കോഴിക്കോട്:  ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മാനാഞ്ചിറയ്ക്കടുത്ത് എസ്.ബി.ഐ ബാങ്കിനടുത്ത് എത്തിയപ്പോഴാണ് കോഴിക്കോട്ട് കോട്ടൂളിയിലെ പ്ലസ് വണ്‍കാരിക്ക് തന്റെ ദേഹത്ത് ആരോ  പിടിക്കുന്ന പോലെ തോന്നിയത്. പെട്ടെന്ന് ഒരു ഷോക്കായിരുന്നു. ആകെ മരവിച്ചുപോയി.

ആദ്യം എന്തു ചെയ്യണമെന്ന് ബോധ്യമുണ്ടായിരുന്നില്ല. അതേ ആളുതന്നെ മറ്റൊരു  കൂട്ടിയേയും പിടിച്ചതോടെയാണ് തനിക്ക് സ്ഥലകാല ബോധം വന്നതു പോലെ തോന്നിയത്. ഇതുകണ്ട ബസ്സില്‍ നിന്നുള്ളവരെല്ലാം അയാളെ പിടിക്കാന്‍ വിളിച്ചു പറയുന്നുണ്ട്. പിന്നെ ഒന്നും നോക്കിയില്ല. പുറകെ ഓടി വയറിനു നല്ല കുത്ത് കൊടുത്തു. കുതറിയോടാന്‍ ശ്രമിച്ചെങ്കിലും  മുറുക്കെ പിടിച്ചു. പിന്നെ ഒരടി അയാള്‍ക്ക് നീങ്ങാനായില്ല. 

കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടുറോട്ടില്‍ തന്നെ അക്രമിക്കാന്‍ ശ്രമിച്ച ആളെ കീഴ്പ്പെടുത്തിയ കഥ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വിവരിക്കുന്നത് കേള്‍ക്കുമ്പോല്‍ ആര്‍ക്കുമൊന്ന് രോമാഞ്ചമാവും.

നാല് വര്‍ഷം  തായ്ക്വാണ്‍ഡോ പഠിച്ചതാണ്, അതുകൊണ്ട് തന്നെ ആത്മവിശ്വാസം ഏറേയുണ്ടയായിരുന്നതിനൊപ്പം പേടി ഒട്ടുമുണ്ടായിരുന്നില്ലെന്ന് പറയുന്നു വിദ്യാര്‍ഥിനി. പക്ഷെ  തായ്ക്വാണ്‍ഡോ മുറകളൊന്നും പ്രയോഗിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ പട്ടാപ്പകല്‍ ഒന്നിലധികം പെണ്‍കുട്ടികളെ ഒരാള്‍ അക്രമിച്ചിട്ടും കണ്ടു നിന്നവര്‍ ആരും പ്രതികരിക്കാന്‍ പോലും തയ്യാറായില്ല. അത് മാത്രമാണ് തനിക്ക് സങ്കടമുണ്ടാക്കിയതെന്നും വിദ്യാര്‍ഥിനി പറുന്നു.

പ്രതിയുടെ  പുറകെ ഓടിയാണ് വയറിന് കുത്ത് കൊടുത്തത്. പിന്നെ ഷര്‍ട്ടിനും കൈക്കും ചേര്‍ത്ത് മുറുക്കെ പിടിച്ചു. അതില്‍ അയാൾ പതറിപ്പോയി. നമ്മള്‍ ഒന്നും ചെയ്യില്ലെന്ന ബോധ്യമാണ് എല്ലാവര്‍ക്കും ഉള്ളത്. അതുതന്നെയാണ് ഇത്തരം അക്രമങ്ങള്‍ കൂടാന്‍ കാരണം. എല്ലാ പെണ്‍കുട്ടികളും എന്തെങ്കിലുമൊരു ആയോധന മുറ പഠിച്ച് വെക്കുന്നത് ഈ കാലത്ത് എറെ നല്ലതാണ്. അത് തരുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും വിദ്യാര്‍ഥിനി പറഞ്ഞു വെക്കുന്നുണ്ട്.

പെണ്‍കുട്ടികള്‍ പഴയപോലെ പാട്ടും ഡാന്‍സും മാത്രം പഠിച്ചാല്‍  പോര. ബോക്‌സിംഗ് അടക്കമുള്ളവ പഠിച്ച് വെക്കേണ്ടത് അത്യാവശ്യമാണ്. ആ ഒരു ബോധ്യം ഇവള്‍ ജനിച്ചപ്പോഴെ എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് കുട്ടിയെ തായ്ക്വാണ്‍ഡോ പഠിക്കാന്‍ വിട്ടതെന്ന് കുട്ടിയുടെ അച്ഛനും പ്രതികരിച്ചു. ഞാനും മോളും തന്നെയാണ് വീട്ടില്‍ നിന്ന് പരിശീലനം നടത്താറുള്ളത്. ഇവളുടെ അനുജനും പഠിച്ചിട്ടുണ്ട്. അവളുടെ അടുത്ത് നിന്ന് നല്ല രീതിയില്‍ അയാള്‍ക്ക് കിട്ടുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എനിക്ക് പോലും പലപ്പോഴും അവളുടെ കിക്ക് താങ്ങാനാവില്ല. അതുകൊണ്ട് സംഭവം ആരൊക്കെയോ വിളിച്ച് പറഞ്ഞപ്പോഴും അവളുടെ കാര്യത്തില്‍ പേടിയുണ്ടായിരുന്നില്ലെന്നും അച്ഛന്‍ പറഞ്ഞു.  

അസ്വാഭാവികത തോന്നുമ്പോള്‍ തിരിച്ച് പെണ്‍കുട്ടികളുടെ ഒരു നോട്ടം മതി ഇത്തരം വര്‍ധിച്ച് വരുന്ന അക്രമങ്ങളെ പകുതി നമുക്ക് ഒഴിവാക്കാനാവും. എല്ലാത്തിനേയും പേടിച്ച് സമൂഹത്തിലിറങ്ങുന്നവരാണ് വിദ്യാര്‍ഥിനികള്‍ എന്ന പൊതുബോധമാണ് മാറ്റേണ്ടതെന്നും അതിന് അവര്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും അച്ഛന്‍ പറയുന്നു.

Content Highlights: sexual assault on minor girl, taekwondo student beats up man who tried to sexually assault her