ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി. നാല്‍പതുകളിലും യുവാക്കളെ വെല്ലുന്ന ചുറുചുറുക്കിനു പിന്നില്‍ വ്യായാമവും ഡയറ്റിങ്ങുമൊക്കെയാണെന്ന് താരം പറയാറുണ്ട്. ശില്‍പയുടെ ഹെല്‍ത്തി റെസിപ്പികള്‍ക്കും ആരാധകരേറെയാണ്. ഇപ്പോള്‍ ശില്‍പ പങ്കുവച്ചിരിക്കുന്ന വിശേഷം തന്റെ പ്രിയ്യപ്പെട്ട ഒരു ആഭരണത്തെക്കുറിച്ചാണ്. ഇരുപതു കാരറ്റിന്റെ ഡയമണ്ട് മകന്‍ വിയാന്‍ രാജിന്റെ ഭാവി ഭാര്യക്ക് സമ്മാനിക്കുന്നതിനെക്കുറിച്ച് പറയുകയാണ് ശില്‍പ. 

മകന്റെ ഭാവി ഭാര്യക്ക് തന്റെ 20 കാരറ്റ് ഡയമണ്ട് കൊടുക്കാന്‍ തയ്യാറാണ്, പക്ഷേ ഒരു നിബന്ധനയുണ്ടെന്നു പറയുകയാണ് ശില്‍പ. നിന്റെ ഭാര്യ എന്നോട് സ്‌നേഹത്തില്‍ നിന്നാല്‍ അവള്‍ക്ക് ഈ ഇരുപതു കാരറ്റ് ഡയമണ്ട് കൊടുത്തേക്കാം എന്നാണ് ശില്‍പ മകനോട് പറഞ്ഞത്‌. അതല്ലെങ്കില്‍ ചെറുതെന്തെങ്കിലും കിട്ടി തൃപ്തിപ്പെടേണ്ടി വരുമെന്നും ശില്‍പ പറയുന്നു. തന്റെ ജീവിതത്തില്‍ അമ്മയെന്ന റോളിനാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നതെന്നും ശില്‍പ പറയുന്നു. ഇന്‍സ്റ്റഗ്രാം നോക്കിയാല്‍ കാണാം, അമ്മ എന്നതാണ് തനിക്ക് നല്‍കുന്ന ആദ്യ നിര്‍വചനം, കാരണം അതാണ് എന്നും തനിക്ക് പ്രധാനം- ശില്‍പ പറയുന്നു.

മാതൃദിനത്തില്‍ വിയാന്‍ തനിക്ക് സമ്മാനിച്ച കത്തിന്റെ വീഡിയോ ശില്‍പ പങ്കുവച്ചിരുന്നു. ലോക്ക്ഡൗണ്‍ തുടങ്ങിയതിനു ശേഷം വിയാനൊപ്പം പാചകം ചെയ്യുന്നതിന്റെയും ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന്റെയുമൊക്കെ വീഡിയോ ശില്‍പ പങ്കുവച്ചിരുന്നു. 

2009ല്‍ വിവാഹിതരായ ശില്‍പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കും വിയാനെക്കൂടാതെ സമീഷ ഷെട്ടി എന്നൊരു മകള്‍ കൂടിയുണ്ട്. ഈ വര്‍ഷമാദ്യം വാ‌ടക ​ഗർഭപാത്രത്തിലൂടെയാണ് ശില്‍പ രണ്ടാമതും അമ്മയായത്. 

Content Highlights: Shilpa Shetty says she will give her 20-carat diamond to son Viaan’s future wife