എണ്‍പത്തിയൊന്‍പതാം വയസ്സില്‍ ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കാണ് സരസ്വതി രാജാമണി താമസം. പക്ഷേ,  ഒറ്റപ്പെടലിന്റെ വിങ്ങലില്ല സരസ്വതിക്ക്. ഒറ്റയ്ക്ക് താമസിക്കുന്നതിന്റെ ആധിയുമില്ല.  നേതാജിയുടെ ചിത്രങ്ങള്‍ തൂക്കിയ മുറിയില്‍ പഴയ കാലത്തിന്റെ ഓര്‍മകളുണ്ട് കൂട്ട്. മനസ്സില്‍ വീര്യം ചോരാത്ത പോരാട്ടത്തിന്റെ ചൂരുള്ള ഏടുകളുമുണ്ട്. പത്താം വയസ്സില്‍ തന്നെ തോക്കേന്തിയവളാണ് സരസ്വതി. പതിനാറാം വയസ്സില്‍ ഐ.എന്‍.എയുടെ ചാരവനിതയായി ആണ്‍വേഷത്തില്‍ ബ്രിട്ടീഷ് ക്യാമ്പില്‍ കയറിപ്പറ്റി കൂട്ടുകാരിയെ രക്ഷപ്പെടുത്തിയ ചരിത്രവുമുണ്ട്. ഐ.എന്‍.എ.യുടെ ഏറ്റവും പ്രായം കുറഞ്ഞ ചാരവനിതയാണ് നേതാജിക്കുവേണ്ടി തന്റെ സ്വര്‍ണാഭരണങ്ങള്‍ സംഭാവന ചെയ്ത സരസ്വതി രാജാമണി.

1927 ല്‍ മ്യാന്‍മറിലെ (അന്നത്തെ റങ്കൂണ്‍) സമ്പന്ന കുടുംബത്തിലായിരുന്നു ജനനം. സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു അച്ഛന്‍. മകളും മോശമായിരുന്നില്ല. വീട് സന്ദര്‍ശിക്കാനെത്തിയ ഗാന്ധിജിയെ കാണാന്‍ കൂട്ടാക്കാതെ പിന്നാമ്പുറത്ത് തോക്കുമായി പരിശീലനം നടത്തിയ ചരിത്രമുണ്ട് സരസ്വതിക്ക്. ''എന്തിനാണു കുഞ്ഞേ നീ തോക്ക് ഉപയോഗിക്കുന്നതെന്ന ഗാന്ധിജിയുടെ ചോദ്യത്തിന് ബ്രിട്ടീഷുകാരെ വെടിവച്ചു വീഴ്ത്താന്‍'' എന്നായിരുന്നു കുഞ്ഞു സരസ്വതിയുടെ മറുപടി.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഗാന്ധിജിയുടെ നേതൃത്വത്തില്‍ അക്രമരഹിത സമരമുറകളുമായി ഒരു വിഭാഗം മുന്നോട്ടു നീങ്ങിയപ്പോള്‍ ബ്രിട്ടനെ കീഴടക്കാന്‍ ആയുധമേന്തണമെന്ന വാദഗതിക്കാരനായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്. ഗാന്ധിജിയുടെതിനേക്കാളേറെ നേതാജിയുടെ ആശയങ്ങളോടായിരുന്നു സരസ്വതിക്കു താല്‍പര്യം. അങ്ങനെ പതിനാറാം വയസില്‍ ഐ.എന്‍.എയില്‍ ചേര്‍ന്നു. പിന്നീട് ചാരവനിതയായി. ചാരപ്രവൃത്തിക്ക്  നാലു പെണ്‍സുഹൃത്തുക്കളുമുണ്ടായിരുന്നു കൂട്ട്. ആണ്‍കുട്ടികളുടെ വേഷത്തിലായിരുന്നു ഇവര്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്യാമ്പില്‍ കയറിപ്പറ്റിയത്. ഓഫീസര്‍മാരുടെ സംസാരം ശ്രദ്ധിക്കുകയും അവശ്യവിവരങ്ങള്‍ ഐ.എന്‍.എയ്ക്കു കൈമാറുകയും ചെയ്യുകയായിരുന്നു ദൗത്യം.

ഒരിക്കല്‍ സംഘാംഗങ്ങളിലൊരാള്‍ പിടിയിലായി. സുഹൃത്തിനെ രക്ഷിക്കാന്‍ നര്‍ത്തകിയുടെ വേഷത്തില്‍ സരസ്വതി ക്യാമ്പിലെത്തി. ഓഫീസറെ മരുന്നു നല്‍കി മയക്കിയ ശേഷം കൂട്ടുകാരിയെ രക്ഷപ്പെടുത്തി. എന്നാല്‍ രക്ഷപ്പെട്ട് ഓടുന്നതിനിടെ സരസ്വതിക്ക് കാലില്‍ വെടിയേറ്റു. തിരികെ ക്യാമ്പിലെത്തിയ സരസ്വതിയ കാത്തിരുന്നത് ജാന്‍സി റാണി റെജിമെന്റിലെ ലെഫ്റ്റനന്റ് പദവിയായിരുന്നു. ഒപ്പം അഭിനന്ദനം അര്‍ഹിച്ചു കൊണ്ടുള്ള നേതാജിയുടെ കത്തും.  വലതുകാലിലെ കാലില്‍ മുടന്തായി ഇന്നും ആ രക്ഷപ്പെടലിന്റെ ഓര്‍മ അവശേഷിക്കുന്നു. 

1945 ഓടെ സരസ്വതി ഐ.എന്‍.എയില്‍നിന്നു പുറത്തെത്തി. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം സരസ്വതിയും മാതാപിതാക്കളും ഇന്ത്യയിലെത്തി. സ്വാതന്ത്യസമര സേനാനിയെന്ന മേല്‍വിലാസത്തിന് അവര്‍ക്കു കാത്തിരിക്കേണ്ടി വന്നത് 25 വര്‍ഷമാണ്. ഇന്ന് ചെന്നൈയിലെ അപ്പാര്‍ട്‌മെന്റില്‍ സമരത്തിന്റെ സംഘര്‍ഷഭരിതമായൊരു ഭൂതകാലത്തിന്റെ ഓര്‍മകള്‍ക്കൊപ്പം ജീവിക്കുകയാണ് സരസ്വതി.

ഫോട്ടോ: ഓണ്‍ലൈന്‍ ഇന്‍സ്റ്റഗ്രാം.- കോം.