തുളഞ്ഞു കയറുന്ന രൂക്ഷമായ നോട്ടത്തോടെ ലോകശ്രദ്ധ നേടിയ പെൺകുട്ടി. പച്ചക്കണ്ണുകളുള്ള ഷർബത് ​ഗുലയുടെ ചിത്രം കണ്ടവരാരും മറക്കാനിടയില്ല. നാഷണൽ ജ്യോ​ഗ്രഫിക് മാ​ഗസിന്റെ മുഖചിത്രമായാണ് ഷർബത് ​ഗുലയെ പുറംലോകമറിയുന്നത്. അഫ്​ഗാനിസ്ഥാനിലെ മൊണാലിസ എന്ന് വിളിക്കപ്പെട്ട ഷർബത് ​ഗുല ഇപ്പോൾ ഒരിക്കൽക്കൂടി വാർത്തയിൽ നിറയുകയാണ്. ഇറ്റലിയിൽ ഷർബത് എത്തിയിരിക്കുന്നു എന്ന ഇറ്റാലിയൻ സർക്കാരിന്റെ അറിയിപ്പോടെയാണ് അവർ വീണ്ടും വാർത്തയിൽ നിറഞ്ഞത്. 

അഫ്​ഗാൻ പൗര ഷർബത് ​ഗുല റോമിൽ എത്തിച്ചേർന്നിരിക്കുന്നു എന്നാണ് ഇറ്റാലിയൻ‌ സർക്കാർ അറിയിച്ചത്. താലിബാന്റെ അധീനതയിലുള്ള അഫ്​ഗാനിൽ നിന്ന് ഷർബതിനെ സംരക്ഷിക്കണമെന്ന് പറഞ്ഞ് ഇറ്റാലിയൻ സർക്കാരിന് അഭ്യർഥനകൾ‌ ലഭിച്ചിരുന്നു. അഫ്​ഗാൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഷർബതിനെയും ഇറ്റലിയിലെത്തിച്ചത്. ഓ​ഗസ്റ്റിൽ അഫ്​ഗാന്റെ ഭരണം താലിബാൻ പിടിച്ചെടുത്തതിനു പിന്നാലെ അയ്യായിരത്തോളം അഫ്​ഗാൻ പൗരന്മാരെ തങ്ങൾ ഒഴിപ്പിച്ചുവെന്ന് റോം അവകാശപ്പെട്ടിരുന്നു. 

1984-ൽ, സോവിയറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശക്കാലത്ത് പാക്കിസ്ഥാനിലേക്ക് കുടിയേറിയ അഭയാര്‍ത്ഥികളുടെ ക്യാമ്പില്‍ വച്ചാണ് ഷര്‍ബത്ത് ഗുല നാഷണല്‍ ജോഗ്രഫിക് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കറിയുടെ ക്യാമറയിലേക്ക് തന്റെ ഇളം പച്ചക്കണ്ണുകളുമായി തുറിച്ച് നോക്കിയത്. ഒരു പന്ത്രണ്ടുവയസ്സുകാരിയുടെ പകപ്പും നാണവുമെല്ലാമുണ്ടായിരുന്ന ഷര്‍ബതിന്റെ ആദ്യ ഫോട്ടോ ആയിരുന്നു അത്. ക്യാമ്പില്‍ നിന്നുമെടുത്ത നിരവധി ചിത്രങ്ങളില്‍ ഒന്ന്, അതല്ലാതെ മറ്റു പ്രത്യേകതകളൊന്നും ആ ഫോട്ടോക്കുണ്ടായിരിക്കുമെന്നോ, ഉണ്ടാകണമെന്നോ അതെടുക്കുമ്പോള്‍ സ്റ്റീവ് ചിന്തിച്ചിരുന്നില്ല. പക്ഷേ ലോകം മുഴുവന്‍ ആ ചിത്രം ചര്‍ച്ച ചെയ്തു. സോവിയറ്റ് യൂണിയന്റെ കൈകളിലായ അഫ്ഗാന്റെ ദുരിതവും ദൈന്യവും ദേഷ്യവും എല്ലാം അവളുടെ കണ്ണുകളിലൂടെ ലോകം വായിച്ചറിഞ്ഞു. മനസ്സിനെ തൊടുന്ന അതിലുപരി അസ്വസ്ഥമാക്കുന്ന എന്തോ ഒന്ന് അവളുടെ കണ്ണുകളില്‍ നിറഞ്ഞിരുന്നു. സോവിയറ്റ് യൂണിയന്റെ ബോംബാക്രമണത്തില്‍ മാതാപിതാക്കള്‍ കൊല്ലപ്പെട്ട ആ അനാഥ ബാലിക അങ്ങനെ ലോകം മുഴുവന്‍ അറിയുന്ന അഫ്ഗാന്‍ പെണ്‍കുട്ടിയായി മാറി. മാഗസിന്‍ ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച മുഖചിത്രങ്ങളില്‍ ഒന്നായി മാറി.

