നിർഭയ കൂട്ടബലാത്സം​ഗക്കേസിനെ ആസ്പദമാക്കി തയ്യാറാക്കിയ ഡെൽഹി ക്രൈം എന്ന വെബ്സീരീസ് തരംമായിരുന്നു. അന്താരാഷ്ട്ര എമ്മി പുരസ്കാരവും സീരീസ് നേടിയിരുന്നു. ചിത്രത്തിൽ കേസിന് നേതൃത്വം നൽകുന്ന അന്വേഷണ ഉദ്യോ​ഗസ്ഥയുടെ കഥാപാത്രം അവതരിപ്പിച്ചത് നടി ഷെഫാലി ഷാ ആയിരുന്നു. മുൻ ഡൽഹി ഡിസിപി ഛായാ ശർമയുടെ കഥാപാത്രമായാണ് ഷെഫാലി സ്ക്രീനിൽ എത്തിയത്. ഇപ്പോഴിതാ യഥാർഥ സംഭവത്തെ അരങ്ങിൽ അവതരിപ്പിച്ചതിനെക്കുറിച്ചും പെൺകുട്ടികളുടെ സുരക്ഷയെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് ഷെഫാലി ഷാ. 

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഷെഫാലി അനുഭം പങ്കുവെക്കുന്നത്. എയർപോർട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയിലുടനീളം നിർഭയാസംഭവം തന്റെ മനസ്സുപിടിച്ചു കുലുക്കിയിരുന്നുവെന്ന് ഷെഫാലി പറയുന്നു. യഥാർഥത്തിൽ സംഭവം നടന്ന വഴികളിലൂടെ പോവുമ്പോൾ ഭയം നിറഞ്ഞിരുന്നു. സുരക്ഷയെക്കുറിച്ചോർത്തും ആകുലപ്പെട്ടു. മുമ്പും ഡൽഹിയിലേക്ക് വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരം തോന്നൽ ഉണ്ടായതെന്നും ഷെഫാലി പറയുന്നു. 

രണ്ട് ആൺമക്കളുടെ അമ്മ കൂടിയായ ഷെഫാലി സ്ത്രീസുരക്ഷയെക്കുറിച്ചും അനുഭവങ്ങൾ പങ്കുവെച്ചു. അൺമക്കളെ ശരിയായ രീതിയിൽ വളർത്തിയാൽ മാത്രമേ പെൺകുട്ടികൾക്ക് സുരക്ഷയുണ്ടാവൂ. ഇതാണ് ഞാനും എന്റെ മക്കളോട് പറഞ്ഞിരിക്കുന്നത്. അവർ ആരെയെങ്കിലും വേദനിപ്പിച്ചുവെന്നറിഞ്ഞാൽ അവരെ ഞാൻ കൊല്ലും- ഷെഫാലി പറയുന്നു. 

Content Highlights: Shefali Shah On Advancing Women’s Safety In India