നേവി, മിലിട്ടറി പോലുള്ള മേഖലകളിലേക്ക് സ്ത്രീകള്‍ പോകുന്നുവെന്ന് കേള്‍ക്കുമ്പോഴേക്കും മുഖം ചുളിക്കുന്നവരായിരുന്നു പണ്ടുള്ളവര്‍. ഇന്ന് കാലമേറി മാറി, സ്ത്രീകള്‍ എത്തിപ്പെടാത്ത മേഖലയില്ലെന്നായി. സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്ന് പണ്ടുതൊട്ടേ പറയപ്പെടുന്ന ഒരു മേഖലയാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്. ഇപ്പോഴിതാ ഐഎഫ്എസ് പരിശീലനം തന്നെ എത്രത്തോളം കരുത്തയാക്കിയെന്നു പറഞ്ഞ് ഒരു വനിതാ ഓഫീസര്‍ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്. 

ശ്വേത ബൊഡ്ഡു എന്ന യുവതിയാണ് ഐഎഫ്എസ് പരിശീലനം തന്നെ എത്രത്തോളം ശാക്തീകരിക്കാന്‍ സഹായിച്ചുവെന്ന് പറയുന്നത്. സ്‌കൂബാ ഡൈവിങ്, പാരാഗ്ലൈഡിങ് തുടങ്ങി ഓരോ ഘട്ടങ്ങളുടെയും ചിത്രം സഹിതമാണ് ശ്വേത ട്വിറ്ററിലൂടെ പരിശീലന കാലത്തെക്കുറിച്ച് പങ്കുവെക്കുന്നത്. 

തന്റെ പ്രൊബേഷന്‍ ഈ ആഴ്ച്ച പൂര്‍ത്തിയാവുകയാണെന്നും ഐഎഫ്എസ് പരിശീലനകാലത്തിലേക്കൊരു സമഗ്രമായ തിരിഞ്ഞുനോട്ടമെന്നും പറഞ്ഞാണ് ശ്വേത കുറിക്കുന്നത്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ഈ മേഖല തിരഞ്ഞെടുക്കാമോ എന്നു ചോദിക്കുന്നവര്‍ക്കു വേണ്ടിയാണ് ഇതെന്നും ശ്വേത പറയുന്നു. തുടര്‍ന്ന് എട്ടോളം പരിശീലനങ്ങളുടെ ചിത്രങ്ങളും അവ കൊണ്ടുള്ള മെച്ചങ്ങളുമാണ് ശ്വേത കുറിക്കുന്നത്. 

പരിശീലനത്തില്‍ ആദ്യത്തേത് കുതിരസവാരിയുടെ ചിത്രമാണ്. ഓഫീസറുടെ ഏകോപനവും ആത്മവിശ്വാസവും ശാരീരിക ഘടനയുമൊക്കെ മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കുന്നുവെന്ന് ശ്വേത പറയുന്നു. അടുത്തത് റൈഫിള്‍ ഷൂട്ടിങ്ങാണ്. ഇത് ഏകാഗ്രതയും സ്റ്റാമിനയും വര്‍ധിപ്പിക്കുമെന്ന് ശ്വേത. ഗംഗാനദിയിലെ തുഴയല്‍ പരിശീലനത്തിന്റെയും എട്ടുദിവസത്തെ നീന്തല്‍ പരിശീലനത്തിന്റെയും ചിത്രങ്ങള്‍ ശ്വേത പോസ്റ്റ് ചെയ്തിട്ടുണ്ട്. 

സ്‌കൂബാ ഡൈവിങ് അനുഭവിച്ചറിയേണ്ടതാണെന്നും ട്രെക്കിങ് സഹനശക്തിയെ പരീക്ഷിക്കുമെന്നും പാരാഗ്ലൈഡിങ് ഭയത്തെ നീക്കി ധൈര്യം വരിക്കാന്‍ സഹായിക്കുമെന്നും ശ്വേത പറയുന്നു. ഏറ്റവുമൊടുവില്‍ ഈ പരിശീലനങ്ങളില്‍ നിന്നെല്ലാം ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് ഉപസംഹരിക്കുന്നുമുണ്ട് ശ്വേത. 

ഇവ കൂടാതെ അനവധി ട്രെക്കുകളും ഫീല്‍ഡ് വിസിറ്റുകളും കായിക വ്യായാമങ്ങളും മത്സരങ്ങളുമൊക്കെയുണ്ട്. വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് ജീവിതത്തില്‍ ലക്ഷ്യവും ശാക്തീകരണത്തിന് ആത്മവിശ്വാസവും ഉണ്ടായിരിക്കേണ്ടതുണ്ട്. ഐഎഫ്എസ് ഇവ രണ്ടും നല്‍കുന്നു- ശ്വേത പറഞ്ഞു. 

നിരവധി പേരാണ് ശ്വേതയുടെ പ്രചോദനാത്മകമായ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. 

Content Highlights: Scuba Diving To Paragliding, Woman Shows How Her IFS Training Empowers Women