ബോഡിഷെയിമിങ്ങിനെക്കുറിച്ചും ബോഡിപോസിറ്റിവിറ്റിയെക്കുറിച്ചും നിരന്തരം സംസാരിക്കുന്ന കാലമാണിത്. വണ്ണത്തിന്റെയും നിറത്തിന്റെയും ആകൃതിയുടെയുമൊക്കെ പേരിൽ പരിഹാസങ്ങൾക്ക് ഇരയാകുന്നവരുണ്ട്. ഇപ്പോഴിതാ താൻ നേരിട്ട ബോഡിഷെയിമിങ് അനുഭവത്തെക്കുറിച്ച് പങ്കുവെക്കുകയാണ് ടെലിവിഷൻ താരം രശ്മി സോമൻ. 

വണ്ണത്തിന്റെ പേരിലാണ് താൻ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ടിട്ടുള്ളതെന്ന് രശ്മി പറയുന്നു. ദിവസവും പത്തുവട്ടമെങ്കിലും ഇത്തരത്തിൽ കേൾക്കാറുണ്ട്. കേട്ടു ശീലമായതുകൊണ്ട് പലതും വകവെക്കാറില്ല. തടിവെച്ചു, മുടിപോയി, മുഖക്കുരു വന്നു എന്നൊക്കെ കമന്റുകൾ ചെയ്യുന്നവരുണ്ട്. ഞാനെന്നെ സ്നേഹിക്കുന്നു, എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയാണുണ്ടായത്. താനെന്തെല്ലാം അവസ്ഥയിലൂടെയാണ് കടന്നുപോയിട്ടുള്ളത് എന്ന് തനിക്കു മാത്രമേ അറിയൂ..

കഴിഞ്ഞ ദിവസം തനിക്കുണ്ടായ അനുഭവവും രശ്മി സോമൻ പങ്കുവെക്കുന്നു. സുഹൃത്താണെന്ന് കരുതിയിരുന്ന ഒരാളാണ് അദ്ദേഹം. തന്നെ പല രീതിയിൽ കളിയാക്കി വിളിക്കുമായിരുന്നു. ഒരിക്കൽ ചുറ്റും കുറേപേർ നിൽക്കുന്നസമയത്ത് അയാൾ വീണ്ടും വണ്ണത്തെക്കുറിച്ച് പറഞ്ഞു. തന്റെ സുഹൃത്തായിരുന്നു അദ്ദേഹമെങ്കിൽ ഒരിക്കലും അങ്ങനെ പറയുമായിരുന്നില്ല. കുറച്ചുനേരം താൻ സ്തബ്ധയായി നിന്നു. ഇത്രത്തോളം ആത്മവിശ്വാസവും അവനവനെ സ്നേഹിക്കുകയും ചെയ്യുന്ന താൻ പോലും മിണ്ടാനാവാതെ നിന്നു. ആരോ​ഗ്യത്തെക്കുറിച്ചും കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചുമൊക്കെ ബോധവതിയാണ്. താൻ നെ​ഗറ്റീവ് അവാൻ വേണ്ടി തുടർച്ചയായി കമന്റുകൾ ചെയ്യുകയായിരുന്നു. അങ്ങനെ സുഹൃത്ത് എന്നു കരുതിയിരുന്ന ആളെ താൻ ജീവിതത്തിൽ നിന്ന് ഒഴിവാക്കി- രശ്മി പറയുന്നു. 

അവനവനെ സ്നേഹിക്കുക എന്നതും ആത്മവിശ്വാസം കൈവരിക്കുക എന്നതുമാണ് ബോഡിഷെയിമിങ്ങിനെ അതിജീവിക്കാൻ ആദ്യം സ്വീകരിക്കേണ്ടത് എന്നും രശ്മി പറയുന്നു. അത്തരം അനുഭവങ്ങളിൽ ഉടൻ പ്രതികരിക്കുക, അവരെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുക. നെ​ഗറ്റിവിറ്റി പറഞ്ഞ് ജീവിതത്തിൽ തളർത്താൻ നിൽക്കുന്നവരെ ഒഴിവാക്കാൻ ഒട്ടും മടിക്കരുത്. അവനവനെ സ്നേഹിക്കുന്നത് സ്വാർഥതയാണെന്നു പറയുന്നവരുണ്ട്. എന്നാൽ‌ നമ്മളെ സ്നേഹിച്ചാൽ മാത്രമേ ചുറ്റുമുള്ളവരെ സ്നേഹിക്കാനും പിന്തുണയ്ക്കാനുമൊക്കെ കഴിയൂ.- രശ്മി സോമൻ പറയുന്നു. 

Content Highlights: serial actress reshmi soman, bodyshaming experience, body shaming effects, body positivity