പെരുമാറ്റം മോശമെന്ന് ആരോപിച്ച് സ്വവര്‍ഗ പങ്കാളികളെ ഹോട്ടലില്‍ നിന്ന് പുറത്താക്കി. ജൂലൈ 28-ാം തിയതി ചെന്നൈയിലായിരുന്നു സംഭവം. രസിക ഗോപാലകൃഷ്ണന്‍ ശിവാങ്കി സിങ് എന്ന രണ്ട് പെണ്‍കുട്ടികളെയാണ് മറ്റ്  അതിഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന കാരണത്താല്‍ ഹോട്ടലില്‍ നിന്ന് പുറത്താക്കിയത്. ഇരുവരും ചേര്‍ന്ന് ചെന്നൈയിലെ ഒരു ബാറിലെത്തുകയും ഡാന്‍സ് ചെയ്യുകയുമായിരുന്നു. ഡാന്‍സ് ചെയ്യുന്ന സമയം തങ്ങളെ നാലഞ്ചു പുരുഷന്മാര്‍ ചേര്‍ന്ന് സൂഷ്മമായി നിരീക്ഷിച്ചു കൊണ്ടിരുന്നു എന്ന് ഇരുവരും പറയുന്നു. ഇത് തങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കി. ഒരേ ലിംഗത്തില്‍ പെട്ട രണ്ടുപേര്‍ ഒരുമിച്ച് നൃത്തം ചെയ്യുന്നതില്‍ ഇവര്‍ എന്തിന് ഇത്രയും അസ്വസ്ഥതപ്പെടുന്നതെന്ന് ഇവരുവരും ചോദിക്കുന്നു. 

നൃത്തത്തിനുശേഷം രണ്ടുപേരും വാഷ്‌റൂമിലേയ്ക്ക് പോയി. എന്നാല്‍ അല്‍പ്പസമയത്തിനു ശേഷം വാതിലില്‍ ആരോ തട്ടിവിളിക്കുന്നത് കേട്ട് വാതില്‍ തുറന്ന ശിവാങ്കിയും രസികയും കണ്ടത് നാല് പുരുഷ ജീവനക്കാരേയും ഒരു സ്ത്രീ ജീവനക്കാരിയേയുമാണ്. ശിവാങ്കിയും രസികയും വാഷ്‌റൂമില്‍ മറ്റെന്തോ ചെയ്യുകയാണെന്ന് ഹോട്ടലിലെ മറ്റ് അതിഥികള്‍ പറഞ്ഞു എന്നും അതു പരിേശാധിക്കാന്‍ എത്തിയതാണ് തങ്ങളെന്നും ജീവനക്കാര്‍ ഇരുവരേയും അറിയിച്ചു. എന്നാല്‍ തങ്ങള്‍ ഇരുവരും അത്തരത്തില്‍ ഒന്നും ചെയ്തിട്ടില്ല എന്ന് ഇവര്‍ ഫെയ്​സ്ബുക്കിൽ കുറിക്കുന്നു. 

ഇരുവരുടെയും പെരുമാറ്റം മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതിനാല്‍ പുറത്തുപോകണമെന്നും ഹോട്ടല്‍ മാനേജര്‍ ഇരുവരോടും ആവശ്യപ്പെട്ടു. അതിഥികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തില്‍ സ്‌റ്റേജില്‍ കയറി ചുംബിക്കുകയും ലൈംഗീക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തു എന്നാണ് ഹോട്ടല്‍ മാനേജര്‍ പറഞ്ഞത്. ഇതു സംബന്ധിച്ച് ദൃശ്യങ്ങള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നും മാനേജര്‍ ഇരുവരുരോടും പറഞ്ഞു.

ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ കാണിക്കാന്‍ ഇരുവരും മാനേജരോട് ആവശ്യപ്പെട്ടു എങ്കിലും അതിന്റെ ആവശ്യം ഇല്ലെന്നും നിങ്ങള്‍ പുറത്തുപോകണമെന്നും ഇയാള്‍ പറഞ്ഞതായി ശിവാനി ഫെയ്​സ്ബുക്കിൽ കുറിക്കുന്നു. ഡാന്‍സ് ഫ്ലോറിൽ ആളുകള്‍ അടുത്തു പെരുമാറുന്നത് സ്വഭാവിമാണെന്ന് ഇരുവരും വ്യക്തമാക്കുന്നു. എന്നാല്‍ ഹോട്ടലില്‍ മോശമായി പെരുമാറുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കു എന്നത് സ്വഭാവികമായ കാര്യമാണെന്ന് ഹോട്ടല്‍ മാനേജര്‍ സംഭവത്തെക്കുറിച്ച് വാര്‍ത്ത് ഏജന്‍സിയോടു പറഞ്ഞു.

Content Highlights: Same Sex Couple Thrown Out Of Chennai Club