സ്ത്രീകളുടെ ആര്‍ത്തവ സംബന്ധമായ പ്രതിസന്ധികള്‍ക്ക് പരിഹാരവുമായി ഡോ. ലാലു ജോസഫിന്റെ പുതിയ കണ്ടുപിടിത്തം 'ഷീ കാന്‍' എന്ന പേരിട്ടിരിക്കുന്ന ഉപകരണം ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ്.

ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ഉപയോഗിക്കുന്ന ആര്‍ത്തവ കപ്പുകള്‍ തെന്നിമാറുകയും ആയാസപ്പെടുന്ന ജോലികള്‍ ചെയ്യുമ്പോള്‍ താഴെ വീഴുമോയെന്ന ആശങ്ക സൃഷ്ടിക്കാറുമുണ്ട്. ആര്‍ത്തവ രക്തം കപ്പുകളില്‍ നിറയുമോയെന്ന ഭീതിയും സ്ത്രീകളില്‍ ഉണ്ടാകുന്നു. എന്നാല്‍, പ്രത്യേകമായി വികസിപ്പിച്ചെടുത്ത 'ഷീ കാന്‍' ആകൃതിയാലും സവിശേഷതകളാലും തെന്നിമാറുകയോ താഴെ വീഴുകയോ ഇല്ല. ആത്മവിശ്വാസത്തോടെ ഏത് ജോലിയിലും ഏര്‍പ്പെടാം.

ഷീകാനില്‍ ശേഖരിച്ച രക്തത്തിന്റെ അളവറിയാം, എടുത്തു മാറ്റേണ്ട സമയം എന്നിവ മൊബൈല്‍ ഫോണ്‍ വഴിയോ റിസ്റ്റ് വാച്ച് വഴിയോ യഥാസമയം അറിയാം. രക്തം നിറയാറായാല്‍ മൊബൈല്‍ ഫോണില്‍ അലാറം കിട്ടും. വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യും. ആര്‍ത്തവകാലത്ത് പുറത്തുവരുന്ന രക്തത്തിന്റെ അളവ് ലഭിക്കുന്നതിനാല്‍ രോഗ വിവരങ്ങളും വേഗത്തില്‍ അറിയാനാകും.

women
ഡോ. ലാലു ജോസഫ് 

മള്‍ട്ടി പര്‍പ്പസ് വജൈനല്‍ ഒക്ലൂഷന്‍ ആന്‍ഡ് ഡിസ്റ്റന്‍ഷന്‍ ഡിവൈസ് ആണ് 'ഷീ കാന്‍'. ഡോ. ലാലു ജോസഫിന്റെ കണ്ടുപിടിത്തതിന്റെ മുഴുവന്‍ അവകാശവാദങ്ങളും പേറ്റന്റ് കോഓപ്പറേഷന്‍ ട്രീറ്റിയുടെ ഇന്റര്‍നാഷണല്‍ പേറ്റന്റ്‌സ് സേര്‍ച്ച് അതോറിറ്റി അംഗീകരിച്ചു.

സ്ത്രീകളിലെ അനിയന്ത്രിത മൂത്രംപോകല്‍ രോഗത്തിനും 'ഷീ കാന്‍' ഫലപ്രദമാണെന്ന് ഡോ. ലാലു ജോസഫ് പറഞ്ഞു. ഡബ്ല്യു.എച്ച്.ഒ.യുടെ പഠനമനുസരിച്ച് 35 വയസ്സ് കഴിഞ്ഞ സ്ത്രീകളില്‍ 30 ശതമാനത്തിലേറെ കണ്ടുവരുന്ന ഒന്നാണ് ഈ രോഗം. ഓപ്പറേഷന്‍ കൂടാതെയും വേദനയില്ലാതെയും അനിയന്ത്രിത മൂത്രംപോകല്‍ രോഗം നിയന്ത്രിക്കാം. ഗര്‍ഭപാത്രമോ, വാള്‍ട്ടോ താഴേക്ക് ഇറങ്ങിവരുന്നത് തടയാനും 'ഷീ കാന്‍' ഫലപ്രദമാണ്. ഇതുവഴി ഗര്‍ഭപാത്രം നീക്കംചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാകും. കിടപ്പുരോഗികളില്‍ അറിയാതെ മലവിസര്‍ജനമുണ്ടാകുന്ന രോഗാവസ്ഥയും ഒഴിവാക്കാം.

'ഷീ കാനി'ന്റെ കണ്ടുപിടിത്തത്തെ വാണിജ്യവത്കരിക്കാന്‍ നിരവധി അന്താരാഷ്ട്ര കമ്പനികള്‍ ലാലു ജോസഫിനെ സമീപിച്ചിട്ടുണ്ട്. ആലുവ 'ലിമാസ് മെഡിക്കല്‍ ഡിവൈസസി'ന്റെ ഡയറക്ടറായ ഡോ. ലാലു ജോസഫ്, 15 വര്‍ഷത്തിലേറെയായി ആരോഗ്യസംബന്ധമായ ഉപകരണങ്ങളിലും അതുപയോഗിക്കുന്ന സര്‍ജറികളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. കീ ഹോള്‍ മോര്‍സിലേഷന്‍ സര്‍ജറിയില്‍ ഉപയോഗിക്കുന്ന സേഫ്റ്റി ഐസൊലേഷന്‍ ബാഗിന്റെ കണ്ടുപിടിത്തത്തിന് ശേഷമാണ് ഡോ. ലാലു ജോസഫ് 'ഷീ കാന്‍' കണ്ടെത്തിയത്.

കൊറിയ, ജപ്പാന്‍, ചൈന, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ പരിശീലനം നേടിയിട്ടുള്ള അദ്ദേഹം, 5500ലേറെ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സിന് പരിശീലനം നല്‍കിയിട്ടുണ്ട്.

Content Highlights: she can new invention in menstar instrument by malayali doctor