'കുഞ്ഞിനെ നോക്കേണ്ടത് അച്ഛന്റെയും അമ്മയുടെയും കൂട്ടായ ഉത്തരവാദിത്തമാണ്' പറയുന്നത് വേറാരുമല്ല ലോക ടെന്നീസിലെ റാണിയായ സെറീന വില്യംസ് തന്നെ. തിരക്കേറിയ കായികതാരം എന്ന പദവിയോടൊപ്പം തിരക്കേറിയ അമ്മ എന്ന റോളും മനോഹരമായി കൈകാര്യം ചെയ്യുകയാണ് സെറീനയിപ്പോള്‍. 

അച്ഛനും കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കാന്‍ റെഡിയാകുമ്പോഴാണ് സ്ത്രീയുടെ ജീവിതത്തില്‍ പലകാര്യങ്ങളും വിജയമാകുക എന്ന് സെറീന പറയുന്നു. കുടുംബവും കുഞ്ഞും ജോലിയും ഇഷ്ടങ്ങളും... എല്ലാം ഒരു പോലെ കൈകാര്യ ചെയ്യുന്ന ഒരു സൂപ്പര്‍ ഹീറോ ആകുക എന്നതാണ് സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. അതെല്ലാം തുല്യതയുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നതെന്നും സെറിന പറയുന്നു.

ഇപ്പോള്‍ സെറീനയെ തോല്‍പിക്കാന്‍ പറ്റാത്ത എതിരാളി മറ്റാരുമല്ല, രണ്ട് വയസ്സുകാരി മകള്‍ ഒളിംപിയയാണ്. ഇപ്പോഴത്തെ അവളുടെ ഇഷ്ടം ഓട്ടമാണ്. എനിക്കത് ഇഷ്ടമല്ല. പക്ഷേ പറഞ്ഞിട്ട് കാര്യമില്ലല്ലോ, ഓടുന്നത് അവളുടെ ഇഷ്ടവിനോദമാണ്, പിന്നാലെ ഓടുക എന്റെ ജോലിയും. പിന്നാലെ ആരെങ്കിലും ഓടി വരണമെന്ന് അവള്‍ക്ക് നിര്‍ബന്ധമാണ്- സെറീന പറയുന്നു. 

2017 ലാണ് സെറീനയ്ക്ക്‌ മകള്‍ പിറക്കുന്നത്. തന്റെ ജീവിതത്തെ മകള്‍ മാറ്റി മറിച്ചു എന്നാണ് സെറീന അന്ന് അഭിപ്രായപ്പെട്ടത്. സെറീനയുടെ ഭര്‍ത്താവായ അലക്‌സിസ് ഒഹാനിയന്‍ കുഞ്ഞിനെ നോക്കാനായി റെഡിറ്റിന്റെ കോഫൗണ്ടര്‍ സ്ഥാനം രാജി വച്ചതും വാര്‍ത്തയായിരുന്നു.

Content Highlights: Serena Williams Opens Up About Sharing Parenting Responsibilities