ടി സമീറ റെഡ്ഡി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ബോഡി പോസിറ്റിവിറ്റിയെ പറ്റിയാണ്. മാത്രമല്ല അമ്മമാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ പറ്റിയും സ്ത്രീശരീരത്തെ പറ്റിയുമെല്ലാം ധാരാളം തുറന്നുപറച്ചിലുകളും താരം നടത്താറുണ്ട്. രണ്ട് മക്കളെ വളര്‍ത്തേണ്ടി വരുമ്പോള്‍ താന്‍ നേരിടുന്ന പ്രതിസന്ധികള്‍, മാനസികമായുള്ള തയ്യാറെടുപ്പുകള്‍, സ്ത്രീശരീരത്തില്‍ ഗര്‍ഭിണിയാകുമ്പോഴും അമ്മയാകുമ്പോഴും വരുന്ന മാറ്റങ്ങള്‍... ഇങ്ങനെ താരപദവിയുടെ വെള്ളിവെളിച്ചത്തിലുള്ളവയല്ലാത്ത ഒരുപാട് കാര്യങ്ങള്‍ സമീറ പങ്കുവയ്ക്കാറുണ്ട്. ഏറ്റവും പുതിയ പോസ്റ്റില്‍ താന്‍ ഗര്‍ഭിണിയായിരുന്നകാലം ആസ്വദിച്ചിരുന്നു എന്ന് പറയുകയാണ് താരം.

'പ്രസവകാലം വരെയുള്ള സമയം ഞാന്‍ എത്ര ആസ്വദിച്ചിരുന്നെന്നോ, ബിഗ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന അവസ്ഥയായിരുന്നു അത്. നൈറ ജനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് എനിക്ക് ഈ പരസ്യത്തിന്റെ ഷൂട്ട് ഉണ്ടായിരുന്നത്. നിറവയറിലും ഇത്രയും ഊര്‍ജം തോന്നിയ മറ്റൊരു ദിവസം എനിക്ക് ഉണ്ടായിട്ടില്ല.' സമീറ കുറിക്കുന്നു.

ഗര്‍ഭിണികളായ സ്ത്രീകള്‍ക്കുള്ള ഒരു സന്ദേശവും ഒപ്പം താരം കുറിക്കുന്നുണ്ട്. 'ശരീരത്തിന് പലതരം മാറ്റങ്ങളും ഹോര്‍മോണ്‍ വ്യതിയാനങ്ങളും വരുന്ന എല്ലാ ഗര്‍ഭിണികളായ അമ്മമാരോടുമാണ് എനിക്ക് പറയാനുള്ളത്, ഇത് നിങ്ങളുടെ ജീവിതത്തിലെ മനോഹരമായ ദിവസങ്ങളാണ്, ആസ്വദിക്കാന്‍ ശ്രമിക്കൂ...' 

Content Highlights: Sameera Reddy asks expectant mothers to enjoy the journey