കൊച്ചി : 'പെൺകുട്ടി കറുത്തിട്ടാണ് എന്നിട്ടും ഭംഗിയുണ്ട് കേട്ടോ',നീ എങ്ങോട്ടാണ് ഈ തടി വെച്ചുപോണത്?, മെലിഞ്ഞുണങ്ങിയല്ലോ വീട്ടിൽ തിന്നാനൊന്നും തരാറില്ലേ? നിന്റെ ശബ്ദം എന്ത് ബോറാണെടീ ആൺപിള്ളേരെപ്പോലെ... ഇങ്ങനെയെത്രയെത്ര ചോദ്യങ്ങൾ . ഇത്തരത്തിലുള്ള ഒരു ചോദ്യമെങ്കിലും അഭിമുഖീകരിക്കാത്തവർ നമുക്ക് ചുറ്റും വിരളമായിരിക്കും. നിറത്തിന്റേയും രൂപത്തിന്റേയും സ്വഭാവത്തിന്റേയുമൊക്കെ അടിസ്ഥാനത്തിലിങ്ങനെ സമൂഹം നമ്മളെ അളന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ നമ്മൾ ഒരർത്ഥവും കണ്ടെത്താൻ കഴിയാത്ത ചില മുൻവിധികളുടെ പേരിൽ  അറിഞ്ഞോ അറിയാതെയോ കൂടെയുള്ള മനുഷ്യരെ അധിക്ഷേപിക്കുകയാണ്. നമ്മുടെ ഒരൊറ്റ തമാശയുടെ പേരിൽ ആത്മവിശ്വാസം മുറിഞ്ഞപോയവരും വിഷാദങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടവരുണ്ട്. പുത്തൻ പ്രതീക്ഷകളുമായി ന്യൂ ഇയർ എത്തുകയാണ്. തിരുത്താം, നമ്മുടെ തെറ്റിയ കാഴ്ചപ്പാടുകളേയും. ഈ പുതുവത്സരത്തിൽ നമുക്ക് ചേരാം ബോഡിഷെയിമിങ്ങിനെതിരെയുള്ള പോരാട്ടത്തിലേക്കും. വട്ടപ്പേരുകളും കളിയാക്കലുകളും തമാശയല്ല മറിച്ച്, ശുദ്ധ അസംബന്ധമാണ്. ഒരിക്കൽ അധിക്ഷേപിക്കലിലും കളിയാക്കലുകളിലും വിറങ്ങലിച്ചുപോയിട്ടും അതിൽ നിന്നെല്ലാം ഞാനിങ്ങനെയാണെന്ന് പറഞ്ഞ് മുന്നോട്ട് നടക്കുന്നവരുണ്ട്. കഴിവുകളിലും, ശരീരത്തിന്റെ വലിപ്പത്തിലും രൂപത്തിലും നിറത്തിലുമെല്ലാം താൻ പൂർണമായും സംതൃപ്തരാണെന്ന് അവർ നിരന്തരം സമൂഹത്തോട് വിളിച്ചു പറയുന്നു. ബോഡി ഷെയിമിങ് ചെയ്തു തളർത്താനെത്തുന്നവരുടെ മുന്നിൽ തങ്ങൾ ബോഡി പോസിറ്റീവാണെന്ന് ജീവിതം കൊണ്ട് വിളിച്ചു പറയുകയാണ് ഇവർ.
 
ഞാൻ ഇങ്ങനാണ് ഭായ്

ദ യങ് ഓൾഡ് മാൻ- വിനയചന്ദ്രന് സ്വയം അങ്ങനെ വിശേഷിപ്പിക്കാനാനാണിഷ്ടം. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആത്മവിശ്വാസത്തിന് മുറിവേൽപ്പിച്ചുകൊണ്ട് തലമുടി നരച്ച് തുടങ്ങിയത്. കളിയാക്കലുകളിൽ പൊറുതിമുട്ടിയാണ് തലമുടി കളർ ചെയ്തു തുടങ്ങിയെന്നും അദ്ദേഹം പറയുന്നു. തുടക്കത്തിൽ  ബർഗണ്ടി കളറാണ് മുടിയിൽ ചെയ്തത്. അന്നൊക്കെ കളറിങ് അത്ര വ്യാപകമല്ലാതിരുന്നതിനാൽ അതിനും കിട്ടി കളിയാക്കലുകൾ. കോളേജിലെത്തിയപ്പോഴേക്കും മുടി മാത്രമല്ല താടിയും മീശയുമെല്ലാം നരച്ചു. അങ്ങനെയാണ് ഡൈ ചെയ്തു തുടങ്ങിയത്. വളരെ ചെറിയപ്രായത്തിലേ തുടർച്ചയായ കളറിങ്ങും ഡൈ ചെയ്യലുമെല്ലാം ഇതിനിടേ അയാളിൽ ശാരീരിക പ്രശ്നങ്ങളുണ്ടാക്കിത്തുടങ്ങിയിരുന്നു. 2017 അവസാനമായപ്പോഴേക്കും ഇനി ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നു തിരിച്ചറിവുണ്ടായി. ചിലപ്പോഴൊക്കെ എത്ര ശ്രദ്ധിച്ചാലും നര തെളിഞ്ഞിരിക്കും. പിന്നീട് നരച്ച തലമുടി എന്റെ ഐഡന്റിറ്റിയാണെന്ന് സ്വയം ഉറപ്പിച്ചു. പിന്നെ ഡൈ ചെയ്തിട്ടില്ല. ആളുകളിപ്പോളും ചോദ്യങ്ങളാണ്. ഇത്ര ചെറുപ്പത്തിലേ എന്നു തുടങ്ങുമ്പോഴെ ഞാൻ പറയും ഞാനിങ്ങനെയാണെന്ന്. എങ്കിലും ഉപദേശങ്ങൾക്കും സഹതാപത്തിനും ഒരു കുറവുമില്ല. പക്ഷെ അതൊന്നുമെന്നെ ബാധിക്കുന്നില്ല. ഇതാണ് ഞാൻ- വിനയ് ചിരിച്ച് കൊണ്ട് പറയുന്നു. മൂത്തേടത്ത് ഹരിദാസിന്റേയും ജയലക്ഷ്മിയുടെയും മകനാണ് സോഷ്യൽ വർക്കറായ വിനയചന്ദ്രൻ

