യുദ്ധമുഖത്ത് മരണപ്പെട്ട ലെഫ്.കേണല്‍ അജിത് ഭണ്ഡാര്‍ക്കറുടെ ഭാര്യ ശകുന്തള തന്റെ ജീവിതത്തെ കുറിച്ച് പറയുന്നത് ഒരല്പം നെഞ്ചുരുക്കത്തോടെയല്ലാതെ വായിച്ചുതീര്‍ക്കാനാകില്ല. സ്വന്തം ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരം കണ്ടിട്ടുകൂടി ആ മരണം ഉള്‍ക്കൊള്ളാന്‍ സാധിക്കാതിരുന്ന ശകുന്തള ഇന്ന് തന്റെ രണ്ടുമക്കളേയും സൈന്യത്തില്‍ ചേര്‍ത്തിരിക്കുന്നു. പ്രവചനാതീതവും അനിവാര്യവുമായ മരണത്തെ ഭയക്കാത്ത ഈ അമ്മ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നത് അഭിമാനമായി ഇന്ന് മനസ്സിലാക്കുന്നു.  

ബീയിങ് യു എന്ന ഫെയ്‌സ്ബുക്ക് പേജില്‍ ശകുന്തള പങ്കുവെച്ച ജീവിതാനുഭവം 

'എന്നെ മനസ്സിലാക്കുന്ന ഭാര്യക്ക് സൈന്യത്തെ നന്നായി മനസ്സിലാക്കുന്നതിന് വേണ്ടി' പിറന്നാളിന് ഭര്‍ത്താവ് എനിക്ക് സമ്മാനിച്ച പുസ്തകത്തില്‍ അദ്ദേഹം കുറിച്ചിട്ട വാചകം. 

ജനുവരി 1990, ലെഫ്. കേണല്‍ അജിത് ഭണ്ഡാര്‍ക്കറെ ഞാന്‍ ആദ്യമായി കണ്ടുമുട്ടി. അത് പതിവുരീതിയിലുള്ള ഒരു ആണ്‍-പെണ്‍കൂടിക്കാഴ്ചയായിരുന്നു. ആര്‍മി യൂണിറ്റ് ഒരു കുടുംബം പോലെയാണെന്ന് അദ്ദേഹം എന്നോട് അന്ന് പറഞ്ഞു. ചിലപ്പോള്‍ ഒരു ഡസനോളം ആളുകള്‍ പത്തു പത്തരയാകുമ്പോള്‍ എത്തും. അവര്‍ക്ക് വേണ്ടി എനിക്ക് ചിലപ്പോള്‍ ഭക്ഷണം പാകം ചെയ്യേണ്ടിയും വിളമ്പേണ്ടിയും വരും. ഞങ്ങളുടെ സംഭാഷണം കേട്ട അച്ഛന്‍ വലിയ ഡിന്നര്‍സെറ്റുകള്‍ വാങ്ങാന്‍ തുടങ്ങി. 

ഞങ്ങളുടെ വിവാഹം കഴിഞ്ഞപ്പോള്‍, അദ്ദേഹത്തെ പഞ്ചാബിലെ ഫിറോസ്പുറില്‍ പോസ്റ്റ് ചെയ്തു. ഒരു പട്ടാളക്കാരന്റെ ഭാര്യ എങ്ങനെയായിരിക്കണമെന്ന് അവിടെ വച്ചാണ് ഞാന്‍ പഠിക്കുന്നത്. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ ഞങ്ങള്‍ രാജ്യം മുഴുവനും ഞങ്ങള്‍ സഞ്ചരിച്ചു. പുണെ, സിക്കിം, തമിഴ്‌നാട്, ഡെല്‍ഹി- എല്ലായിടത്തും അദ്ദേഹത്തിനൊപ്പം തന്നെ ഞാനുമുണ്ടായിരുന്നു. തുടര്‍ന്ന് പഠിക്കാന്‍ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. അതുകൊണ്ട് തന്നെ ഞാന്‍ സ്വയംപര്യാപ്തയാകാന്‍ പഠിച്ചു. പക്ഷേ എനിക്ക് അദ്ദേഹത്തോട് ഒരു പരാതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ ഒന്നിച്ച് സമയം പങ്കുവെച്ചത് വളരെ കുറവാണെന്നായിരുന്നു ആ പരാതി. 

