരും ചുവടുകൾ വെക്കുന്നത്. ഇടയ്ക്ക് ശിൽപയുടെ മകനും ഇരുവർക്കുമരികിലെത്തി ചുവടുകൾ വെക്കുന്നതു കാണാം. മനോഹരമായ പിറന്നാളാശംസ കുറിച്ചാണ് ശിൽപ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

വിസ്മയിപ്പിക്കുന്ന അമ്മായിയമ്മയ്ക്ക് പിറന്നാളാശംസകൾ... കുടുംബത്തിലെ റോക്ക്സ്റ്റാറാണ് അമ്മ. അമ്മയിലൂടെ ഒരു സുഹ‍ൃത്തിനെയും നൃത്തം ചെയ്യാനുള്ള പങ്കാളിയെയും ലഭിച്ച ഭാ​ഗ്യവതിയായ മരുമകളാണ് ഞാൻ. ജീവിതത്തിലുടനീളം സന്തോഷത്തോടെ നൃത്തം ചെയ്യാൻ കഴിയട്ടെ.. ആരോ​ഗ്യവതിയായിരിക്കട്ടെ... ഞങ്ങളെല്ലാം നിങ്ങളെ സ്നേഹിക്കുന്നു...- ശിൽപ കുറിച്ചു. 

മുമ്പും ഭർത്താവിന്റെ അമ്മയ്ക്കൊപ്പമുള്ള വീഡിയോ ശിൽപ പങ്കുവച്ചിട്ടുണ്ട്. തന്നെപ്പോലെ ഉഷാറാണിയും ഫിറ്റ്നസ് ഫ്രീക് ആണെന്നു തെളിയിക്കുന്നൊരു വീഡിയോ ആണ് താരം അന്ന് പങ്കുവച്ചത്. പ്രമേഹരോ​ഗിയായ അമ്മ വ്യായാമം മുടക്കാറില്ലെന്നും ആരോ​ഗ്യത്തെ വിലമതിക്കുന്ന അമ്മ തങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നുവെന്നുമാണ് ശിൽപ അന്ന് കുറിച്ചത്. 

Content Highlights: shilpa shetty shares a dance video with mother in law