സമീറാ അഹമ്മദ് ജനിച്ച 1968-ല്‍ ആണ് ബ്രിട്ടനിലെ ഡെയ്ഗന്‍ഹാം ഫോര്‍ഡ് കാര്‍നിര്‍മാണ ഫാക്ടറിയിലെ സ്ത്രീത്തൊഴിലാളികള്‍ തുല്യജോലിക്കു തുല്യവേതനം വേണമെന്നാവശ്യപ്പെട്ട് പണിമുടക്കാരംഭിച്ചത്. 17 വര്‍ഷം നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ ജോലിസ്ഥലങ്ങളിലെ സ്ത്രീ-പുരുഷ വിവേചനമവസാനിപ്പിച്ചുകൊണ്ട് ബ്രിട്ടന്‍ തുല്യവേതന നിയമം കൊണ്ടുവന്നു.
എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷം ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് ചാനലിലെ (ബി.ബി.സി.) പ്രശസ്തരായ വാര്‍ത്താ അവതാരകരിലൊരാളായിരിക്കെ സ്ത്രീയായതിന്റെപേരില്‍ താനനുഭവിച്ചുകൊണ്ടിരുന്ന വിവേചനം സമീറയും തിരിച്ചറിഞ്ഞു. 'ന്യൂസ്വാച്ച്' എന്ന പരിപാടി അവതരിപ്പിക്കുന്ന സമീറയ്ക്ക് എപ്പിസോഡിനു 440 പൗണ്ട് (40,000 രൂപ) നല്‍കിയിരുന്നപ്പോള്‍ സമാനമായ മറ്റൊരു പരിപാടിയായ 'പോയന്റ്‌സ് ഓഫ് വ്യൂ' അവതരിപ്പിച്ചിരുന്ന ജെറമി വൈന്‍ എന്ന അവതാരകന് ബി.ബി.സി. നല്‍കിയിരുന്നത് 3000 പൗണ്ടായിരുന്നു (രണ്ടു ലക്ഷം രൂപ). സമീറയുടെ പ്രതിഫലത്തിന്റെ ആറിരട്ടിയോളം.
2012-ല്‍ അവതാരകരുടെയും മറ്റും പ്രതിഫലം വെളിപ്പെടുത്തിക്കൊണ്ട് ബി.ബി.സി. പുറത്തുവിട്ട പട്ടികയാണ് ഈ വിവചേനം സമീറയ്ക്കു ബോധ്യപ്പെടുത്തിയത്. ബി.ബി.സി. പോലൊരു സ്ഥാപനം ജീവനക്കാരോടു കാണിക്കുന്ന വിവേചനം പുറംലോകത്തോട് വിളിച്ചുപറഞ്ഞ സമീറ തന്റെ തൊഴിലുടമയായ ബി.ബി.സി.യുമായി നിയമപോരാട്ടമാരംഭിച്ചു. വിവേചനം കാണിച്ച ബി.ബി.സി. ആറുകോടിയോളം രൂപ തനിക്കു നഷ്ടം വരുത്തിയെന്നാണ് സമീറ വാദിച്ചത്. ബ്രിട്ടനിലെ പത്രപ്രവര്‍ത്തകരുടെ സംഘടനയും സമീറയോടൊപ്പംനിന്നു.
ജെറമി വൈനിന്റെ താരമൂല്യവും പ്രത്യേക കഴിവുകളുമൊക്കെയാണ് കൂടുതല്‍ ശമ്പളം നല്‍കാന്‍ കാരണമെന്ന് ബി.ബി.സി. അവകാശപ്പെട്ടെങ്കിലും സമീറയ്ക്കുള്ളതിനെക്കാള്‍ മികച്ച എന്തുകഴിവാണ് വൈനിനുള്ളതെന്ന് തെളിയിക്കാന്‍ ബി.ബി.സി.ക്കായില്ല. അതോടെ സ്ത്രീ-പുരുഷ വിവേചനംതന്നെയാണ് ബി.ബി.സി. ചെയ്തതെന്ന് നിരീക്ഷിച്ച കോടതി സമീറയ്ക്കനുകൂലമായി വിധി പറയുകയായിരുന്നു.
Content Highlights: Samira Ahmed, gender equality, inspiring women, bbc