ഒരു പ്രൊഫഷണല്‍ കായികതാരമായിരുന്നിട്ടും നിറത്തിന്റെ പേരിലുള്ള വേര്‍തിരിവുകള്‍ അനുഭവിച്ചിട്ടുണ്ടെന്ന് സെറീന വില്യംസ്. ടെന്നിസിലെ ലോകതാരമായ സെറീന ബ്രിട്ടീഷ് വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
അമേരിക്കയില്‍ നടക്കുന്ന ബ്ലാക്ക് ലിവ്സ് മാറ്റര്‍ പ്രക്ഷോഭം, ബോഡി പോസിറ്റിവിറ്റി, സ്ത്രീശാക്തീകരണം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴാണ് താനും വര്‍ണവിവേചനം അനുഭവിച്ചതായി താരം വെളിപ്പെടുത്തുന്നത്. ശബ്ദമില്ലാത്ത ആയിരക്കണക്കിന് ആളുകളുടെ ശബ്ദമാകാന്‍, നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തലുകള്‍ അനുഭവിക്കുന്നവര്‍ക്കും ശബ്ദമുണ്ടെന്ന് ലോകത്തോട് പറയാന്‍ തനിക്കു കഴിയുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും സെറീന പറഞ്ഞു.
' ഈ സമയത്ത് ധാരാളം പേര്‍ എനിക്ക് എഴുതിയിരുന്നു, ഞാന്‍ കടന്നുപോകേണ്ടി വന്ന അവസ്ഥകളെ പറ്റി ക്ഷമ ചോദിച്ചുകൊണ്ട്. എന്നാല്‍ നിങ്ങള്‍ ഞങ്ങളെ മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നില്ല, എങ്കിലും നിങ്ങളിവയൊക്കെ ശ്രദ്ധിക്കുന്നു എന്നത് വലിയകാര്യമാണ്. ഇതുവരെ ഇതൊന്നും നിങ്ങള്‍ അറിഞ്ഞിരുന്നില്ലേ, കണ്ടിരുന്നില്ലേ, ഞാന്‍ എന്റെ മൊത്തം കരിയറിലും ഇതേ പറ്റി സംസാരിച്ചിട്ടുണ്ട്.' ബ്ലാക്ക് ലീവ്‌സ് മാറ്റര്‍ മൂവ്‌മെന്റിനെ പറ്റി പറയവേ സെറീന തന്റെ അഭിപ്രായങ്ങള്‍ പങ്കുവച്ചു.
പണ്ട് താന്‍ എങ്ങനെയായിരുന്നുവെന്നും സെറീന പറയുന്നുണ്ട്.' ഒരു 'കറുത്ത' സ്ത്രീ എന്ന നിലയില്‍ തീരെ കുറഞ്ഞ ശമ്പളവും വിലയില്ലാത്തതുമായ ജീവിതം. ഞാന്‍ ഇങ്ങനെയായിരുന്നില്ല. എനിക്ക് മറ്റൊരു നിറം വേണമായിരുന്നു. എന്റെ ചര്‍മത്തിന്റ നിറം കുറച്ചുകൂടി തെളിഞ്ഞതാകണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്നെ സ്‌നേഹിക്കുന്നു. എന്റെ രൂപത്തെ, ഞാന്‍ പ്രതിനിധീകരിക്കുന്ന ഇരുണ്ട സ്ത്രീകളുടെ സൗന്ദര്യത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു. എനിക്ക് ഇത് പൂര്‍ണതയാണ്. ഇത് മറ്റൊരുരീതിയിലുമാകാന്‍ ഞാന്‍ ഇപ്പോള്‍ ഇഷ്ടപ്പെടുന്നില്ല.'
എന്റെ നേട്ടങ്ങള്‍ക്കു പിന്നില്‍ എന്റെ ഈ ശരീരമാണ്. അതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. ഇനിയും നന്ദിയുള്ളവളായിരിക്കുമെന്നും സെറീന പറയുന്നുണ്ട്.
Content Highlights: Serena Williams opened up on facing racism as a professional athlete