പെൺകുട്ടികൾക്ക് പതിനെട്ടു കഴിയുന്ന കാലം മുതൽ‌ വിവാഹപ്രായമായി എന്നു കരുതുന്നവർ ഇന്നുമുണ്ട്. വിവാഹത്തേക്കാൾ വിദ്യാഭ്യാസമാണ് പ്രധാനം എന്ന് ഈ കാലത്തും തിരിച്ചറിയാത്തവർ. അത്തരക്കാർക്ക് ശക്തമായൊരു സന്ദേശം പങ്കുവെക്കുകയാണ് ചലച്ചിത്ര താരം സാമന്ത. പെൺകുട്ടികൾ വിദ്യാസമ്പന്നരാകേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചാണ് സാമന്ത പങ്കുവെക്കുന്നത്. 

താരം ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. പെൺമക്കളുടെ വിവാഹത്തിന് പണം സ്വരുക്കൂട്ടുന്നതിനു പകരം അതവരുടെ വിദ്യാഭ്യാസത്തിനായി വിനിയോ​ഗിക്കൂ എന്ന് പറയുകയാണ് സാമന്ത. അതിനേക്കാളെല്ലാം പ്രധാനമായി അവളെ വിവാഹത്തിന് പ്രാപ്തയാക്കുന്നതിന് പകരം അവളെ അവൾക്കു വേണ്ടി ജീവിക്കാൻ പ്രാപ്തയാക്കൂ എന്നും കുറിപ്പിലുണ്ട്. 

samantha

അവനവനെ സ്നേഹിക്കുവാനും ആത്മവിശ്വാസത്തോടെയിരിക്കാനും പെൺമക്കളെ പഠിപ്പിക്കുന്നതിനൊപ്പം വേണ്ടിടത്ത് പ്രതികരിക്കാനും പ്രാപ്തമാക്കാൻ പറയുകയാണ് സാമന്ത. 

നിരവധി പേരാണ് സാമന്തയെ പ്രശംസിച്ച് രം​ഗത്തെത്തിയത്. അടുത്തിടെ നടൻ നാ​ഗചൈതന്യയുമായി വിവാഹമോചനം നേടിയതിനു പിന്നാലെ താരം സൈബർ ആക്രമണം നേരിട്ടിരുന്നു. പിന്നാലെ ആത്മവിശ്വാസമുള്ള സ്ത്രീയായി ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരവധി സ്റ്റോറികളും ചിത്രങ്ങളും സാമന്ത പങ്കുവെച്ചിരുന്നു. 

Content Highlights: samantha Prabhu Asks Parents To Invest In Girl’s Education Than Marriage