ബോഡി പോസിറ്റിവിറ്റി പകരുന്ന ആശയങ്ങൾ നിരന്തരം പങ്കുവെക്കാറുള്ള താരമാണ് നടി സമീര റെഡ്ഡി. പ്രസവാനന്തരം ശരീരത്തിനുണ്ടായ മാനസിക ശാരീരിക മാറ്റങ്ങളെക്കുറിച്ച് സമീര പങ്കുവെച്ച കുറിപ്പുകളും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും അത്തരമൊരു സന്ദേശം പകരുന്ന കുറിപ്പുമായെത്തിയിരിക്കുകയാണ് സമീര. 

നിങ്ങളുടെ ശരീരം എപ്രകാരമാണോ അതിൽ ആർക്കും വിശദീകരണം നൽകേണ്ടതില്ലെന്നു പറയുകയാണ് സമീര. നിങ്ങളുടെ ശരീരം എന്തുകൊണ്ടാണ് പ്രത്യേകരീതിയിൽ ഇരിക്കുന്നത് എന്നതിന് കാരണമോ ന്യായമോ നൽകേണ്ടതില്ല. വണ്ണം വച്ചത് പ്രസവാനന്തരമാണെന്ന 'ന്യായം' ഞാൻ പറയുന്നുണ്ടെന്ന് പലരും പറയുന്നതു കേട്ടു. പക്ഷേ ഞാൻ അതിനെതിരാണ്. വണ്ണത്തിലുള്ള മാറ്റങ്ങൾ ആർക്കും ഏതുഘട്ടത്തിലും വരാം- സമീര കുറിക്കുന്നു. 

അമ്മയാവുന്നതിന് മുമ്പും പലതവണ തനിക്ക് വണ്ണം കൂടിയിട്ടുണ്ടെന്നും സമീര പറയുന്നു. മെലിഞ്ഞിരിക്കുന്നതിനേക്കാൾ ആരോ​ഗ്യപ്രദമായ ശരീരമാണ് പ്രധാനം എന്ന് മനസ്സിലാക്കിയെന്നും സമീര പറയുന്നു. 

അടുത്തിടെയും സമാനമായൊരു കുറിപ്പ് സമീര പങ്കുവച്ചിരുന്നു. മുമ്പത്തെ ശരീരമായോ ലുക്കുമായോ താരതമ്യം ചെയ്ത് നിരാശപ്പെടരുത് എന്നാണ് താരം അന്നു കുറിച്ചത്. വർഷങ്ങൾക്കു മുമ്പ് റാംപിൽ നടക്കുന്ന ചിത്രവും ഇപ്പോഴത്തേതും ചേർത്തുവച്ചാണ് സമീര കുറിച്ചത്. മുമ്പ് എന്തായിരുന്നോ എന്നതിൽ കുടുങ്ങിക്കിടക്കുന്നതിന് പകരം പുനർനിർവചിക്കുന്നതാണ് ശരീരത്തോടും ആത്മാവിനോടും ചെയ്യാൻ കഴിയുന്ന ആരോ​ഗ്യകരമായ കാര്യമെന്നാണ് സമീര പറഞ്ഞത്.

Content Highlights: sameera reddy body positivity post