1998-ല്‍ അദ്ദേഹം 25 രാഷ്ട്രീയ റൈഫിള്‍സില്‍ അദ്ദേഹത്തെ പോസ്റ്റ് ചെയ്തു. ഒരിക്കലും സോഫ്റ്റ് ഫീല്‍ഡ് പോസ്റ്റിങ് ലഭിക്കുന്നതിന് വേണ്ടി അദ്ദേഹം തന്റെ സ്വാധീനം ഉപയോഗിച്ചിരുന്നില്ല. ഒരിക്കല്‍ ഇതേ കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി വളരെ ലളിതമായിരുന്നു. 'എല്ലാവരും അങ്ങനെ ചെയ്താല്‍ കഠിന മേഖലകളില്‍ പോകാന്‍ ആരുണ്ടാകും? ' അദ്ദേഹം അങ്ങനെ ജോലി സ്ഥലത്തേക്ക് പോയി. ഞാന്‍ ഡെല്‍ഹിയില്‍ തന്നെ തങ്ങി. ഞാന്‍ എന്റെ ബി.എഡ് പൂര്‍ത്തീകരിച്ചു. 1999-ല്‍ കാര്‍ഗില്‍ യുദ്ധം തുടങ്ങി. ഇന്ത്യന്‍ സൈന്യത്തിന് നേരിടേണ്ടി വന്ന അത്യാഹിതങ്ങളില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. അദ്ദേഹത്തെ ആഹ്ലാദിപ്പിക്കുന്നതിന് വേണ്ടി  മക്കള്‍ വരച്ച ചിത്രങ്ങള്‍ അദ്ദേഹത്തിന് അയച്ചുകൊടുക്കുമായിരുന്നു. 

ഒക്ടോബര്‍ 29-ന് അദ്ദേഹം വിളിച്ചു, കുഞ്ഞുങ്ങളോട് സംസാരിച്ചു. സംഭവിക്കുന്നതെല്ലാം ഫോണിലൂടെ ഞാന്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. ഒക്ടോബര്‍ 30ന് 6.30 ആയപ്പോള്‍ ഒരു ഓഫീസര്‍ എന്റെ വീട്ടിലേക്ക് കടന്നുവന്നു. ഭര്‍ത്താവ് വീരചരമമടഞ്ഞ വാര്‍ത്ത അദ്ദേഹം എന്നെ അറിയിച്ചു. പക്ഷേ ഞാന്‍ നിരാകരിച്ചു. അത് വിശ്വസിക്കണമെങ്കില്‍ യൂണിറ്റില്‍ നിന്നുള്ള ആരെങ്കിലും എന്നെ വിളിക്കട്ടെ എന്നായിരുന്നു എന്റെ നിലപാട്. ഏകദേശം 8.30 ആയപ്പോഴേക്കും എനിക്ക് യൂണിറ്റ് ഓഫീസറുടെ കോള്‍ വന്നു. ഫാസിയാബാദില്‍ വെച്ച് സൈന്യത്തോട് ഏറ്റുമുട്ടുന്നതിനിടയില്‍ അദ്ദേഹം മരണപ്പെട്ട വാര്‍ത്ത അവര്‍ എന്നെ അറിയിച്ചു. മുറിവേറ്റിട്ടും അദ്ദേഹം യുദ്ധം തുടരുകയും മൂന്ന് സൈനികരെ ഇല്ലാതാക്കുകയും ചെയ്തു. പക്ഷേ അതിനിടയില്‍ തലക്ക് വെടിയേല്‍ക്കുകയും അദ്ദേഹം മരിക്കുകയും ആയിരുന്നു, അവര്‍ പറഞ്ഞു. 

