മ്മില്‍ കണ്ടാല്‍ വഴക്കാണ്, പക്ഷേ കാണാതിരിക്കാനും കഴിയില്ല. മക്കളെക്കുറിച്ച് മിക്ക അമ്മമാരുടേയും പരാതിയായിരിക്കും ഇത്. കുട്ടിക്കാലത്ത് അല്‍പം വഴക്കും കുസൃതിത്തരവുമൊക്കെ ഉണ്ടാകുമെങ്കിലും പക്വതയെത്തുന്നതോടെ ഏറ്റവുമധികം ആത്മബന്ധവും ഇവര്‍ക്കിടയിലാകും, പ്രത്യേകിച്ച് സ്ത്രീകളില്‍. ഇത് അക്ഷരാര്‍ഥത്തിൽ ശരിവെക്കുകയാണ് നടി ശില്‍പ ഷെട്ടിയും. സഹോദരി ഷമിത ഷെട്ടിയും താനും കുട്ടിക്കാലത്ത് പൊരിഞ്ഞ വഴക്കായിരുന്നെങ്കിലും ഇന്ന് പരസ്പരം ഏറ്റവും പ്രിയപ്പെട്ടവരാണെന്നും ശില്‍പ പറയുന്നു.

മൂന്നരവയസ്സുള്ളപ്പോഴൊക്കെ സഹോദരിയോട് അസൂയ തോന്നിയിരുന്നുവെന്നും ശില്‍പ പറയുന്നു. നിറത്തിന്റെ പേരിലാണ് ആദ്യമായി ഷമിതയോട് അസൂയ തോന്നിയതെന്നും ശില്‍പ.

'' ഷമിത വെളുത്തിട്ടായിരുന്നു, എനിക്കാണെങ്കില്‍ ഇരുനിറവും. അതുകൊണ്ടുതന്നെ പലപ്പോഴും അരക്ഷിതാവസ്ഥ തോന്നിയിട്ടുണ്ട്. അവളെ എന്തിനാണ് വെളുത്തു സുന്ദരിയാക്കിയതെന്നും എന്നെ ഇരുനിറക്കാരിയാക്കിയതെന്നും അമ്മയോട് എപ്പോഴും ചോദിക്കുമായിരുന്നു. ഉറക്കത്തിലൊക്കെ പലപ്പോഴും അവളെ നുള്ളി വേദനിപ്പിച്ചിട്ടൊക്കെയുണ്ട്'' ശില്‍പ പറയുന്നു.

ഷമിത ഫിലിം ഇന്‍ഡസ്ട്രിയിലേക്ക് വരാന്‍ തീരുമാനിച്ച സമയത്തെ അനുഭവവും ശില്‍പ പങ്കുവെക്കുന്നു. '' ഷമിത ഏറ്റവും സുന്ദരിയാണെന്ന്  എനിക്കെപ്പോഴും തോന്നിയിരുന്നു. നല്ലൊരു അഭിനേത്രിയും നര്‍ത്തകിയുമായിരുന്നു അവള്‍. അതുകൊണ്ടുതന്നെ പിന്നീടാരും എന്നെ വര്‍ക്കിനു വിളിക്കില്ലെന്നു പോലും തോന്നിയിരുന്നവെന്നും ശില്‍പ.

എന്നാൽ ശില്‍പയുടെ സഹോദരി എന്ന ലേബല്‍ തന്നെ തെല്ലൊന്നുമല്ല കുഴക്കിയതെന്നാണ് ഷമിതയുടെ വാദം. സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ തനിക്ക് നല്ലൊരു അത്‌ലെറ്റ് എന്ന പേരുണ്ടായിരുന്നു. എന്നാല്‍ ഫിലിം ഇന്‍ഡസ്ട്രിയിലേക്കു കടന്നപ്പോള്‍ സംഗതി വ്യത്യസ്തമായിരുന്നു. ശില്‍പയുടെ സഹോദരി എന്നതിനപ്പുറം സ്വന്തമായ വ്യക്തിത്വം ഉണ്ടാക്കുന്നത് കഠിനമായിരുന്നു. താരതമ്യങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്ന് അറിയാമായിരുന്നെങ്കിലും അന്നൊക്കെ മാധ്യമങ്ങള്‍ തന്നോട് പരുക്കന്‍ ഭാവമായിരുന്നുവെന്നും ഷമിത കൂട്ടിച്ചേര്‍ക്കുന്നു. 

Content Highlights: Shilpa Shetty On sister Shamitha Shetty