മീ റ്റൂ ക്യാംപെയിന്‍ ആരംഭിച്ച് ഒരു വര്‍ഷം ആകുമ്പോഴും എനിക്കും സംഭവിച്ചിട്ടുണ്ടെന്നും താനും ഇരയായിട്ടുണ്ടെന്നും ആവര്‍ത്തിച്ച് നിരവധി വനിതാ ജേണലിസ്റ്റുകളാണ് ഇപ്പോഴും രംഗത്തെത്തുന്നത്. ലൈംഗിക അതിക്രമത്തെ അതിജീവിച്ചവര്‍ മാസങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്കുമിപ്പുറം തുറന്ന് പറച്ചിലുമായി എത്തുമ്പോള്‍ പലപ്രമുഖരുടെ പേരുകളും അതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അത്തരത്തില്‍ മാധ്യമ രംഗത്തയെും സാഹിത്യരംഗത്തേയും നിരവധി പ്രമുഖര്‍ക്കെതിരേ മീറ്റൂ ക്യാംപയിനിലൂടെ ആരോപണമുയര്‍ന്നിരുന്നു. തങ്ങള്‍ നേരിട്ട അതിക്രമത്തിന്റെ വിശദമായ തെളിവുകള്‍ നിരത്തിയാണ് പല സ്ത്രീകളും ക്യാംപെയിനില്‍ പങ്കെടുത്തത്.

ന്യൂസ് റൂമുകളിലും അതിന് പുറത്തുമായി മാനസികമായും ശാരീരികവുമായി തങ്ങള്‍ നേരിട്ട പീഡനങ്ങളുടെ തുറന്ന് പറച്ചിലാണ് പല വനിതാ മാധ്യമപ്രവര്‍ത്തകരും നടത്തിക്കൊണ്ടിരിക്കുന്നത്. നേരിട്ട അക്രമങ്ങളുടെ നീണ്ട നിരതന്നെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മീ റ്റൂ ക്യാംപെയിനിലൂടെ പുറത്തുവന്നതും. 

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ബ്യൂറോ ചീഫ് പ്രശാന്ത് ഝാ ക്കെതിരേ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ഇതേ സ്ഥാപനത്തിലെ മുന്‍ ഉദ്യോഗസ്ഥയാണ് ഇദ്ദേഹത്തിനേതിരേ ആരോപണമുയര്‍ത്തിയത്. തുടര്‍ന്ന് മാനേജ് മെന്റ് ബ്യൃൂറോ ചീഫ് സ്ഥാനം ഒഴിയുകയും റിപ്പോര്‍ട്ടറായി തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുവതിയും പ്രശാന്ത് ഝായും തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളടക്കമാണ് യുവതി ട്വറ്ററീലുടെ ക്യാംപെയിനില്‍ പങ്കെടുത്തത്. 
         
ടൈംസ് ഓഫ് ഇന്‍ഡ്യ റെസിഡന്റ് എഡിറ്റര്‍ കെ എസ് ശ്രീനിവാസിനേതിരേ ഏഴ് സ്ത്രീകളാണ് ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മാനസികമായി തങ്ങളെ തളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങളും ചിഹ്നങ്ങളുമടക്കമാണ് ശ്രീനിവാസ അയച്ചിരുന്നതെന്നാണ് യുവതികളുടെ ആരോപണം. 

ഡി എന്‍ യുടെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ഗൗതം അധികാരിക്കെതിരേയും ചില മാധ്യമപ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ താന്‍ ജോലിയില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെന്നും, ആരോപണത്തില്‍ പറയുന്ന തരത്തിലുള്ള സംഭവങ്ങള്‍ തന്റെ ഓര്‍മയില്‍ ഇല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. എഴുത്തുകാരന്‍ കിരണ്‍ നഗാര്‍കാറുമായി  ഹോട്ടല്‍ മുറിയില്‍ അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് മറ്റൊരു വനിതാ ജേണലിസ്റ്റും രംഗത്തെത്തിയിരുന്നു. 

ഇവരെക്കൂടാതെ മറ്റ് നിരവധി പ്രമുഖര്‍ക്കെതിരേയും മീ റ്റൂ ക്യാംപിയിനില്‍ പങ്കെടുത്ത് യുവതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ചേതന്‍ഭഗത് മീറ്റൂ ക്യാംപയിനില്‍ തനിക്കെതിരേ ആരോപണം ഉന്നയിച്ച യുവതിയോട് തന്നില്‍ നിന്നുണ്ടായ തെറ്റായ പെരുമാറ്റത്തിന് ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. ആ സ്ത്രീയുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ല, പക്ഷേ തങ്ങളുടെ ചാറ്റുകളില്‍ അത്തരം സംസാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നത്തെ ഞങ്ങളുടെ സംഭാഷണങ്ങളൊന്നും ഇന്ന് പ്രസിദ്ധപ്പെടുത്താന്‍ താത്പര്യപ്പെടുന്നില്ല. പക്ഷേ അന്ന് എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് ഇന്ന് മാപ്പ് ചോദിക്കുന്നതായി തന്റെ ഫെയിസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


       

ജേണലിസ്റ്റായ അനുരാഗ് വര്‍മ, ഹാസ്യനടനായ ഉത്സവ് ചക്രബര്‍ത്തി തുടങ്ങി നിരവധി പ്രമുഖര്‍ക്കെതിരേ ഇതിനോടകം തന്നെ ആരോപണം ഉര്‍ന്നിരുന്നു.  മീ റ്റൂ ക്യാംപെയിനില്‍ തങ്ങള്‍ക്കെതിരേ ആരോപണവുമായി എത്തിയവരോട് മാപ്പ് പറഞ്ഞും ആരോപണം നിഷേധിച്ചും രംഗത്തെത്തുകയും ചെയ്തിരുന്നു. 

അതിക്രമങ്ങളെ അതിജീവിച്ചവര്‍ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ വലിയതോതിലുള്ള പിന്തുണ ലഭിക്കുമ്പോഴും ഇവരെ വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട്. സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ തുറന്നുപറയുന്ന മീ റ്റൂ ക്യാമ്പയിന്‍ ഇന്ത്യയിലും ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പു മന്ത്രി മനേകാ ഗാന്ധി ട്വീറ്റു ചെയ്തിരുന്നു.