Shilna

മരിച്ച ഭര്‍ത്താവിന്റെ ബീജത്തില്‍നിന്ന് രണ്ട് പൊന്നോമനകളെ പ്രസവിച്ച കണ്ണൂര്‍ സ്വദേശി ഷില്‍നയുടെ കഥ. ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം.

ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുധാകരന് ഷില്‍ന ഒരു കത്തയച്ചു. ആകെ രണ്ടു വരി. ഒരു വാരികയില്‍ പ്രസിദ്ധീകരിച്ച സുധാകരന്റെ കവിത ഇഷ്ടമായെന്നു മാത്രം. മറുപടി വന്നു. പിന്നെ അഞ്ചു വര്‍ഷത്തോളം കത്തുകള്‍, കവിതകള്‍.. എന്നിട്ടും പതിയെ എവിെടയോ വെച്ചു പിരിഞ്ഞുപോയി ആ സൗഹൃദം. നാലു വര്‍ഷം ഓടിപ്പോയി. വീണ്ടും ഒരിക്കല്‍ ഷില്‍ന പത്രത്തില്‍ ആ പേരു കണ്ടു. മാതൃഭൂമിയുടെ കാസര്‍കോഡ് ലേഖകനായി സുധാകരന്‍ ജോലി െചയ്യുന്നു! കത്തെഴുത്ത് വീണ്ടും തുടങ്ങി. പരസ്പരം അടുത്തു. പക്ഷേ അപ്പോഴും കണ്ടിട്ടില്ല തമ്മില്‍. എന്നിട്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പതിനൊന്ന് വര്‍ഷം ഒരുമിച്ച് ജീവിച്ചു. അതിനിടയില്‍ സുധാകരന്‍ ബ്രണ്ണന്‍ കോളേജില്‍ അധ്യാപകനായി, ഷില്‍ന ബാങ്ക് ഉദേ്യാഗസ്ഥയും. പക്ഷേ ദൈവം ഇതിനിടയില്‍ ഒരു കളി കളിച്ചു. ആ കഥ ഷില്‍ന തന്നെ പറയും.

''അമ്മയ്ക്കും അച്ഛനും ഒറ്റ മോനാണ് മാഷ്. കഷ്ടപ്പെട്ടാണ് അവര് മാഷെ പഠിപ്പിച്ചതൊക്കെ. തിമിരി എന്ന ആ നാട്ടിന്‍പുറത്തെ ആദ്യെത്ത ഗസറ്റഡ് ഒഫീസറായി മാഷ്. അവിടം വിട്ട് എങ്ങുംപോവാന്‍ ഇഷ്ടമില്ലാഞ്ഞിട്ടും ഞങ്ങള്‍ പതുക്കെ കണ്ണൂരില്‍ ഒരു ഫ്‌ളാറ്റെടുത്ത് മാറി. വേറൊന്നുമല്ല. ചികിത്സക്കുവേണ്ടി മാത്രം. 11 വര്‍ഷമായി ഒരു കുട്ടിക്കുവേണ്ടി കാത്തിരിക്കുന്നു. ചികിത്സ തുടങ്ങിയിട്ട് ഒരുപാടു കാലമായി. മൂന്നു വര്‍ഷം മുമ്പേ ഭ്രൂണം ഫ്രീസ് ചെയ്തുവെച്ചു. രണ്ടു തവണ ഐ. വി. എഫ് ചെയ്തുനോക്കി. പക്ഷേ ഒന്നുമായില്ല. 

