സ്വന്തം ശരീരത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്നത് അവനവന്റെ മാത്രം അവകാശമാണ്. എന്നാല്‍ സ്വകാര്യ ജീവിതത്തില്‍ ഇടിച്ചുകയറി ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നവര്‍ കുറവല്ല. പ്രത്യേകിച്ച് സെലിബ്രിറ്റികളുടെ കാര്യത്തില്‍. ഇപ്പോഴിതാ ഹിന്ദി ടിവി താരം ഷമാ സിക്കന്ദര്‍ താന്‍ കടന്നുപോയ അത്തരമൊരു അനുഭവം പങ്കുവെക്കുകയാണ്. 

പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തെന്ന വിവാദങ്ങളോടു മറുപടി പറയുകയാണ് ഷമ. കഴിഞ്ഞ വര്‍ഷം പത്തു വര്‍ഷ ചലഞ്ചിന്റെ ഭാഗമായി ഷമ സമൂഹമാധ്യമത്തില്‍ ഫോട്ടോ പങ്കുവച്ചതിനു പിന്നാലെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. ഷമ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു വരുത്തിയ മാറ്റമാണ് അതെന്നായിരുന്നു വിമര്‍ശനം. ഐഎഎന്‍എസിനു നല്‍കിയ അഭിമുഖത്തിലാണ് ഷമ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. 

ഇത്തരം ആരോപണങ്ങള്‍ എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്ന് ഷമ പറയുന്നു. താനെന്തെങ്കിലും തെറ്റു ചെയ്തിട്ടുമില്ല. വിമര്‍ശിക്കുന്നവര്‍ക്കു താന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ ഉറപ്പുമില്ല. തന്റെ മനസ്സാണ് തന്നിലെ മാറ്റങ്ങള്‍ക്കു കാരണമെന്നും താന്‍ കടന്നുപോയ ബുദ്ധിമുട്ടുകള്‍ എന്താണെന്ന് ആര്‍ക്കും മനസ്സിലാകില്ലെന്നും ഷമ പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 

#10yearchallenge #challengeaccepted #Beatthis😎

A post shared by Shama Sikander (@shamasikander) on

ഒരു വ്യക്തി കടന്നുപോയത് എന്തിലൂടെയെല്ലാമാണെന്നോ കഷ്ടപ്പാടുകള്‍ എന്തായിരുന്നുവെന്നോ ആര്‍ക്കും അറിയില്ല. ആളുകള്‍ക്ക് മാറ്റം സംഭവിച്ചു എന്നതിനര്‍ഥം പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്നല്ല. എനിക്കു മാറ്റം വന്നിട്ടുണ്ടെങ്കില്‍ ഞാന്‍ എന്നും പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നുണ്ടെന്നാണോ? - ഷമ പറയുന്നു.

നേരത്തെ തന്റെ മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് പങ്കുവച്ച് ഷമ വാര്‍ത്തകളിലിടം നേടിയിരുന്നു. ബൈപോളാര്‍ ഡിസോര്‍ഡറിന് അടിമയായിരുന്നുവെന്നും ആത്മഹത്യാശ്രമം വരെ നടത്തിയിരുന്നുവെന്നും ഷമ പറഞ്ഞിരുന്നു. 

Content Highlights: Shama Sikander on rumours of plastic surgery