മാനസികാരോ​ഗ്യത്തെക്കുറിച്ചും ഇപ്പോഴും അധികം തുറന്നുപറച്ചിലുകൾ നടത്താൻ മടിയുള്ള സമൂഹമാണ് നമ്മുടേത്. വിഷാദ അവസ്ഥകളെക്കുറിച്ച് തുറന്നു പറയാൻ മടിക്കരുതെന്നും മാനസികസൗഖ്യത്തിന് കൗൺസിലിങ് ഉൾപ്പെടെയുള്ളവ സഹായിക്കുന്നത് എങ്ങനെയെന്നും പറയുകയാണ് തെന്നിന്ത്യൻ താരം സാമന്ത റൂത് പ്രഭു. 

ജനുവരി ഒമ്പതിന് നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവേയാണ് സാമന്ത ഇക്കാര്യങ്ങൾ പറഞ്ഞത്. അവനവന്റെ നിരാശകളെക്കുറിച്ചും വിഷാദത്തെക്കുറിച്ചും തുറന്നു പറയുന്നത് സാധാരണമാവേണ്ട കാലമായി. കഠിനമായ സമയത്തിലൂടെ കടന്നുപോവുമ്പോൾ സുഹൃത്തുക്കളിൽ നിന്നും കൗൺസിലർമാരിൽ നിന്നും സഹായം അഭ്യർഥിക്കുന്നതിൽ മടിക്കേണ്ട കാര്യമില്ലെന്നും സാമന്ത പറയുന്നു. 

മാനസികമായി അസ്വസ്ഥപ്പെട്ടിരിക്കുമ്പോൾ സഹായം തേടുന്നതിൽ മടികാണിക്കേണ്ടതില്ല. സുഹൃത്തുക്കളുടെയും കൗൺസിലർമാരുടെയുമൊക്കെ സഹായം കൊണ്ടാണ് എന്റെ മാനസികാരോ​ഗ്യ പ്രശ്നങ്ങളെ അതിജീവിക്കാൻ കഴിഞ്ഞത്. ശരീരത്തിന് പരിക്കുകൾ പറ്റി ഡോക്ടറെ കാണിക്കുന്നതു പോലെ തന്നെ ഹൃദയം വേദനിക്കുമ്പോഴും ഡോക്ടറെ കാണാൻ കഴിയണം- സാമന്ത പറഞ്ഞു.

ജീവിതത്തിന്റെ അടുത്ത ഘട്ടത്തിൽ താൻ വിജയം വരിച്ചിട്ടുണ്ടെങ്കിൽ അത് താൻ കരുത്തയായതുകൊണ്ടു മാത്രമല്ല ചുറ്റുമുള്ള ആളുകളുടെ പിന്തുണ കൊണ്ടുകൂടിയാണ് എന്നും സാമന്ത പറയുന്നു. 

ജീവിതത്തിലെ മോശം അനുഭവങ്ങളെ സ്വീകരിച്ച് അതിനെ മനസ്സിലാക്കി മുന്നോട്ടു പോയാൽ പാതിപ്രശ്നങ്ങൾ ഒഴിവാകുമെന്ന് അടുത്തിടെ സാമന്ത പറഞ്ഞിരുന്നു. ഇനിയും ജീവിതമുണ്ടെന്ന തിരിച്ചറിവോടെ കഴിഞ്ഞതിനെ ഉൾക്കൊണ്ട് നീങ്ങുകയാണ് വേണ്ടതെന്നും സാമന്ത പറഞ്ഞിരുന്നു. 

നാ​ഗ ചൈതന്യയുമായുള്ള വിവാഹമോചനം തന്നെ തകർത്തു കളയുമോ എന്ന് ഭയന്നിരുന്നുവെന്നും സാമന്ത ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. താനെത്ര കരുത്തയാണെന്ന് തിരിച്ചറിഞ്ഞ് അത്ഭുതപ്പെട്ടു. സ്വയം ദുർബലയായ വ്യക്തിയാണ് എന്നാണ് കരുതിയിരുന്നത്. ഈ വിവാഹമോചനത്തോടെ തകരുകയോ മരിച്ചുപോവുകയോ ചെയ്യുമെന്ന് കരുതി. ഇന്ന് താനെത്ര കരുത്തയാണ് എന്നോർത്ത് അഭിമാനിക്കുകയാണ്- സാമന്ത പറഞ്ഞു.

മെഡിറ്റേഷനാണ് തന്നെ കരകയറ്റിയതെന്നും സാമന്ത നേരത്തേ പറഞ്ഞിരുന്നു. തന്നിലെ ചില കാര്യങ്ങൾ എന്നെന്നേക്കുമായി മാറി. ദൈവമാണ് മുന്നോട്ടു പോകാനുള്ള കരുത്ത് പകർന്നത്. ലോക്ക്ഡൗൺ കാലത്ത് മെഡിറ്റേഷൻ വീണ്ടും ആരംഭിച്ചുവെന്നും സാമന്ത പറഞ്ഞു. 

Content Highlights: samantha ruth prabhu on mental health, samantha ruth prabhu divorce, naga chaitanya