കഴിഞ്ഞ ഓഗസ്റ്റ് 15. ഞങ്ങള്‍ അന്ന് ഡോക്ടറെ കാണാന്‍ ബുക്കു ചെയ്തു. കോഴിക്കോട് എ. എം ആര്‍. സിയിലാണ് ചികിത്സ. മാഷ്‌ക്ക് ആ സമയത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഒരു റിഫ്രഷര്‍ കോഴ്‌സ് ഉണ്ട്. അതിന് നിലമ്പൂരില്‍ പോയി മടങ്ങുകയാണ് മാഷ്. പത്തു മണിയാവുമ്പോ മാഷ് വിളിച്ചു. ''ഞാനിവിടെ മോങ്ങത്തെത്തി. വൈകുന്നേരം കോഴിക്കോടെത്തും.'' ഞാനും ആ സമയത്തെത്താന്‍ കണ്ണൂരില്‍നിന്ന് ട്രെയിന്‍ കയറി. അതു പറയാന്‍ മാഷെ വിളിച്ചെങ്കിലും കിട്ടിയില്ല. ഫോണ്‍ സ്വിച്ച് ഓഫ്. 

വടകര എത്താറായപ്പോ അച്ഛന്‍ വിളിച്ചു. ''മോളേ..എനിെക്കാരു ചെറിയ ആക്‌സിഡന്റ്. നീ വടകര ഇറങ്ങി വീട്ടിലേക്കു വാ..ഇളയച്ഛന്‍ സ്‌റ്റേഷനില്‍ വരും. '' എനിക്കു ടെന്‍ഷനായി. ഞാന്‍ വടകര ഇറങ്ങി. ഇളയച്ഛനെ കാത്തിരുന്നു. എന്റെ ഫോണിന് ഒരാഴ്ചയായി എന്തോ പ്രശ്‌നമുണ്ട്. സ്‌ക്രീന്‍ ക്ലിയറല്ല. വാട്‌സാപ്പൊന്നും നോക്കാന്‍ പറ്റുന്നില്ല. ഞാനവിെട െവറുതേ ഇരുന്നു. വരുന്നില്ലെന്ന് മാഷോട് പറയാന്‍ പറ്റിയിട്ടില്ല. അപ്പോഴും വിളിച്ചിട്ട് കിട്ടുന്നില്ല.

ഇളയച്ഛന്റെ കൂടെ കണ്ണൂരിലെ ഫ്‌ളാറ്റിലെത്തുമ്പോ അച്ഛന്‍ അവിടെ നില്‍ക്കുന്നുണ്ട്. കാഴ്ചയില്‍ പരിക്കൊന്നുമില്ല. പക്ഷേ ഭയങ്കര ടെന്‍ഷനിലാണ്. അച്ഛന്‍ പറഞ്ഞു, ''എനിക്ക് ഒരു വശം മുഴുവന്‍ വല്ലാത്ത വേദന. ഒന്നു പരിയാരം ആസ്പത്രിയില്‍ കാണിക്കണം.'' ഫ്‌ളാറ്റില്‍ അമ്മയുമുണ്ട്. മാഷ് വരുമ്പോ കഴിക്കാനുള്ളതൊക്കെ എടുത്തുവെച്ച് ഞങ്ങള്‍ പെട്ടെന്നിറങ്ങി. ഏകദേശം തളിപ്പറമ്പെത്തിക്കാണും. മൊബൈല്‍ സ്‌ക്രീനിന് അപ്പോള്‍ തെളിച്ചമുണ്ട്. ഏതോ ഒരു വാട്‌സ് ആപ് ഗ്രൂപ്പു കാണാം. പെട്ടെന്നാണതു കണ്ടത്. എന്റെയും മാഷിന്റെയും ഒന്നിച്ചുള്ള ഒരു ഫോട്ടോ. അതിനു താഴെ ബ്രണ്ണന്‍ കോളേജ് ലക്ചറര്‍ വാഹനാപകടത്തില്‍ പെട്ടു എന്നും. വേെറ വിവരങ്ങളില്ല. നോക്കാന്‍ എനിക്കു പറ്റിയതുമില്ല. കണ്ടതും എന്റെ ബോധം പോയി. മാഷ്‌ക്കെന്തു പറ്റി എന്നു ചോദിച്ച് ഞാന്‍ കാറിന്റെ പിന്‍സീറ്റില്‍ വീണു. അടുത്ത ദിവസമാണ് ബോധം വന്നത്. അന്ന് മാഷുടെ മൃതദേഹം ബ്രണ്ണന്‍ കോളേജില്‍ പൊതു ദര്‍ശനത്തിനുെവച്ചിരുന്നു. ഞാനപ്പോഴും ഒന്നുമറിഞ്ഞില്ല.

