ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് നിരന്തരം പങ്കുവെക്കാറുള്ള താരമാണ് നടി സമീറ റെഡ്ഡി. പ്രസവാനന്തരം ശരീരത്തിനു വന്ന മാറ്റങ്ങളെക്കുറിച്ചും അവയെ താൻ സന്തോഷത്തോടെ പുൽകുന്നതിനെക്കുറിച്ചുമൊക്കെ താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ വെള്ളമുടിയിഴകളെക്കുറിച്ചും അവ കറുപ്പിക്കാൻ അച്ഛൻ പറഞ്ഞപ്പോൾ താൻ നൽകിയ മറുപടിയുമൊക്കെ പങ്കുവെക്കുകയാണ് സമീറ. 

എന്തുകൊണ്ടാണ് താൻ വെള്ളമുടി കറുപ്പിക്കാത്തത് എന്നായിരുന്നു അച്ഛന്റെ ചോദ്യമെന്ന് സമീറ. ആളുകൾ തന്നെ വിലയിരുത്തില്ലേ എന്നായിരുന്നു അച്ഛന്റെ ഭയം. അവർ അങ്ങനെ വിലയിരുത്തിയാൽ തന്നെ പ്രശ്നമില്ലെന്നും ഇനിയും താൻ മുമ്പത്തെപ്പോലെ ലുക്കിനെക്കുറിച്ചോർത്ത് ആധിയാവാനില്ലെന്നുമാണ് സമീറ മറുപടി നൽകിയത്. മുമ്പ് താൻ രണ്ടാഴ്ച കൂടുമ്പോഴും മുടി കളർ ചെയ്യുമായിരുന്നു, അപ്പോൾ ആർക്കും ആ വെള്ളമുടിയിഴകളെ കണ്ടുപിടിക്കാനാകുമായിരുന്നില്ല. ഇപ്പോൾ തനിക്ക് എപ്പോൾ കളർ ചെയ്യണമെന്ന് തോന്നുന്നോ അപ്പോൾ മാത്രമേ ചെയ്യാറുള്ളെന്നും താരം പറയുന്നു. 

പഴയ ചിന്താപ്രക്രിയകളെ തകർത്തെറിഞ്ഞാൽ മാത്രമേ ഈ മാറ്റം സാധ്യമാകൂ എന്നും സമീറ പറയുന്നു. ഒരച്ഛൻ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ആശങ്ക തനിക്ക് മനസ്സിലാകും. ജീവിതത്തിൽ ഇത്തരത്തിലെടുക്കുന്ന ചെറിയ ചുവടുകളാണ് നമ്മെ വലിയ തലങ്ങളിലേക്ക് എത്തിക്കുക എന്നും സമീര കുറിക്കുന്നു. ഇംപെർഫെക്റ്റ്ലി പെർഫെക്റ്റ് എന്ന ഹാഷ്ടാ​ഗോടെയാണ് സമീറ കുറിച്ചിരിക്കുന്നത്. നരച്ച മുടിയിഴകളുള്ള ചിത്രങ്ങളും സമീറ പങ്കുവെച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസവും സമീറ സമാനമായൊരു കുറിപ്പ് പങ്കുവെച്ചിരുന്നു. മുമ്പത്തെ ശരീരമായോ ലുക്കുമായോ താരതമ്യം ചെയ്ത് നിരാശപ്പെടരുത് എന്ന സന്ദേശമാണ് സമീറ പങ്കുവച്ചത്. വർഷങ്ങൾക്കു മുമ്പ് റാംപിൽ നടക്കുന്ന ചിത്രവും ഇപ്പോഴത്തേതും വച്ചാണ് സമീറ കുറിച്ചത്. മുമ്പ് എന്തായിരുന്നോ എന്നതിൽ കുടുങ്ങിക്കിടക്കുന്നതിന് പകരം പുനർനിർവചിക്കുന്നതാണ് ശരീരത്തോടും ആത്മാവിനോടും ചെയ്യാൻ കഴിയുന്ന ആരോ​ഗ്യകരമായ കാര്യമെന്നു പറഞ്ഞ സമീറ പിറകോട്ട് നോക്കാതെ മുന്നോട്ടൂ പോകൂ എന്നും പറഞ്ഞിരുന്നു.