ബോഡിഷെയിമിങ് എന്ന വാക്കിന്റെ ഗൗരവത്തെക്കുറിച്ച് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയ കാലമാണിത്. ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചുള്ള നിരവധി ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്നുണ്ട് ഇന്ന്. നിറത്തെയും ശരീരപ്രകൃതിയെയുമൊക്കെ ചൊല്ലിയുള്ള പരിഹാസങ്ങള്‍ക്കിരയായവര്‍ തുറന്നു പറച്ചിലുകളുമായി രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം ശാന്തിപ്രിയയും അത്തരം ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. 

അക്ഷയ് കുമാറിനൊപ്പം സൗഗന്ധ് എന്ന ചിത്രത്തിലൂടെയാണ് നടി ഭാനുപ്രിയയുടെ സഹോദരിയായ ശാന്തിപ്രിയ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സിനിമയിൽ വന്ന കാലത്ത് തന്റെ ഇരുണ്ടനിറത്തെച്ചൊല്ലി നേരിടേണ്ടി വന്ന വേര്‍തിരിവുകള്‍ പങ്കുവെക്കുകയാണ് അവർ.

തൊണ്ണൂറുകളില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച കാലത്ത് നിറമായിരുന്നു തന്റെ ശത്രുവെന്നും ഏറെ വിവേചനങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്നും ശാന്തിപ്രിയ പറയുന്നു. തന്റെ മേക്ക്അപ് നായകനുമായി ചേരുന്നില്ലെന്ന് ക്രൂവിലുള്ളവര്‍ പരസ്യമായി പറഞ്ഞിരുന്നു. ഓരോ ദിവസവും ചിത്രീകരണത്തിന് പോകുമ്പോള്‍ ആളുകളുടെ പ്രതികരണം ഓര്‍ത്ത് ഭയന്നിരുന്നു. അക്ഷയ് കുമാര്‍ പോലും തന്റെ നിറത്തെ കളിയാക്കിയിരുന്നെന്നും അവര്‍ പറയുന്നു. 

ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുള്ള ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിലെ സംഭവമാണ് ശാന്തിപ്രിയ ഓര്‍ക്കുന്നത്. എല്ലാവര്‍ക്കും മുമ്പില്‍ വച്ച് തന്റെ ഇരുണ്ടനിറമുള്ള കാല്‍മുട്ടുകളെ കളിയാക്കുകയായിരുന്നു അക്ഷയ്. കാല്‍മുട്ടില്‍ രക്തം കട്ട പിടിച്ചതുകൊണ്ടാവും ഇങ്ങനെ ഇരുണ്ടതെന്ന് അക്ഷയ് പറഞ്ഞുവെന്നും അതുകേട്ട് പരിസരത്തുണ്ടായിരുന്നവരെല്ലാം കളിയാക്കി ചിരിച്ചുവെന്നും ശാന്തിപ്രിയ പറയുന്നു. 

അക്ഷയ് തന്റെ നല്ല സുഹൃത്താണെന്നും എന്നാല്‍ ഒരാളുടെ നിറത്തെച്ചൊല്ലിയുള്ള ഇത്തരം തമാശകള്‍ എത്ര വേദനാജനകമായിരിക്കുമെന്ന് പങ്കുവെക്കുകയാണ് താനെന്നും ശാന്തിപ്രിയ പറയുന്നു. നിറത്തെച്ചൊല്ലി തനിക്ക് നിരവധി സിനിമകളിലെ അവസരം നഷ്ടപ്പെട്ടുവെന്നും ശാന്തിപ്രിയ പറയുന്നു. 

 

Content Highlights: Shanthipriya On  How Akshay Kumar Made Fun Of Her Dusky Skin