സ്വയം സ്നേഹിക്കാം

സ്വയം സ്നേഹിക്കാൻ പഠിക്കലാണ് ആദ്യം വേണ്ടതെന്ന് പറയും ഇന്ദുജ പ്രകാശ്. സ്‌കൂൾ പഠനകാലം തൊട്ടേ ശരീരഭാരത്തിന്റെ പേരിൽ അപഹേളനങ്ങൾക്ക് അവളിരയായിട്ടുണ്ട്. അത്രയേറെ ഒറ്റപ്പെട്ടുപോയിട്ടുണ്ട് ഒരുകാലത്തെന്നും ഇന്ദുജ പറയും. എന്നാലിന്ന് വാർപ്പുമാതൃകളെ തച്ചുടച്ചു കൊണ്ട് പ്ലസ് സൈസ് മോഡലിങ്ങിൽ തിളങ്ങിനിൽക്കുന്ന താരമാണവർ. എനിക്ക് ഞാനായിരിക്കാനേ കഴിയു, മറ്റൊരാളാകാൻ എന്നെ നിർബ്ബദ്ധിക്കാൻ ആർക്കാണ് അവകാശമെന്നും അവൾ ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്യാൻ മടിച്ച, ആൾക്കൂട്ടങ്ങളെ ഭയന്നിരുന്ന പെൺകുട്ടിയല്ല ഇന്നവൾ. ലക്ഷ്യങ്ങളെക്കുറിച്ചും തന്നെക്കുറിച്ചും ശക്തമായ നിലപാട് അവൾ വ്യക്തമാക്കുന്നു. രണ്ടു സിനിമയിൽ അഭിനയിച്ചു. സിനിമയാണ് സ്വപ്നം. ഇനിയും അഭിനയിക്കും. പണ്ട് സ്‌കൂളിൽ യുവജനോത്സവ വേദിയിൽ നിന്നു ബോഡി ഷെയിമിങ് മൂലം കരഞ്ഞിറങ്ങിപ്പോയിട്ടുണ്ട്. എന്റെ കഴിവുകളെ എന്നും അടിച്ചമർത്തിയിട്ടേയുള്ളു സമൂഹം. ഞാനിന്ന് അതിനെല്ലാം എന്റെ ജീവിതം കൊണ്ടു മറുപടി പറയുന്നു. പാടാൻ തോന്നിയാലും ഡാൻസ് ചെയ്യാൻ തോന്നിയാലും മടിച്ചുനിൽക്കാതെ ചെയ്യും. തടിയുടെ പേരിലുള്ള ഇപ്പോഴും തീരാത്ത അധിക്ഷേപങ്ങൾ എന്നെ ബാധിക്കുന്നില്ല. അതൊക്കെ കൂടൂതൽ ഞാനായിരിക്കാനാണ്  പ്രേരിപ്പിക്കുകയാണ്. മോഡലിങ്ങിലും സജീവമാണ് ഇന്ദുജ. തടികൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളില്ല. കൃത്യമായി വ്യായാമം ചെയ്യുന്നു. എന്തു വസ്ത്രം ധരിക്കണം, എന്ത് കഴിക്കണമെന്നതൊക്കെ എന്റ തീരുമാനങ്ങളാണ്. ഞാനെന്നെ അത്രമാത്രം സ്നേഹിക്കുന്നുണ്ട്. ഇരുമ്പനം സ്വദേശിയായ പരേതനായ പ്രകാശിന്റെയും ഗീതയുടേയും മകളാണ്.

Content Highlights: say no to body shaming, new year resolution, body shaming