ലോകമെങ്ങും കോവിഡിനെ തുരത്താനുള്ള പോരാട്ടത്തിലാണ്. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും കോവിഡിനെതിരെയുള്ള വാക്സിനേഷനും ആരംഭിച്ചുകഴിഞ്ഞു. വാക്സിനുകൾ വന്നുതുടങ്ങിയെങ്കിലും ജാ​ഗ്രത കൈവിടേണ്ട സമയവും ആയില്ലെന്ന് വിദ​ഗ്ധരും പറയുന്നുണ്ട്. സെലിബ്രിറ്റികളും സാധാരണക്കാരും ഉൾപ്പെടെ നിരവധിപേർ തങ്ങളുടെ കോവിഡ്കാല അനുഭവങ്ങൾ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ടെന്നീസ് താരം സാനിയ മിർസയും കോവിഡിനെതിരെ പോരാടിയ കഥ പങ്കുവച്ചിരിക്കുകയാണ്. 

ഈ വർഷം ആദ്യമാണ് തനിക്ക് കോവിഡ് ബാധിച്ചതെന്ന് സാനിയ പറയുന്നു. കാര്യമായ ലക്ഷണങ്ങൾ ഇല്ലായിരുന്നെന്നും ഇപ്പോൾ താൻ പൂർണമായും കോവിഡിനെ അതിജീവിച്ചെന്നും താരം പറയുന്നു. കോവിഡിനേക്കാൾ മകനെപ്പോലും കാണാതെയുള്ള ഏകാന്തവാസമാണ് തനിക്ക് പരീക്ഷണമായതെന്ന് സാനിയ പറയുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സാനിയ മനസ്സുതുറക്കുന്നത്.

ഇപ്പോൾ പൂർണമായും സുഖം പ്രാപിച്ച താൻ അനുഭവം പങ്കുവെക്കാമെന്ന് കരുതുകയാണെന്ന് പറഞ്ഞാണ് സാനിയ കുറിച്ചിരിക്കുന്നത്. കോവിഡിന്റെ ലക്ഷണങ്ങളിൽ ഭൂരിഭാ​ഗവും ഉണ്ടായില്ല എന്നതിൽ താൻ ഭാ​ഗ്യം ചെയ്തിരുന്നു. പക്ഷേ ഏറ്റവും കഠിനമായ ഘട്ടം എന്നത് രണ്ടുവയസ്സുകാരനായ മകനിൽ നിന്നും കുടുംബത്തിൽ നിന്നും പിരിഞ്ഞിരിക്കണം എന്നതായിരുന്നു. ആശുപത്രിയിൽ അസുഖവുമായി തനിച്ചു കഴിയുന്നവരും അവരുടെ വീട്ടുകാരും ഏതിലൂടെയെല്ലാമാണ് കടന്നുപോവുക എന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ചുറ്റുംപലവിധത്തിലുള്ള കഥകളും കാര്യങ്ങളും കേൾക്കുമ്പോൾ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നു പോലും ഉറപ്പില്ലാത്തത് വളരെ ഭയാനകമായിരുന്നു. അവരെ ഇനി എന്ന് വീണ്ടും കാണും എന്നറിയാതിരിക്കുന്നതാണ് ഏറ്റവും ഭയപ്പെടുത്തിയത്- സാനിയ പറയുന്നു.

ഓരോ ദിവസവും പുതിയ ലക്ഷണങ്ങൾ കാണും, അതിന്റെ അനിശ്ചിതാവസ്ഥ കൈകാര്യം ചെയ്യാവുന്നതിലും അപ്പുറമാണ്, അത് ശാരീരികമായി മാത്രമല്ല മാനസികമായും വൈകാരികമായും. ഈ വൈറസ് തമാശയല്ല, എന്നെക്കൊണ്ട് കഴിയാവുന്ന എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു, എന്നിട്ടും വൈറസ് ബാധിച്ചു. നമ്മുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സംരക്ഷിക്കാൻ കഴിയുന്ന എല്ലാകാര്യങ്ങളും ചെയ്യണം. മാസ്ക് ധരിക്കൂ, കൈകൾ കഴുകൂ, നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കൂ. - സാനിയ കുറിച്ചു.

Content Highlights: Sania Mirza reveals she contracted Covid-19 but recovered