പിന്നീട് അന്വേഷണങ്ങള്‍ നടത്തിയെങ്കിലും പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 2002-ല്‍ അഫ്ഗാനിസ്താനില്‍ വച്ചാണ് സ്റ്റീവ് മക്കറി ഇവരെ വീണ്ടും കണ്ടെത്തുന്നത്. 1980-കളുടെ ഒടുവില്‍ പെഷവാര്‍ സ്വദേശിയായിരുന്ന റഹ്മത് ഗുലയെ വിവാഹം ചെയ്ത ഷര്‍ബത്ത് സ്വദേശമായ അഫ്ഗാനിലേക്ക് തന്നെ തിരിച്ചുപോയിരുന്നു. ബയോമെട്രിക് സാങ്കേതികത ഉപയോഗിച്ച് ഷര്‍ബത്തിന്റെ ഐറിസിന്റെ ഘടന ചിത്രത്തിലെ പെണ്‍കുട്ടിയുടേതുമായി ചേരുമെന്ന് തീര്‍ച്ചപ്പെടുത്തിയാണ് ഷര്‍ബത് തന്നെയാണ് ആ പെണ്‍കുട്ടിയെന്ന് സ്റ്റീവും സംഘവും ഉറപ്പുവരുത്തിയത്. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്ത ആ ചിത്രം അവള്‍ ആദ്യമായി കാണുന്നത് അപ്പോഴായിരുന്നു.‌

2015 ഫിബ്രവരിയില്‍ പാക്കിസ്ഥാനിലെ ദേശീയ മാധ്യമങ്ങള്‍ പാക്കിസ്ഥാന്‍ കമ്പ്യൂട്ടറൈസ്ഡ് നാഷണല്‍ ഐഡന്റിറ്റി കാര്‍ഡിലെ അവളുടെ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. വ്യാജ തിരിച്ചറിയല്‍ രേഖകളുമായി ഷര്‍ബത് പാക്കിസ്ഥാനില്‍ ജീവിക്കുന്നുണ്ടെന്നുള്ള വാര്‍ത്തയും അതോടൊപ്പം ഉണ്ടായിരുന്നു. പാക് പൗരത്വത്തിന് വേണ്ടി 2014 ഏപ്രിലില്‍ ഷര്‍ബത് ബീബി എന്ന പേരില്‍ വ്യാജതിരിച്ചറിയല്‍ കാര്‍ഡിന് ഇവര്‍ അപേക്ഷ നല്‍കിയിരുന്നുവെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്. പാക് പൗരത്വത്തിന് വേണ്ടി കൃത്രിമ രേഖകള്‍ ചമയ്ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിനു പിന്നാലെ ഷർ‌ബത് അറസ്റ്റിലാവുകയും ചെയ്തിരുന്നു. 

Content Highlights: sharbat gula, sharbat gula story,where is sharbat gula now 2021, sharbat gula now, sharbat gula age