രാജ്യത്തെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന പീഡനങ്ങള്‍ ഇന്ന് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഓരോ തൊഴിലിടത്തിലും സഹപ്രവര്‍ത്തകരില്‍ നിന്നോ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നോ നേരിട്ട ശാരീരിക മാനസിക ലൈംഗിക പീഡനങ്ങളുടെ തുറന്ന് പറച്ചിലാണ് മീ റ്റൂ ക്യമ്പയിനിലൂടെ രാജ്യത്തെ സ്ത്രീകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

തൊഴിലിടത്തിലെ ശാരീരിക, മാനസിക പീഡനങ്ങളുടെ തെളിവുകൾ സഹിതം നിരത്തിയാണ് സഹപ്രവര്‍ത്തകര്‍ക്കെതിരേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും നിരവധി സ്ത്രീകൾ രംഗത്തെത്തിയത്. പലപ്പോഴും സത്രീകള്‍ നേരിടുന്ന ഇത്തരം മാനസിക, ശാരീരിക, ലൈംഗിക പീഡനങ്ങള്‍ അവരുടെ കരിയറിനേയും ബാധിക്കാറുണ്ട്. 

ചലച്ചിത്ര, സാഹിത്യ, മാധ്യമരംഗങ്ങളിലടക്കമുള്ള പ്രമുഖര്‍ക്കെതിരേയും ഇതിനോടകം നിരവധി സ്ത്രീകള്‍ മീ റ്റൂ ക്യാമ്പയിനില്‍ പങ്കെടുത്തുകൊണ്ട് വെളിപ്പെടുത്തലുകള്‍ നടത്തി.

രാജ്യത്തെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി ഓരോ സ്ഥാപനവും കൃത്യമായി രൂപവത്കരിക്കേണ്ട കമ്മിറ്റിയെക്കുറിച്ചും അതിന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ചും 2013 ഡിസംബറില്‍ പ്രാബല്യത്തില്‍ വന്ന വിശാഖാ ഗൈഡ്‌ലൈന്‍സില്‍ വ്യക്തമാക്കുന്നുണ്ട്. 

സുപ്രീംകോടതിയുടെ വിശാഖാ ഗൈഡ് ലൈന്‍സ് പ്രകാരം ഓരോ സ്ഥാപനത്തിലേയും ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായുള്ള ഇന്‍േണല്‍ കംപ്ലെയിന്റ് കമ്മിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ചും അതിന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ചും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുടെ പ്രവര്‍ത്തനം 

10 പേരിലധികമുള്ള ഏതൊരു സ്ഥാപനത്തിലും അതിന്റെ അനുബന്ധ ശാഖയിലും ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപവത്കരിച്ചിരിക്കണം

സ്ഥാപനത്തിനകത്തുള്ള പരാതി പരിഹാര സെല്ലിന്റെ തലപ്പത്ത് വനിതയായിരിക്കണം. 

സെല്ലിന്റെ അംഗങ്ങളിൽ പകുതി  വനിതകളായിരിക്കണം.

മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്ള സമ്മര്‍ദ്ദം ഒഴിവാക്കാന്‍ മൂന്നാമതൊരു എന്‍ ജി ഒ യുടേയോ ലൈംഗിക അതിക്രമ പ്രശ്‌നങ്ങളെക്കുറിച്ച് അറിവുള്ള മറ്റേതെങ്കിലും സംഘടനകളുടേയോ പങ്കാളിത്തം കമ്മിറ്റി ഉറപ്പാക്കണം. 

ലൈംഗിക അതിക്രമങ്ങളായി പരിഗണിക്കുന്ന പരാതികള്‍ 

1.ശാരീരികമായ ആക്രമണങ്ങള്‍

2. ലൈംഗികബന്ധത്തിന് നിർബന്ധിക്കുക 

3. ലൈംഗിക ചേഷ്ടകള്‍ കാണിക്കുക

4. പോണോഗ്രഫി പ്രദര്‍ശിപ്പിക്കുക

5. മറ്റ് സ്വാഗതാര്‍ഹമല്ലാത്ത ശാരീര ഭാഷയോ, സംഭാഷണങ്ങളോ, ചിഹ്നങ്ങളോ പുറപ്പെടുവിപ്പിക്കുക തുടങ്ങിയവയാണ്. ഇത്തരത്തിലുള്ള ഏതെങ്കിലും ബുദ്ധിമുട്ടുകള്‍ നിങ്ങളുടെ തൊഴിലിടത്തില്‍ നിന്നും നേരിട്ടുണ്ടെങ്കില്‍ സ്ഥാപനത്തിനകത്തെ പരാതി പരിഹാരസെല്ലിനെ സമീപിക്കാവുന്നതാണ്. 

പരാതി നല്‍കുന്നതിനും ചില മാനദണ്ഡങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 'തൊഴിലിടത്തില്‍'  ഉണ്ടായിട്ടുള്ള പീഡനങ്ങള്‍ക്ക് മാത്രമേ സെല്‍ പരിഹാരം കണ്ടെത്തുന്നതിന് ബാധ്യതപ്പെട്ടിട്ടുള്ളൂ.‌

ഗൈഡ്ലൈൻസിൽ ഈ തൊഴിലിടത്തിനെയും കൃത്യമായി നിർവചിക്കുന്നുണ്ട്.  

1. ഓഫീസ്, ഓഫീസ് പരിസരം, ക്യാന്റീന്‍, ഓഫീസിന് പുറത്തുവെച്ചുള്ള പരിപാടികള്‍, ഓഫീസ് ക്യാബിൻ എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്നു. ജോലി ആവശ്യത്തിനായി നഗരം വിട്ടുള്ള യാത്രകളില്‍ താമസിക്കുന്ന ഹോട്ടല്‍, വാഹനം എന്നിവയും പരിഗണിക്കും. 

2. 'തൊഴിലാളികള്‍' എന്ന വിഭാഗത്തില്‍ മുഴുവന്‍ സമയ ജോലിക്കാര്‍, പാര്‍ട് ടൈം ജീവനക്കാര്‍, ഇന്റേണുകള്‍, വോളന്റിയേഴ്‌സ്, കണ്‍സള്‍ട്ടന്‍സ്, കോണ്‍ട്രാക്ടേഴ്‌സ്, മറ്റ് വക്താക്കള്‍ എന്നിവരും ഉള്‍പ്പെടുന്നു

3. കടലാസില്‍ എഴുതി നല്‍കുന്നതായിരിക്കണം പരാതി. ഇന്റേണല്‍ പരാതി പരിഹാര സെല്ലിന്റെ എല്ലാ നടപടികളും എഴുതി രേഖപ്പെടുത്തുന്ന രീതിയിലായിരിക്കണം. പരാതിയില്‍ വിശ്വാസ്യത ഉറപ്പാക്കാന്‍ കമ്മിറ്റി ആവശ്യപ്പെട്ടാല്‍ സാക്ഷികളുണ്ടെങ്കില്‍ അവരേയും ഹാജരാക്കേണ്ടതാണ്. 

4. ഇത് കൂടാതെ ഓഫീസ് കഴിഞ്ഞ് വീട്ടിലായിരിക്കുമ്പോള്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയോ അശ്ലീലസന്ദേശങ്ങള്‍ അയക്കുകയോ ചെയ്യുന്നതും സെല്‍ പരാതി പരിഗണിക്കുന്നതാണ്.