അദ്ദേഹത്തിന്റെ ജീവനറ്റ ശരീരം കണ്ടിട്ടും ഞാന്‍ ആ വാര്‍ത്ത നിഷേധിക്കുക തന്നെയായിരുന്നു. അദ്ദേഹം ഉറങ്ങുന്നത് പോലെയാണ് എനിക്ക് തോന്നിയത്. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. കുറച്ച് ബുള്ളറ്റുകള്‍ക്ക് ഒരാളുടെ ജീവിതം എടുക്കാന്‍ കഴിയുമെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. സര്‍ഫരോശ് എന്ന സിനിമയില്‍ അതിനെല്ലാം ശേഷം ആമിര്‍ ഖാന്‍ ജീവിക്കുന്നുമുണ്ട്. അതാണ് അജിത്തിനൊപ്പം ഞാന്‍ കണ്ട അവസാനത്തെ സിനിമ. പക്ഷേ നമ്മള്‍ സിനിമയില്‍ കാണുന്നതില്‍ നിന്ന് തികച്ച് വ്യത്യസ്തമാണല്ലോ യഥാര്‍ത്ഥ ജീവിതം. ഞാന്‍ തകര്‍ന്നുപോയി. അദ്ദേഹത്തിന്റെ ലഗേജ് വന്നപ്പോള്‍ അത് വളരെക്കാലത്തേക്ക് എനിക്ക് തുറന്ന് നോക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. യഥാര്‍ത്ഥ്യത്തില്‍ നിന്ന് ഓടിപ്പോകാന്‍ ഞാന്‍ ശ്രമിച്ചു. 2000-ത്തില്‍ മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് ശൗര്യ ചക്ര പുരസ്‌കാരം ലഭിച്ചു. 

സംഭവിച്ചതിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ കഴിയുന്നതിലും ചെറുപ്പമായിരുന്നു ഞങ്ങളുടെ മക്കള്‍. വളരെക്കാലത്തേക്ക് ഞാന്‍ ആരോടും എന്റെ ഭര്‍ത്താവ് മരണപ്പെട്ട വിവരം പറഞ്ഞതുതന്നെയില്ല. രണ്ടുകുഞ്ഞുങ്ങളുമായി ഒറ്റക്ക് കഴിയുന്ന സ്ത്രീയെ സമൂഹം കാണുക ഒരു പ്രത്യേകരീതിയിലാണ്‌. എനിക്ക് സഹതാപം ആവശ്യമില്ലായിരുന്നു. അതുകൊണ്ട് കുറേക്കാലത്തേക്ക് അദ്ദേഹത്തിന്റെ ചിത്രമോ മെഡലുളോ വീടിന്റെ ചുവരില്‍ ഞാന്‍ വെച്ചിരുന്നില്ല. യുദ്ധമുഖത്തുള്ള പട്ടാളക്കാരന്റെ ഭാര്യയായി ഞാന്‍ ജീവിതം തുടര്‍ന്നു. 

വര്‍ഷങ്ങള്‍ കടന്നുപോയി, അജിത് തൊട്ട നിരവധി ജീവിതങ്ങളെ ഞാന്‍ കണ്ടു. അജിത് ജീവന്‍ രക്ഷിച്ചതിന്റെ നന്ദി പ്രകടിപ്പിക്കാന്‍ ഒരു വ്യക്തി അയാളുടെ മകള്‍ക്ക് അജിത എന്നാണ് പേരിട്ടത്. 

ഇന്ന് ഞങ്ങളുടെ രണ്ടുമക്കളും സൈന്യത്തിലാണ്. ആളുകള്‍ എന്നോട് ചോദിച്ചു. എങ്ങനെയാണ് രണ്ടുമക്കളേയും എനിക്ക് സൈന്യത്തില്‍ വിടാന്‍ തോന്നിയത് എന്ന്. പക്ഷേ ഞാന്‍ വിശ്വസിക്കുന്നത് മരണം പ്രവചിക്കാന്‍ സാധിക്കാത്തതും ഒഴിച്ചുകൂടാന്‍ ആകാത്തതുമാണ്. അതിലുപരി രാജ്യത്തിന് വേണ്ടി മരണപ്പെടുന്നത് ബഹുമതിയാണ്. നമ്മുടെ 'നാളേ'യ്ക്ക് വേണ്ടി സൈനികന്‍ അവന്റെ 'ഇന്ന് ' സമര്‍പ്പിക്കുന്നു. 

ശകുന്തള ഭണ്ഡാര്‍ക്കര്‍ 

Content Highlights: Being You, Shakunthala Bhandarkar