കൊറോണക്കാലമായാലും അതിനു മുമ്പായാലും ടെന്നീസ് താരം സാനിയ മിർസയ്ക്ക് ഫിറ്റ്നസ് വിട്ടൊരു കളിയില്ല. പ്രസവശേഷമുണ്ടായ വണ്ണത്തെ വർക്കൗട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കുറച്ചുവന്നതെന്ന് സാനിയ പറഞ്ഞിട്ടുണ്ട്. വ്യായാമം ഒരുദിവസം പോലും മുടക്കാത്ത സാനിയയുടെ പുതിയൊരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഹാൻഡ്സ്റ്റാൻഡ് ചെയ്തുനിൽക്കുന്ന താരത്തിന്റെ ചിത്രമാണത്.
താനെപ്പോഴും ചെയ്യാനാഗ്രഹിച്ചിരുന്ന യോഗാ പോസ് ആണിതെന്നും ഭയം മൂലം ചെയ്യാതിരിക്കുകയായിരുന്നുവെന്നും സാനിയ പറയുന്നു. ജീവിതത്തിൽ എപ്പോഴും ഹാൻഡ്സ്റ്റാൻഡ് ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു, പക്ഷേ മറ്റെന്തിനേക്കാളും ഭയമായിരുന്നു. ലോക്ഡൗണ്‍ കാലത്താണ് ഞാൻ യോഗയിലേക്കു തിരിഞ്ഞത്. ഉത്കണഠ്(അകാരണമായി)യിൽ നിന്നു മുക്തമായി ശാന്തമാകാനും മെയ് വഴക്കത്തിനും ശ്വാസോഛ്വാസം നിയന്ത്രിക്കാനും ക്ഷമയ്ക്കുമൊക്കെ അതെന്നെ സഹായിച്ചു. സഹായത്തോടെ ഹാൻഡ്സ്റ്റാൻഡ് ചെയ്ത രണ്ടാമത്തെ ശ്രമമാണിത്. - സാനിയ കുറിച്ചു.
ഹാൻഡ്സ്റ്റാൻഡ് സാധ്യമാക്കിത്തന്നതിനും അതിലെ ടെക്നിക്കുകൾ പറഞ്ഞുതന്നതിനും ട്രെയിനർക്ക് നന്ദി പറയുന്നുമുണ്ട് സാനിയ. കയ്യിൽ ബലം കൊടുത്ത് കാൽ മുകളിലേക്ക് തലകീഴായി നിൽക്കുന്ന രീതിയാണിത്. പുറകിൽ വാതിലിൽ താങ്ങ് കൊടുത്ത് ശരീരഭാരം ബാലൻസ് ചെയ്താണ് സാനിയ ഹാൻഡ്സ്റ്റാൻഡ് ചെയ്തിരിക്കുന്നത്.
സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് സാനിയയുടെ ചിത്രത്തിനു കീഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. തലകീഴായി കിടക്കുമ്പോൾ കൂടുതൽ നന്നായിട്ടുണ്ട് എന്നാണ് ബോളിവുഡ് താരം നേഹ ധൂപിയ കമന്റ് ചെയ്തത്.
പ്രസവത്തോടെ 23 കിലോ കൂടിയ താരം കഠിനാധ്വാനത്തിലൂടെയാണ് നാലുമാസത്തിനുള്ളിൽ 26കിലോ കുറച്ചതെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. കുഞ്ഞിനൊപ്പമുള്ള ഉറക്കമില്ലാത്ത രാത്രിക്ക് ശേഷമുള്ള ക്ഷീണത്തിനു പിന്നാലെയാണ് ജിമ്മിൽ പോയി വർക്കൗട്ട് ചെയ്തിരുന്നത്. മാറണമെന്ന് ഒരുതവണ വിചാരിച്ചാൽ പിന്നെ മറ്റൊന്നിനും നിങ്ങളെ പുറകിലോട്ട് വലിക്കാൻ സാധിക്കില്ലെന്നും സാനിയ പറഞ്ഞിരുന്നു.
Content Highlights: Sania Mirza pulls off handstand in new post