ടെന്നീസ് വിശേഷങ്ങൾക്കൊപ്പം തന്നെ സെറീന വില്യംസിന്റെ സമൂഹമാധ്യമത്തിൽ നിറയുന്നൊരാളുണ്ട്. മറ്റാരുമല്ല മൂന്നുവയസ്സുകാരി അലെക്സിസ് ഒളിമ്പ്യ ജൂനിയർ ആണത്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂട‌െ മകൾക്കൊപ്പമുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

പരിശീലനത്തിനിടെ മകൾക്കൊപ്പമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പരിശീലനത്തിന് പോകും മുമ്പ് തന്റെ ട്രെയിനിങ് പാർട്നർക്കൊപ്പം എന്നാണ് സെറീന വീഡിയോക്ക് നൽകിയ ക്യാപ്ഷൻ. ടെന്നീസ് കോർട്ടിന്റെ ഒരേവശത്തു നിന്ന് കളിക്കുന്ന അമ്മയും മകളുമാണ് വീഡിയോയിലുള്ളത്. അമ്മയുടെ ഓരോ ചലനങ്ങളും പകർത്താൻ ശ്രമിക്കുകയാണ് അലെക്സിസ്. 

നിരവധി പേരാമ് സെറീനയുടെ വീഡിയോക്ക് കീഴെ കമന്റുകളുമായെത്തിയത്. സെറീനയ്ക്ക് ഇതിലും വലിയൊരു പരിശീലനപങ്കാളിയെ കിട്ടാനില്ലെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. നേരത്തേയും അലെക്സിസിനൊപ്പമുള്ള ധാരാളം നിമിഷങ്ങൾ സെറീന പങ്കുവച്ചിട്ടുണ്ട്. 

തന്നെ തോല്‍പ്പിക്കാന്‍ കഴിയാത്ത ഒരേയൊരു എതിരാളി മകള്‍ ഒളിംപിയയാണെന്ന് സെറീന നേരത്തെ പറഞ്ഞിട്ടുണ്ട്. തിരക്കേറിയ കായികതാരം എന്നതിനൊപ്പം തിരക്കേറിയ അമ്മ എന്ന റോളും മനോഹരമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും സെറീന പറഞ്ഞിരുന്നു. അച്ഛനും കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാൻ തയ്യാറാകുമ്പോഴാണ് സ്ത്രീയുടെ ജീവിതത്തിൽ പല കാര്യങ്ങളും വിജയത്തിലേക്കെത്തുക എന്നാണ് സെറീന പറഞ്ഞത്. 

കുടുംബവും കുഞ്ഞും ജോലിയും ഇഷ്ടങ്ങളുമൊക്കെ ഒരുപോലെ കൈകാര്യം ചെയ്യുന്ന സൂപ്പർഹീറോ ആവുക എന്നതാണ് സ്ത്രീയുടെ ജീവിതത്തിലെ വലിയ വെല്ലുവിളി എന്നും സെറീന പറഞ്ഞിരുന്നു. 2017ലാണ് സെറീനയ്ക്ക് മകള്‍ പിറക്കുന്നത്. തന്റെ ജീവിതത്തെ മകള്‍ മാറ്റിമറിച്ചുവെന്നാണ് സെറീന അന്ന് അഭിപ്രായപ്പെട്ടത്. സെറീനയുടെ ഭര്‍ത്താവായ അലക്‌സിസെ ഒഹാനിയന്‍ കുഞ്ഞിനെ നോക്കാനായി റെഡിറ്റിന്റെ സഹസ്ഥാപകസ്ഥാനം രാജിവച്ചതും വാര്‍ത്തയായിരുന്നു. 

Content Highlights: Content Highlights:  Serena Williams’ new ‘training partner Viral Video