ഒരു ചെറിയ കാര്യം പോലും ജീവിത്തില്‍ സന്തോഷം കൊണ്ടുവരും. ഇക്കാര്യത്തില്‍ ബോളിവുഡ് താരമായ ശില്‍പ ഷെട്ടിക്കും സംശയമൊന്നുമില്ല. 'സന്തോഷത്തോടെ ഇരിക്കാന്‍ വലിയകാര്യങ്ങളൊന്നും വേണമെന്നില്ല, സന്തോഷം ചെറിയ കാര്യങ്ങളിലാണ് ഉള്ളത്.' സന്തോഷം കണ്ടെത്താനുള്ള ടിപ്പുകളാണ് താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
സന്തോഷത്തോടെ ഇരിക്കാന്‍ ചില ചെറിയ കാര്യങ്ങള്‍ മതി. ജീവിത്തിലെ വളരെ ചെറിയ നിമിഷങ്ങളില്‍ നിന്ന് നമുക്കത് കണ്ടെത്താം. നമുക്ക് പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത്, കുട്ടിക്കാലത്തെ സന്തോഷകരമായ നിമിഷങ്ങളെ പറ്റി ചിന്തിക്കുന്നത്, പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത്, അല്‍പം സൂര്യപ്രകാശമൊക്കെ ഏല്‍ക്കുന്നത്. ഇഷ്ടഭക്ഷണം കഴിച്ചാല്‍, സുഹൃത്തിനൊപ്പം കളിക്കാന്‍ പോകുന്നത്, നിങ്ങളെ തന്നെ കൂടുതല്‍ സ്‌നേഹത്തോടെ പരിചരിക്കുന്നത്. മാറ്റി വച്ച ഒരു ലക്ഷ്യം നേടാനുള്ള ശ്രമം, നമുക്ക് ചുറ്റുമുള്ള മനോഹരമായ പ്രകൃതിയിലൂടെ വെറുതേ സംസാരിച്ചു നടക്കുന്നത്... ഇവയെല്ലാം സന്തോഷത്തിന്റെ ഹോര്‍മോണ്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. നിങ്ങളുടെ എല്ലാ ഉത്തരവാദിത്തങ്ങള്‍ക്കും തിരക്കിനുമിടയില്‍ സന്തോഷിക്കാന്‍ മറക്കേണ്ട...' എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നത്. ഒപ്പം ഹാപ്പിനസ് ഹോര്‍മോണുകളുടെ ലിസ്റ്റും താരം പങ്കുവയ്ക്കുന്നുണ്ട്.
സെറോട്ടോണിന്‍, ഡോപമൈന്‍, ഓക്‌സിടോസിന്‍, എന്‍ഡോര്‍ഫൈന്‍സ് എന്നിവയാണ് സന്തോഷത്തിന്റെ ഹോര്‍മോണുകള്‍. ഇവ ഓരോന്നുമാണ് നമ്മുടെ സന്തോഷം, പ്രണയം, ആനന്ദം എന്നിവയെ എല്ലാം ഉത്തേജിപ്പിക്കുന്നത്. ഓരോ ഹോര്‍മോണിന്റെയും പ്രവര്‍ത്തനത്തിന് ആവശ്യമായ കാര്യങ്ങളും ശില്‍പ ഷെട്ടി പറയുന്നുണ്ട്.
ഒരു ജോലി ഏറ്റെടുത്താല്‍ അതിനെ ഭംഗിയായി തീര്‍ക്കുക, സ്വയം സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുക, നല്ല ഭക്ഷണം കഴിക്കുക, ചെറിയ നേട്ടങ്ങളില്‍ സന്തോഷിക്കുക... ഇവയാണ് ഡോപമൈന്‍ ഹോര്‍മോണിനെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങള്‍.
ഓക്‌സിടോസിന്‍ പ്രണയത്തിന്റെ ഹോര്‍മോണാണ്. ഓമന മൃഗങ്ങള്‍ക്കൊപ്പം കളിക്കുക, കൊച്ചുകുട്ടികളെ ലാളിക്കുക, പ്രിയപ്പെട്ടവരുടെ കൈകള്‍ കോര്‍ത്തു പിടിക്കുക, ആലിംഗനം ചെയ്യുക, നേട്ടങ്ങളില്‍ അഭിനന്ദിക്കുക എന്നിവയൊക്കെ ഈ ഹോര്‍മോണിനെ ത്വരിതപ്പെടുത്തും.
സെറോടോണിന്‍ കൂടുതലായി ഉല്പാദിപ്പിക്കാന്‍ ഏറ്റവും നല്ലത് ചെറിയ വ്യായാമങ്ങളാണ്, സൈക്ലിങ്, നീന്തല്‍, നടത്തം, ഇളവെയില്‍ കൊള്ളുക, യോഗ ഇവയോക്കെ നല്ലതാണ്.
ചോക്ലേറ്റ് തിന്നാല്‍ ഉത്തേജിപ്പിക്കപ്പെടുന്ന ഹോര്‍മോണാണ് എന്‍ഡോര്‍ഫിന്‍. വേദനകള്‍ കുറക്കാന്‍ സഹായിക്കുന്ന ഹോര്‍മോണാണ് ഇത്. നല്ല താമാശ വീഡിയോകള്‍ കാണുക, ചിരി വ്യായാമങ്ങള്‍ ചെയ്യുക എന്നിവയും എന്‍ഡോര്‍ഫിനെ ഉത്തേജിപ്പിക്കും.
Content Highlights: Shilpa Shetty recommends simple, effective tips to stay happy