സെറീന വില്യംസിന് ടെന്നീസിനോളം പ്രിയമാണ് മകൾ അലെക്സി ഒളിമ്പിയ ഒഹാനിയൻ ജൂനിയറിനൊപ്പമുള്ള കളിചിരികളും. മകൾ‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സെറീന സമൂഹമാധ്യമത്തിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാകുന്നതും സെറീനയുടെ മകളുടെ ഒരു വീഡിയോ ആണ്. 

യുഎസ് ഓപ്പണിൽ സ്ലോൻ സ്റ്റീഫൻസിനെ തോൽപ്പിച്ചതിനു ശേഷമുള്ള രം​ഗങ്ങളാണവ. കോവിഡ് നിയന്ത്രണങ്ങൾ മാനിച്ചുകൊണ്ടാണ് ശനിയാഴ്ച്ച മത്സരം നടത്തിയത്. കാണികളെ പ്രവേശിപ്പിക്കുന്നതിലും കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാൽ മറ്റെങ്ങും കിട്ടാത്ത പ്രോത്സാഹനം നൽകാൻ സ്റ്റേഡിയത്തിലൊരാൾ ഇരിപ്പുണ്ടായിരുന്നു. മറ്റാരുമല്ല സെറീനയുടെ മകൾ ഒളിമ്പിയ ആണത്. 

സെറീനയുടെ പങ്കാളി അലെക്സി ഒഹാനിയൻ സീനിയറിനൊപ്പമിരിക്കുന്ന ഒളിമ്പിയയുടെ വീഡിയോ ആണ് വൈറലായത്. ​ഗ്യാലറിയിൽ അച്ഛന്റെ മടിയിലിരുന്ന് അമ്മയെ പ്രോത്സാഹിപ്പിക്കുകയാണ് ഒളിമ്പിയ. സെറീനയെ ചൂണ്ടി അമ്മ എന്നു പറയുന്നതും വീഡിയോയിൽ കാണാം. മകളെ നോക്കി സെറീന കൈവീശിക്കാണിക്കുന്നതും വീ‍ഡിയോയിലുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 

Baby 👋 Mama

A post shared by Alexis Ohanian Sr. (@alexisohanian) on

തിരക്കേറിയ കായികതാരം എന്നതിനൊപ്പം തിരക്കേറിയ അമ്മ എന്ന റോളും മനോഹരമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് സെറീന അടുത്തിടെ പറഞ്ഞിരുന്നു. അച്ഛനും കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാൻ തയ്യാറാകുമ്പോഴാണ് സ്ത്രീയുടെ ജീവിതത്തിൽ പല കാര്യങ്ങളും വിജയത്തിലേക്കെത്തുക എന്നാണ് സെറീന പറഞ്ഞത്. കുടുംബവും കുഞ്ഞും ജോലിയും ഇഷ്ടങ്ങളുമൊക്കെ ഒരുപോലെ കൈകാര്യം ചെയ്യുന്ന സൂപ്പർഹീറോ ആവുക എന്നതാണ് സ്ത്രീയുടെ ജീവിതത്തിലെ വലിയ വെല്ലുവിളി എന്നും സെറീന പറഞ്ഞിരുന്നു. 

2017ലാണ് സെറീനയ്ക്ക് മകൾ പിറക്കുന്നത്. തന്റെ ജീവിതത്തെ മകൾ മാറ്റിമറിച്ചു എന്നാണ് സെറീന അന്ന് അഭിപ്രായപ്പെട്ടത്. അലക്സിസ് ഒഹാനിയൻ കുഞ്ഞിനെ നോക്കാനായി റെഡ്ഡിറ്റിന്റെ കോഫൗണ്ടർ സ്ഥാനം രാജിവച്ചതും വാർത്തയായിരുന്നു.

Content Highlights: Serena Williams's 3-year-old daughter is the cutest cheerleader in the US Open