Shilna
ഷില്‍നയും ഭര്‍ത്താവ് സുധാകരനും ഒരു പഴയചിത്രം

 

അച്ഛന് പക്ഷേ എല്ലാം അറിയാമായിരുന്നു. നിലമ്പൂരില്‍നിന്ന് മടങ്ങും വഴി  നിരത്ത് മുറിച്ചു കടക്കുമ്പോള്‍ മാഷ് വാഹനമിടിച്ചു മരിച്ചു. ട്രെയിനില്‍വെച്ച് അത് അറിഞ്ഞിരുന്നെങ്കില്‍ ചിലപ്പോ ഞാനും ഉണ്ടാവുമായിരുന്നില്ല. ഒന്നുമറിയിക്കാതെ എന്നെ സുരക്ഷിതമായി തിമിരിയിലെ വീട്ടിലെത്തിക്കണം. അതിനനുസരിച്ച് അച്ഛന്‍ എല്ലാം പ്ലാന്‍ ചെയ്തു. ബോധം വീണപ്പോഴും അച്ഛന്‍ പറഞ്ഞു, ''ഇല്ല, സുധാകരന് അധികമൊന്നുമില്ല. അത്ര സീരിയസല്ല.'' ഞാന്‍ വിശ്വസിച്ചു. എന്നിട്ടും ചോദിച്ചു, ''അച്ഛനെന്താ മാഷിന്റെ അടുത്ത് പോവാത്തത്?'' അച്ഛന്‍ പറഞ്ഞു, ''അവിടെ സുധാകരന്റെ ഫ്രണ്ട്‌സുണ്ട്.'' ഞാന്‍ കാത്തിരുന്നു മാഷെ ഒന്നു കാണാന്‍. അടുത്ത ദിവസം എന്റെ അനിയന്‍ വന്നു. അവന്‍ നേവിയിലാണ്‌. ഇവന്‍ ഇത്ര ദൂരം യാത്ര ചെയ്തുവന്നോ? മനസ്സിലെേന്താ പോലെ. അവന്‍ അടുത്തു വന്നിരുന്നു. ''ഞാന്‍ ഏട്ടനെ കണ്ടിട്ടാണ് വരുന്നത്. ഐ. സി.യുവിലാണ്.'' കോമയിലാണെന്നുകൂടി അവന്‍ പറഞ്ഞൊപ്പിച്ചു. പക്ഷേ ആ നിമിഷം എനിക്ക് തോന്നി, എന്റെ ആളു പോയി...ഞാന്‍ തകര്‍ന്നു വീണു. അവന്‍, എന്നേക്കാള്‍ എത്രയോ ഇളയവന്‍, ആ സമയം എന്നെ ചേര്‍ത്തുപിടിച്ചു. അച്ഛനെപ്പോലെ. 

ബ്രണ്ണന്‍ കോളേജ് മലയാളം അധ്യാപകന്‍ അപകടത്തില്‍ മരിച്ചു

മാഷിന്റെ അച്ഛനോടും അമ്മയോടും വിവരം പറഞ്ഞിട്ടില്ല. അത്രയും ദിവസം ശരീരം മോര്‍ച്ചറിയില്‍ വെച്ചു. മൂന്നാമത്തെ ദിവസം തിമിരിയിലേക്ക്. ഞാന്‍ തകര്‍ന്നുപോയിരുന്നു. അത്രയ്ക്ക് അടുപ്പമായിരുന്നു ഞങ്ങള്‍. മാഷില്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ല എനിക്ക്. അത്രയും എന്നെ കെയര്‍ ചെയ്തിരുന്നു, സ്‌നേഹിച്ചിരുന്നു..കുട്ടികളില്ലാത്തതിന്റെ ആ സങ്കടമുണ്ടല്ലോ. അത് ഒന്നിച്ചു പങ്കുവെച്ച് പങ്കുവെച്ച് ഞങ്ങള്‍ അത്രയ്ക്ക് ഒന്നായിപ്പോയിരുന്നു. ഇടയിലൊരു ദുഃഖമുണ്ടാവുമ്പോ മനുഷ്യന്മാര്‍ എത്ര അടുക്കുമെന്നോ! 

ചിരികൊണ്ട് നിറഞ്ഞിരുന്ന അവരുടെ മുഖത്ത് സങ്കടം ഇരമ്പിവന്നു. വാക്കുകള്‍ മുറിഞ്ഞു. കേട്ടിരിക്കാന്‍ വയ്യ! ഇത്തിരി നേരം നിശബ്ദത വേണമായിരുന്നു. 

''എനിക്കൊന്നുമില്ലായിരുന്നു ബാക്കി. കുറച്ചു പുസ്തകങ്ങള്‍, കവിതകള്‍, കത്തുകള്‍...ഞാനാ ശരീരം നോക്കിയിരുന്നു. കൊണ്ടുപോവാന്‍ നേരമായി. അവസാനത്തെ ഉമ്മ. ആ നിമിഷം, എനിക്കു തോന്നി, എനിക്കു മാഷിന്റെ ഒരു കുട്ടിയെ വേണം...അടുത്ത ദിവസം ഞാന്‍ അനിയനോട് പറഞ്ഞു, ''എനിക്ക് ചികിത്സ തുടരണമെന്നുണ്ട്...'' അവന്‍ തലയാട്ടി. ''ഇപ്പോ ഇത് സംസാരിക്കാനുള്ള സമയമായിട്ടില്ല. നമുക്കാലോചിക്കാം''. അച്ഛനും അമ്മയും സമ്മതിക്കുമോ? എനിക്കു വേവലാതി തോന്നി. എന്റെ ഈ പ്രായത്തില്‍ ഇനിയും ഒരു ജീവിതം തുടങ്ങിക്കൂടേ എന്ന് അവര്‍ ആലോചിച്ചാലോ? പക്ഷേ അച്ഛന്‍...അച്ഛന്‍ ഒരു വാക്ക് മറുത്തു പറഞ്ഞില്ല. എന്റെ കൂടെ നിന്നു. ഇങ്ങനെയൊരു അച്ഛനെ കിട്ടാന്‍ ഭാഗ്യം ചെയ്യണം! 

മാഷിന്റെ അമ്മയുടെ സമ്മതം വേണമായിരുന്നു എനിക്ക്. മാഷ്‌ക്ക് ജീവനായിരുന്നു അമ്മയെ. ചികിത്സയുടെ കാര്യമൊക്കെ പറഞ്ഞുകൊടുത്തിട്ടുണ്ട്. ഇടയ്ക്ക് മാഷ് പറയും, ''ഇനിയിപ്പോ കുട്ടികളുണ്ടായില്ലെങ്കിലും അമ്മ വിഷമിക്കരുത്.'' ഒറ്റ മകന്‍. അവര്‍ക്കും ഇനി എന്തുണ്ട് ബാക്കി? ഞാന്‍ അമ്മയുടെ അടുത്തുചെന്നു എന്റെ ആഗ്രഹം പറഞ്ഞു. അതു കേള്‍ക്കാന്‍ കാത്തിരുന്നതുപോലെ അവര്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.

Grihalakshmi Cover

 

കൂടുതല്‍ വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍. ഓണ്‍ലൈന്‍ വഴിവാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.